പുതുക്കോട്ടെയിലെ രാജാവായിരുന്നു രാജാ മാർത്താണ്ഡ ഭൈരവ തൊണ്ടൈമാൻ. ബ്രിഹദാംബാൾ, കോലണ്ഡസ്വാമി എന്നിവരുടെ മകനായിരുന്നു ഭൈരവ തൊണ്ടൈമാൻ. പുതുക്കോട്ടെയിലെ രാജാവായിരുന്ന രാമചന്ദ്ര തൊണ്ടൈനാന്റെ മകളായിരുന്നു ബ്രിഹദാംബാൾ. പിന്തുടർച്ചാവകാശിയായി ഒരു മകനില്ലാത്തതിനാൽ, ചെറുപ്രായത്തിൽ തന്നെ രാമചന്ദ്ര തൊണ്ടൈമാൻ മകളുടെ മകനെ ദത്തെടുത്തു. സ്പോർട്സിൽ അതീവതത്പരനായിരുന്നു അദ്ദേഹം.
രാമചന്ദ്ര തൊണ്ടൈമാന്റെ മരണത്തോടെ, പതിനൊന്നാമത്തെ വയസ്സിൽ മാർത്താണ്ടയെ രാജാവായി വാഴിച്ചു. അദ്ദേഹത്തിന് പ്രായപൂർത്തിയാവാത്തതിനാൽ, ദിവാൻ എ.ശേഷയ്യ ശാസ്ത്രിയായിരുന്നു അന്ന് തലവൻ. 19-ാമത്തെ വയസ്സിലാണ് മദ്രാസ് ഗവർണറായിരുന്ന വെൻലോക്ക് പ്രഭു, രാജാവിന് പൂർണമായ അധികാരങ്ങൾ നൽകുന്നത്.
കുറച്ചുവർഷങ്ങൾക്കുശേഷം രാജ തൊണ്ടൈമാൻ മെൽബണിലെത്തി. അവിടെയുള്ളൊരു ഹോട്ടലിൽ താമസം തുടങ്ങി. മെൽബണിൽവെച്ച് അദ്ദേഹം തന്റെ പ്രണയത്തെ കണ്ടുമുട്ടി. എസ്മെ മേരി സോറെറ്റ് ഫിങ്ക് എന്ന സ്ത്രീ. മോളി പിങ്ക് എന്നാണവരുടെ വിളിപ്പേര്. സ്വർണ്ണത്തലമുടിയുള്ള സുന്ദരിയായ ആ പെൺകുട്ടിയോട്, ആദ്യനോട്ടത്തിൽ തന്നെ രാജാവിന് പ്രണയം തോന്നി. ഓസ്ട്രേലിയയിലെ ഹോട്ടലിൽനിന്ന്, മോളി പിങ്കിനെ സിഡ്നി വരെ രാജാവ് പിന്തുടർന്നു. മാസങ്ങൾക്കുള്ളിൽ മോളിയോട് അദ്ദേഹം വിവാഹാഭ്യർഥന നടത്തി. അവരതിന് അനുകൂലമായി പ്രതികരിച്ചു.
ഒടുവിൽ മെൽബണിലെ രജിസ്ട്രാർ ഓഫീസിൽവെച്ച് രാജാവും മോളിയും വിവാഹിതരായി. അതുകഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങി ആ ദമ്പതിമാർ. എന്നാൽ, അക്കാലത്ത് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാർ മോളിയെ മഹാറാണിയായി അംഗീകരിച്ചില്ല, ആ കല്യാണവും അവരുടെ മുന്നിൽ അസാധുവായിരുന്നു. രാജ്ഞിയെന്ന പദവിയും അവർക്ക് ലഭിച്ചില്ല.
രണ്ടുപേരും കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഓസ്ട്രേലിയയിലേക്ക് തിരികെ പോയി. അവിടെവെച്ച് മോളി ഒരു മകന് ജൻമം നൽകി, മാർത്താണ്ഡ സിഡ്നിയെന്നാണ് കുഞ്ഞിന് പേരുനൽകിയത്. ആ കുഞ്ഞിനെ രാജ്യത്തിന്റെ അടുത്ത അവകാശിയായി ഒരിക്കലും അംഗീകരിക്കില്ലെന്ന് രാജാവിന് ഏകദേശം ഉറപ്പായിരുന്നു.
അവിടുന്ന് ലണ്ടനിലേക്ക് മാറി ദമ്പതികൾ. അഞ്ചുവർഷത്തിനുശേഷം രാജാവ് എന്ന പദവി അദ്ദേഹം ഉപേക്ഷിച്ചു. സഹോദരനെ ആ സ്ഥാനത്തേക്ക് നാമനിർദേശവും ചെയ്തു. അവസാനകാലത്ത് ഫ്രാൻസിലായിരുന്നു അദ്ദേഹവും കുടുംബവും താമസിച്ചത്. മരിച്ചപ്പോഴും അദ്ദേഹത്തിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള അപേക്ഷ മോളി നൽകി. എങ്കിലും അതും നിരാകരിക്കപ്പെട്ടു. പ്രണയത്തിനായി സ്വന്തം രാജ്യവും സ്ഥാനവും ത്യജിച്ച, തൊണ്ടൈമാന്റെ കഥ ആളുകളെ ഇന്നും ആകർഷിച്ചുകൊണ്ടേയിരിക്കുന്നു.
Published: 11 Jun 2025, 03:46 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented