ഗ്ലാമറും പണവും സ്വാധീനവുമുള്ള ജീവിതമാണ് സെലിബ്രിറ്റികളുടേത്. അതുപോലൊരു ജീവിതം മിക്കവാറും ആഗ്രഹിക്കുന്നുണ്ടാകും. എന്നാല്‍ പ്രശസ്തിക്കും പത്രാസിനും മറ്റൊരു വശമുണ്ട്. നിരന്തരമായ പരസ്യവിചാരണയാണത്. ജീവിതത്തിലെ ഓരോ കാര്യവും പൊതുസമൂഹം നിരീക്ഷിച്ചുകൊണ്ടിരിക്കും. സ്വകാര്യത ആസ്വദിക്കാനാവില്ല. മറക്കാന്‍ ആഗ്രഹിക്കുന്ന പഴയകാലത്തെ അവര്‍ ഓര്‍മിപ്പിക്കുകയും ചെയ്യും. നേരിട്ടും സാമൂഹ്യമാധ്യമങ്ങളിലൂടെയും ഉള്ള ഇത്തരം വ്യക്തിഹത്യക്ക് നല്ലൊരു ഉദാഹരണമാണ് കരണ്‍ സിങ് ഗ്രോവറിന്റെ ജീവിതം.
കരണിന്റെ വ്യക്തിജീവിതവും ബന്ധങ്ങളുമാണ് ചര്‍ച്ചകളില്‍ വലിച്ചിഴക്കപ്പെടുന്നത്. ടെലിവിഷനിലൂടെയാണ് കരണ്‍ വളരുന്നത്. കരിയറിലെ രണ്ടാമത്തെ ഷോയായ 'ദില്‍ മില്‍ ഗയെ' എന്ന സീരിയലാണ് കരണിനെ ജനപ്രിയനാക്കിയത്. നായകനായ ഡോക്ടര്‍ അര്‍മാന്‍ എന്ന കഥാപാത്രം ഇന്ത്യന്‍ യുവതികളുടെ ഇഷ്ടകാമുകനായി. ഷോയും സൂപ്പര്‍ ഹിറ്റ്.
എന്നാല്‍ നിര്‍മാതാക്കളുമായുള്ള ഉരസലില്‍ കരണ്‍ ഷോ വിട്ടു. കരണ്‍ വൈകിയെത്തുന്നത് കടുത്ത സാമ്പത്തികപ്രയാസം സൃഷ്ടിക്കുന്നു എന്നായിരുന്നു പരാതി. ആറു മാസം കരണില്ലാതെ ഷോ മുന്നോട്ട് കൊണ്ടുപോയി. പക്ഷേ സീരിയലിന്റെ വ്യൂവര്‍ഷിപ്പ് കുത്തനെ ഇടിഞ്ഞു. ഞങ്ങളുടെ നായകനെ തിരികെത്തരണം എന്നായി ആരാധകര്‍. ഒടുവില്‍ നിര്‍മാതാക്കള്‍ കരണുമായി അനുനയത്തിലെത്തി. അദ്ദേഹം ഷോയില്‍ മടങ്ങിയെത്തുകയും ചെയ്തു.
കരണിന്റെ അടുത്ത സീരിയലും വന്‍ ഹിറ്റായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും റേറ്റിങ്ങുള്ള ഷോകളില്‍ ഒന്ന്. അധികം വൈകാതെ കരണ്‍ അവിടെ നിന്നും പുറത്തായി. തീരെ പ്രൊഫെഷണല്‍ അല്ലാത്ത പെരുമാറ്റം കൊണ്ട് പുറത്താക്കിയതാണെന്ന് നിര്‍മാതാക്കളും കോണ്‍ട്രാക്ട് അവസാനിച്ചതുകൊണ്ട് സ്വയം പോയതാണെന്ന് കരണും പറഞ്ഞു.

നിരവധി ഷോകളിലും കരണ്‍ പങ്കെടുത്തിട്ടുണ്ട്. ചില സീരിയലുകളില്‍ അതിഥിയുമായി. ഭ്രം, ഐ എം 24, ഹേറ്റ് സ്റ്റോറി 3, എലോണ്‍, ഫൈറ്റര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു. വിജയമായ വെബ് സീരീസുകളും കരണ്‍ ചെയ്തിട്ടുണ്ട്. കരിയറിലെ പ്രശ്‌നങ്ങളെക്കാള്‍ കരണ്‍ ചോദ്യങ്ങള്‍ നേരിടേണ്ടി വന്നത് വിവാഹങ്ങളുടെ പേരിലാണ്.
നടി ശ്രദ്ധ നിഗം ആയിരുന്നു കരണിന്റെ ആദ്യ ഭാര്യ. 2008-ല്‍ ഇരുപത്തിയാറാം വയസില്‍ ആയിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു. 'ദില്‍ മില്‍ ഗയെ' ഹിറ്റായതോടെ കരണിനു തിരക്കായി. അതിനൊപ്പം വിവാഹബന്ധവും വഷളായി. പത്തുമാസം മാത്രം ആ ബന്ധം നീണ്ടു. അടുത്ത വര്‍ഷം തന്നെ വിവാഹമോചനം.

/Getty Images
'ദില്‍ മില്‍ ഗയെ' സീരിയലില്‍ തന്റെ നായികയായ ജെന്നിഫര്‍ വിന്‍ഗറ്റ് കരണിന്റെ ഉറ്റ സുഹൃത്തായി. ആ ബന്ധം പ്രണയമായി. ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും ജനപ്രിയ ജോഡിയായിരുന്നു അവരുടേത്. ആരാധകര്‍ കാജെന്‍ എന്നാണ് വിളിച്ചിരുന്നത്. ടെലിവിഷനില്‍ റാണിയായിരുന്നു ജെന്നിഫര്‍. 2012-ല്‍ സ്വകാര്യ ചടങ്ങില്‍ അവര്‍ വിവാഹിതരായി.
ആ സ്വര്‍ഗ്ഗത്തിലും കട്ടുറുമ്പെത്തുമെന്ന് ആരും കരുതിയതല്ല. 'എലോണ്‍' സിനിമയുടെ സെറ്റില്‍ വെച്ച് കരണും നായികാ ബിപാഷ ബസുവുമായി ഉടലെടുത്ത അടുപ്പമാണ് കാജെന്‍ ബന്ധം തകര്‍ത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് കരണും ജെന്നിയും പിരിയുകയാണെന്ന് വാര്‍ത്തകള്‍ വന്നത്. രണ്ടുവര്‍ഷത്തിനൊടുവില്‍ ആ വിവാഹവും അവസാനിച്ചു. വിവാഹമോചനം എന്ന വിഷയത്തെപ്പറ്റി ജെന്നിഫര്‍ മൗനം പാലിച്ചു. ഇന്നും അവര്‍ കുറ്റപ്പെടുത്തലിന്റെ സ്വരം ഉപയോഗിച്ചിട്ടില്ല.
എലോണ്‍ സിനിമയില്‍ നായികയായിരുന്ന ബിപാഷ ബസുവുമായി കരണ്‍ 2016-ല്‍ വിവാഹിതനായി. ബോളിവുഡിന്റെ ബിപ്‌സ് അങ്ങനെ കരണിനു സ്വന്തം. ടെലിവിഷന്‍ കിങ്ങിനെ ബിപാഷയും സ്വന്തമാക്കി.
ഇടക്കാലത്ത് ഒരു ടെലിവിഷന്‍ ഷോയില്‍ അഭിനയിച്ച കരണ്‍ എപ്പിസോഡിന് 3 ലക്ഷമാണ് പ്രതിഫലം വാങ്ങിയത്. ഇന്ത്യന്‍ ടെലിവിഷനില്‍ അതൊരു റെക്കോഡാണ്. പിന്നെ കരണിനെ ടെലിവിഷനില്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഏതാനും സിനിമകള്‍ വരാനിരിക്കുന്നു.

/Getty Images
ബിപാഷയ്ക്കും മകള്‍ ദേവിക്കുമൊപ്പം സന്തോഷത്തോടെ സമയം ചിലവിടുകയാണ് കരണ്‍. പക്ഷേ ഇന്നും സോഷ്യല്‍ മീഡിയയിലൂടെ കരണ്‍ വേട്ടയാടപ്പെടുന്നുണ്ട്. 2008,2012,2016 എന്നിങ്ങനെ കരണ്‍ വിവാഹം കഴിച്ച വര്‍ഷങ്ങള്‍ വരെ ട്രോളിനു വിഷയമാണ്. ഓരോ നാല് വര്‍ഷം കൂടുമ്പോഴും കല്യാണം കഴിക്കാന്‍ ഇത് ഒളിമ്പിക്സല്ല എന്നൊക്കെയാണ് വിദ്വേഷവാക്കുകള്‍. ഇനിയും ബിപാഷയെ പിരിയാത്തതെന്തേ എന്ന് കളിയാക്കുന്നവരും കുറവല്ല. പണത്തിനുവേണ്ടി മാത്രമാണ് കരണ്‍ ബിപാഷക്കൊപ്പം തുടരുന്നത് എന്ന പറയുന്നവരുമുണ്ട്.
ആരാധകരുടെ സ്‌നേഹത്തിനും അടുപ്പത്തിനും കരണ്‍ സിങ് ഗ്രോവര്‍ എന്നും നന്ദി പ്രകടിപ്പിക്കാറുണ്ട്. പക്ഷേ തനിക്ക് നേരെ നീളുന്ന വെറുപ്പിനെയോ കുറ്റപ്പെടുത്തലിനെയോ അദ്ദേഹം വകവെക്കാറില്ല.
Content Highlights: karan singh grover slammed for relationships and divorces
Published: 25 Feb 2025, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented