നടന്‍ ജയം രവിയെന്ന രവി മോഹനും ഭാര്യ ആര്‍തിയും തമ്മില്‍ വേര്‍പിരിയല്‍ പ്രഖ്യാപനം നടത്തിയതുതൊട്ട് വിവാദങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. കാമുകിയെന്ന് കരുതപ്പെടുന്ന കെനീഷ ഫ്രാന്‍സിസിനൊപ്പം ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് രവി ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇതോടെ രവി മോഹന്‍ കുട്ടികളെ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആര്‍തി ആരോപണവുമായെത്തി. തന്റെ വിവാഹജീവിതത്തില്‍ സാമ്പത്തികവും മാനസികവുമായ ചൂഷണം നടന്നുവെന്നും അതില്‍ നിന്ന് രക്ഷിച്ച ലൈഫ്‌ലൈന്‍ ആണ് കെനീഷ തനിക്കെന്നും രവി തുറന്നുപറഞ്ഞിരിക്കുകയാണിപ്പോള്‍.
ഇന്‍സ്റ്റഗ്രാമില്‍ ഇതുസംബന്ധിച്ച വിശദമായൊരു പോസ്റ്റും പങ്കുവെച്ചു. തന്റെ വ്യക്തിജീവിതത്തെപ്പറ്റി ആളുകള്‍ ഊഹാപോഹം നടത്തുന്നത് 'ആഘാതമുണ്ടാക്കുന്നു' എന്ന് പറഞ്ഞാണ് രവി കുറിപ്പ് തുടങ്ങുന്നത്. സ്വകാര്യ ജീവിതം സത്യമോ അനുകമ്പയോ ഇല്ലാതെ വളച്ചൊടിച്ച ഗോസിപ്പുകളായി മാറുന്നത് വേദനയാണ്. എന്റെ മൗനം ഒരു ബലഹീനതയായിരുന്നില്ല - അത് അതിജീവനമായിരുന്നു. എന്നാല്‍ എന്റെ യാത്രയെപ്പറ്റിയോ മുറിവുകളെപ്പറ്റിയോ അറിയാത്തവര്‍ എന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുമ്പോള്‍, ഞാന്‍ സംസാരിക്കണം.
പടിപടിയായിട്ടാണ് കരിയര്‍ കെട്ടിപ്പടുത്തത്. ചിലര്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി വിലകുറഞ്ഞ സഹതാപം ഉപയോഗിക്കുകയാണ്. ഒരു മുതിര്‍ന്ന വ്യക്തിയെന്ന നിലയ്ക്കും വര്‍ഷങ്ങളോളം ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായ ദുരുപയോഗത്തില്‍ നിന്ന് അതിജീവിച്ചയാളെന്ന നിലയിലും വിഷമത്തോടെ പറയുന്നു, ഈ വര്‍ഷങ്ങളില്‍ എന്റെ സ്വന്തം മാതാപിതാക്കളെപ്പോലും കാണാനാവാതെ ഞാന്‍ ഒറ്റപ്പെട്ടു, എന്റെ ദാമ്പത്യം സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും അത് താങ്ങാനാവാത്ത യാഥാര്‍ഥ്യമായി. അങ്ങനെ ആ ജീവിതത്തില്‍ നിന്ന് അകന്നു പോകാന്‍ ഒടുവില്‍ എനിക്ക് ശക്തി ലഭിച്ചു. അത് ഞാന്‍ നിസ്സാരമായെടുത്ത തീരുമാനമായിരുന്നില്ല.
കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും വിവാഹമോചനത്തിന്റെ സത്യാവസ്ഥ അറിയാം. 'കെട്ടിച്ചമച്ച വാദങ്ങളെ നിഷേധിക്കുന്നു. എപ്പോഴും ചെയ്തപോലെ എന്റെ സത്യത്തില്‍ ഉറച്ചുനില്‍ക്കും - അന്തസ്സോടെ, സ്ഥിരതയോടെ, നീതിയിലുള്ള വിശ്വാസത്തോടെ.
കുട്ടികളെ കാണാന്‍ അവര്‍ അനുവദിക്കാറില്ല. എന്റെ കുട്ടികളെ സാമ്പത്തികനേട്ടത്തിനും സഹതാപതരംഗത്തിനുമായി ഉപകരണമാക്കുന്നത് കാണുമ്പോഴാണ് ഏറ്റവും വിഷമം. ഞങ്ങളുടെ വേര്‍പിരിയലിനുശേഷം എന്നെ മനഃപൂര്‍വ്വം അവരില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നു. കഴിഞ്ഞ ക്രിസ്മസിന് കോടതി നിര്‍ദ്ദേശിച്ച കൂടിക്കാഴ്ചയൊഴികെ, ബന്ധം പൂര്‍ണമായും മുറിഞ്ഞമട്ടായിരുന്നു. എന്റെ സ്വന്തം കുട്ടികളെ ഞാന്‍ സമീപീക്കുന്നതോ കാണുന്നതോ തടയാന്‍ ബൗണ്‍സര്‍മാര്‍ ഇപ്പോള്‍ എല്ലായിടത്തും അവരോടൊപ്പം വരുന്നു.
എന്റെ 'നിത്യ അഭിമാനം' ആയ മക്കളെയല്ല, ആരതിയെ ഉപേക്ഷിക്കുക എന്നതായിരുന്നു തന്റെ തീരുമാനം. വിവാഹത്തില്‍ ഒരു 'സ്വര്‍ണ്ണ വാത്ത' പോലെയാണ് മുന്‍ഭാര്യയും കുടുംബവും എന്നെ പരിഗണിച്ചത്.
തുടക്കത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്നയാളെ രക്ഷപ്പെടുത്തുന്ന സുഹൃത്തായിരുന്നു കെനീഷയെനിക്ക്. ഇപ്പോള്‍ ഒരു സുഹൃത്തിലും ഉപരിയാണ്. വളരെപ്പെട്ടെന്ന് അവളെന്റെ ലൈഫ്‌ലൈന്‍ ആയിമാറി. എന്നെ തകര്‍ത്ത കുടുംബത്തില്‍ നിന്ന് ഇറങ്ങിപ്പോരാനുള്ള ധൈര്യവും ചോരയും കണ്ണുനീരും മാത്രമേ എനിക്കന്ന് ഉണ്ടായിരുന്നുള്ളൂ. എല്ലാ പോരാട്ടങ്ങളും അവള്‍ കണ്ടതാണ്. മനോഹരിയായ ഒരു പങ്കാളിയാണവര്‍. അവള്‍ വെളിച്ചംകൊണ്ടുവരുന്നു.-രവി പോസ്റ്റില്‍ പറയുന്നു.
2009-ലാണ് രവിയും ആരതിയും വിവാഹിതരായത്. 2024-ല്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ചു. തന്റെ അറിവോടെയല്ല ഈ വേര്‍പിരിയലെന്നും ആരതി മുമ്പ് പറഞ്ഞിരുന്നു.
Content Highlights: jayam ravi reveals he isnt allowed to meet children
Published: 15 May 2025, 04:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented