ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂറും ഇഷാൻ ഖട്ടറും തമ്മിൽ 15 വയസ്സിന്റെ വ്യത്യാസമുണ്ട് (15 year age gap). അമ്മ നീലിമ അസമിന്റെ തണലിലായിരുന്നു സഹോദരങ്ങളായ ഇരുവരുടെയും വളർച്ച. കലാകാരിയും നർത്തകിയും നടിയുമൊക്കെ ആയിരുന്നെങ്കിലും ആ സ്വപ്നങ്ങളെല്ലാം മക്കളെ വളർത്താനായി അമ്മയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. തന്റെ അമ്മയുടെ ത്യാഗങ്ങളെക്കുറിച്ചും കലാപരമായ ലക്ഷ്യങ്ങൾ പിന്തുടരുന്നതിന് പകരം ശമ്പളം കിട്ടുന്ന ജോലികൾ തിരഞ്ഞെടുത്തതിനെപ്പറ്റിയും അടുത്തിടെയുള്ള ഒരു അഭിമുഖത്തിൽ ഇഷാൻ മനസ്സുതുറന്നിരുന്നു. 

To advertise here,

അമ്മ 9 വയസ്സിൽ പണ്ഡിറ്റ് ബിർജു മഹാരാജിന്റെ കീഴിൽ ഔദ്യോഗികമായി നൃത്തം ചെയ്തുതുടങ്ങി. 14 വയസ്സ് ആയപ്പോഴേക്കും അവരുടെ ചിത്രം ഒരു തപാൽ സ്റ്റാമ്പിൽ വന്നിരുന്നു, അതവർക്ക് വലിയ ബഹുമതിയായിരുന്നു. അമ്മ ഒറ്റയ്ക്കാണ് തങ്ങളുടെ അച്ഛന്റെയും അമ്മയുടെയും റോളുകൾ ഏറ്റെടുത്തു ചെയ്തതെന്ന് ഇഷാൻ പറയുന്നു.

“പല തരത്തിൽ, പല ജോലികളും അവർ ചെയ്തു. എന്നേക്കാൾ 15 വയസ്സ് മൂത്ത ജ്യേഷ്ഠനും എനിക്കൊപ്പമുണ്ടായിരുന്നു. പല കാര്യങ്ങളിലും അദ്ദേഹം ഒരു രക്ഷാകർത്താവിന്റെ സ്ഥാനത്തായിരുന്നു. ഞങ്ങൾ സഹോദരങ്ങളെക്കാളധികം കൂട്ടുകാരെപ്പോലെയാണ്, പക്ഷെ ബഹുമാനത്തിന്റെ ഒരു അതിർവരമ്പുണ്ട്. അദ്ദേഹം എന്റെ ഡയപ്പർ മാറ്റിയിട്ടുണ്ട്, എല്ലാ തർക്കങ്ങളും അവസാനിക്കുന്നത്, 'ഞാൻ നിന്നെക്കാൾ മൂത്തവനാണ്' എന്ന വാക്കുകളിലാണ്” ഇഷാൻ പറഞ്ഞു.

തനിക്ക് വൈകാരികമായി ഏറ്റവും സുരക്ഷിതത്വം തോന്നുന്ന വ്യക്തി ഷാഹിദാണെന്ന് ഇഷാൻ പറയുന്നു. അവൻ എന്നെ വിളിച്ച് വിവരമന്വേഷിക്കും. ഞാനവനെയും. ഷാഹിദ് തനിക്കു പറ്റിയ തെറ്റുകളെക്കുറിച്ച് പറയാറുണ്ട്, എന്നാൽ സംഭവം നടന്ന് കുറേക്കാലം കഴിഞ്ഞിട്ടായിരിക്കുമതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീലിമയ്ക്ക് ആദ്യ ഭർത്താവ് പങ്കജ് കപൂറിലുള്ള മകനാണ് ഷാഹിദ്. 21-ാം വയസ്സായിരുന്നു ഷാഹിദിന് ജന്മം നൽകുമ്പോൾ അവരുടെ പ്രായം. രണ്ടാം ഭർത്താവ് രാജേഷ് ഖട്ടറിൽ ഇഷാൻ പിറക്കുമ്പോൾ 36 വയസ്സും. 

24 വയസ്സുള്ളപ്പോൾ 4,500 രൂപയുമായി മുംബൈയിലേക്ക് പോയെന്നും, ആരോടും സഹായം ചോദിച്ചിട്ടില്ലെന്നും മുമ്പൊരു അഭിമുഖത്തിൽ നീലിമ പറഞ്ഞിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi