ജനുവരി മൂന്നിനാണ് പ്രശസ്തഗായികയും നടിയുമായ ചിത്രാ അയ്യരുടെ അനുജത്തി ശാരദ അയ്യർ അപകടത്തിൽ മരിക്കുന്നത്. അനുജത്തിയെ ഓർത്ത് ചിത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഒമാനിൽ സുഹൃത്തുക്കൾക്കൊപ്പം ട്രെക്കിങ് നടത്തവെയാണ് ശാരദയ്ക്ക് അപകടമുണ്ടാവുന്നത്.

To advertise here,

ശാരദ മുമ്പ് നടത്തിയ പര്യവേഷണങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ സഹോദരിക്കായി ചിത്ര കുറിപ്പെഴുതിയത്. ''നീ വളരെ വേഗത്തിൽ ഓടിപ്പോയി. പക്ഷേ അധികം വൈകാതെ നമുക്ക് കാണാം. ഞാൻ നിനക്ക് ഉറപ്പുതരുന്നു. ഞാൻ നിന്നെ അത്രയധികം സ്‌നേഹിക്കുന്നു. ഇനി ഞാനെന്ത് ചെയ്യും? ഫോണിന്റെ മറുവശത്ത് നിന്റെ ശല്യപ്പെടുത്തുന്ന, നിർത്താതെയുള്ള ശബ്ദമില്ലാതെ ഞാനെങ്ങനെ ജീവിക്കും? അതോ അടുത്തുമുറിയിൽനിന്ന് അലറുന്നതോ? അതോ ശല്യപ്പെടുത്തുന്നതോ?...നീ നീയായി തന്നെ തുടരുക''.

മസ്‌കറ്റിൽ സ്ഥിരതാമസമായ ശാരദയ്ക്ക് 55 വയസ്സായിരുന്നു. ജബൽ ഷംസിൽ ട്രെക്കിങ് നടത്തുന്നതിനിടെയായിരുന്നു അപകടമെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. മുമ്പ് ഒമാൻ എയറിൽ മാനേജരായി ജോലി ചെയ്തിരുന്നു. കൊല്ലം കരുനാഗപ്പള്ളി തഴവ സ്വദേശിയാണ്. ആർ.ഡി.അയ്യരുടെയും രോഹിണി അയ്യരുടെയും മക്കളാണ് ചിത്രയും ശാരദയും. ഇക്കഴിഞ്ഞ 2025 ഡിസംബർ 11-നാണ്, ആർ.ഡി.അയ്യർ അന്തരിച്ചത്. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾക്കായി ശാരദ നാട്ടിലെത്തുകയും ചെയ്തിരുന്നു. അതിനുശേഷം ഡിസംബർ 24-നാണ് തിരിച്ചുപോയത്. അച്ഛൻ മരിച്ച് ഒരുമാസം തികയും മുമ്പേയുള്ള സഹോദരിയുടെ മരണം കുടുംബത്തെ ആകെ തളർത്തിയിരിക്കുകയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi