നാലുപതിറ്റാണ്ടിലേറെ ഒരു തലമുറയെ നിശ്ശബ്ദമായി പ്രണയിക്കാനും ശാന്തരാവാനും പ്രേരിപ്പിച്ച പാട്ടുകള്‍ പാടിയ അച്ഛന്‍ ജി. വേണുഗോപാലും പുതുതലമുറ ഗായകന്‍ അരവിന്ദ് വേണുഗോപാലും ഒരുമിച്ചിരിക്കുമ്പോള്‍ പട്ടത്തെ ഫ്‌ളാറ്റില്‍ ഈണങ്ങളുടെ ചാറ്റല്‍മഴ പെയ്യും. സംഗീതത്തില്‍ അച്ഛന്റെ കൈപിടിച്ച് നടക്കാനൊന്നും അരവിന്ദ് വന്നിരുന്നില്ല. മകനിഷ്ടമുള്ളത് ചെയ്യട്ടേയെന്ന് അച്ഛനും തീരുമാനിച്ചു. എന്നാല്‍, നിയോഗംപോലെ സംഗീതംതന്നെയാണ് തന്റെ വഴിയെന്ന് അരവിന്ദ് തിരിച്ചറിഞ്ഞു. ഇപ്പോള്‍ പാട്ടിന്റെ പാതയില്‍ അച്ഛനും മകനും കൂട്ടുകാരായുണ്ട്, പാട്ടിനെ ഉപാസിച്ച തലമുറകളുടെ പുണ്യംപോലെ...
സംഗീതജ്ഞരായ, പറവൂര്‍ സിസ്റ്റേഴ്‌സ് എന്ന പേരിലറിയപ്പെട്ട വല്യമ്മമാര്‍ രാധാമണിയുടെയും ശാരദാമണിയുടെയും അമ്മ സരോജിനി അമ്മയുടെയും ശിക്ഷണത്തില്‍ പാട്ടുകാരനായി വളര്‍ന്നെങ്കിലും ജി. വേണുഗോപാലിന് അവസരങ്ങള്‍ കൈയെത്തുംദൂരത്തായിരുന്നില്ല. പാട്ടുകാരനായി അറിയപ്പെട്ടുതുടങ്ങാന്‍ വര്‍ഷങ്ങളോളം ക്ഷമയോടെ കാത്തിരിക്കേണ്ടിവന്നു. എന്നാല്‍, പാട്ട് അരവിന്ദിനെ അങ്ങനെ വിട്ടുകളഞ്ഞില്ല. സംവിധായകന്‍ ആകാന്‍ ആഗ്രഹിച്ച് വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും ചെയ്ത് ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ പോയി സിനിമയും പഠിച്ചു. അസിസ്റ്റന്റ് ഡയറക്ടറായി ജോലിയും തുടങ്ങി. എന്നാല്‍, യാദൃച്ഛികമായി കറങ്ങിത്തിരിച്ചുവന്നത് സംഗീതത്തിന്റെ വഴിയിലേക്ക്.
പാട്ടിനെ മാത്രം മനസ്സിലേറ്റി നടന്ന വേണുഗോപാല്‍. അരവിന്ദ് സംവിധായകനാകാന്‍ കൊതിച്ച ആള്‍. രണ്ടുപേരും ഒടുവില്‍ പാട്ടിന്റെ വഴിയിലായി. എന്തു തോന്നുന്നു?

ഞാന്‍ പഠിച്ചത് ജേണലിസവും ഇംഗ്‌ളീഷ് സാഹിത്യവുമാണ്. ഒപ്പം പാട്ടുപഠിത്തവും. കിട്ടിയ വേദികളിലെല്ലാം പാടാറുണ്ടായിരുന്നു. മോഡല്‍ സ്‌കൂളിലും യൂണിവേഴ്സിറ്റി കോളേജിലുമാണ് പഠിച്ചത്. കൂട്ടുകാര്‍ക്കിടയില്‍ ഗായകനെന്ന രീതിയിലൊക്കെ പ്രശസ്തനായിരുന്നു. ജോണ്‍ മില്‍ട്ടന്‍ എന്ന കവി പറഞ്ഞപോലെ They also serve, who only stand and wait..... എന്ന പോളിസിക്കാരനാണ് ഞാന്‍. Paradise Lost-Dw Paradise regained-Dw എഴുതിയ മില്‍ട്ടന്റെ ഫിലോസഫി എന്നെ ആകര്‍ഷിച്ചിരുന്നു. ക്ഷമ, ആട്ടിന്‍സൂപ്പിന്റെ ഫലം ചെയ്യുമെന്ന ചൊല്ല് വെറുതേയല്ല. ശരിയായ രീതിയില്‍ കാര്യങ്ങള്‍ചെയ്തു മുന്നോട്ടുപോകുകയാണെങ്കില്‍ ക്ഷമ എത്തേണ്ടിടത്ത് എത്തിക്കുകതന്നെ ചെയ്യും.മുഴുവന്‍സമയവും പാട്ടുകാരനാകണമെന്ന് ആഗ്രഹിച്ചുനടന്ന ആളാണ് ഞാന്‍. അരവിന്ദ് അങ്ങനെയായിരുന്നില്ല. കാംപസില്‍ പാടിത്തുടങ്ങി പാട്ടിന്റെ വഴിയിലേക്ക് എത്തി. ഇപ്പോള്‍ സംഗീതമായി അരവിന്ദിന്റെയും പാഷന്‍.
അരവിന്ദ്: പാട്ടുകാരനായ അച്ഛനെയാണ് കുട്ടിക്കാലംതൊട്ട് ഞാന്‍ കാണുന്നത്. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലാണ് ഞാന്‍ ഡിഗ്രിക്ക് പഠിച്ചത്. അവിടെ ബാന്‍ഡുകളുടെ കൂടെ അന്ന് സ്റ്റേജില്‍ കയറിയാണ് തുടക്കം. ഗായകനായ ശ്രീനി അങ്കിളാണ് സിനിമയില്‍ ആദ്യം പാടിക്കുന്നത്. പിന്നെ മ്യൂസിക് മോജോ, കവര്‍ സോങ്ങുകള്‍.... മുഴുവന്‍സമയ പാട്ടുകാരനായി മാറിയത് കോവിഡ് കാലത്തിനുശേഷമാണ്. അച്ഛനൊപ്പം കൂടുതല്‍ പാടാന്‍ തുടങ്ങിയതും ആ സമയത്താണ്. വീട്ടില്‍ ഇരിക്കുന്നതുകൊണ്ട് പാട്ടല്ലാതെ മറ്റൊരു ഓപ്ഷനില്ല. പാട്ടുള്ളതുകൊണ്ട് ബോറടിച്ചില്ല. അച്ഛനും ഞാനുംകൂടി പാടിയതിനെല്ലാം നല്ല പ്രശംസ കിട്ടാറുണ്ട്. യുട്യൂബിലും ഇന്‍സ്റ്റയിലുമൊക്കെ പോസ്റ്റ് ചെയ്യുമ്പോള്‍ അപ്പപ്പോള്‍തന്നെ പ്രതികരണങ്ങള്‍ അറിയാം. സോഷ്യല്‍ മീഡിയയ്ക്ക് അങ്ങനെയൊരു ഗുണമുണ്ട്.
കുട്ടിക്കാലത്ത് അരവിന്ദ് വലിയ കുസൃതി ആയിരുന്നെന്നു കേട്ടിട്ടുണ്ട്. എങ്ങനെ ഈ വികൃതിക്കുട്ടിയെ പാട്ടിലാക്കി ?
വേണുഗോപാല്‍: കുസൃതിയല്ല, ഹൈപ്പര്‍ ആക്ടീവ് ആയിരുന്നു. ചെന്നൈയില്‍ ഞങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ മുകളില്‍ എന്തോ എടുക്കാന്‍കയറി നേരേ താഴോട്ട് വീണു. രശ്മിയും ഞാനും ശരിക്കും പേടിച്ചുപോയി. അന്ന് കാലൊടിഞ്ഞ് കുറെനാള്‍ വീട്ടില്‍ക്കിടന്നു. പിന്നീട് ഇവനെ പാട്ടുപഠിപ്പിച്ചെങ്കിലും വ്യവസ്ഥാപിത പഠനത്തോട് ആള്‍ക്ക് താത്പര്യമില്ലായിരുന്നു. അങ്ങനെ അത് നിര്‍ത്തി. ഏഴാം ക്‌ളാസില്‍ പിന്നെ പിയാനോ പഠിക്കാന്‍ തുടങ്ങി. അത് 8-വേ ഗ്രേഡില്‍ വരെ എത്തി. എപ്പോഴും അരവിന്ദിന്റെ പശ്ചാത്തലത്തില്‍ പാട്ടുണ്ടായിരുന്നു. ഒരുദിവസം ഉച്ചയ്ക്ക് ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ കാണുന്നത് അമ്മ ഇവനെക്കൊണ്ട് ഓരോന്ന് പാടിച്ച് നോക്കുന്നതാണ്. അവന്‍ അമ്മൂമ്മ പറഞ്ഞുകൊടുക്കുന്നത് കൃത്യമായി പാടുന്നുമുണ്ട്.
അരവിന്ദ്: പാട്ടിഷ്ടമായിരുന്നെങ്കിലും കുത്തിയിരുന്ന് പഠിക്കാന്‍ അന്ന് താത്പര്യമില്ലായിരുന്നു. എന്നാലും അമ്മൂമ്മമാര്‍ ഇടയ്ക്ക് പാടിപ്പിച്ചുനോക്കും. അവര്‍ പാടിത്തരുന്നപോലെ ഞാന്‍ പാടിനോക്കും. അച്ഛന്റെ ഗുരു വൈക്കം ജയചന്ദ്രന്‍ നമ്പൂതിരി കുറച്ചുകാലം പാട്ടുപഠിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പിന്നെ അച്ഛന്‍ ആ ശ്രമം ഉപേക്ഷിച്ചു. അച്ഛന്‍ വീട്ടില്‍ വരുമ്പോള്‍ ഞാനും അനിയത്തി അനുപല്ലവിയും ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പാട്ടൊക്കെ പാടിക്കും. അന്ന് മിക്കവാറും ദിവസങ്ങള്‍ അച്ഛന് പ്രോഗ്രാം ഉണ്ടാവും. ഞങ്ങളുടെ വികൃതികൊണ്ട് അമ്മ പൊറുതിമുട്ടിയിരിക്കുമ്പോഴാവും അച്ഛന്‍ വരുക. പിന്നെ കഥകളും പാട്ടുമൊക്കെയായി അതിലാവും.
അരവിന്ദ്: അന്ന് അച്ഛന്‍ വരാന്‍ കാത്തിരിക്കും. പാട്ടു പാടിക്കും. കഥ പറയിക്കും. അച്ഛന്‍ വന്നാല്‍ ഞങ്ങള്‍ ഹാപ്പിയാകും.
വേണുഗോപാല്‍: 'കാതല്‍ റോജാവെ...' ഒക്കെ പാടിപ്പിച്ചുകളയും ഇവന്‍. പാട്ടിനെക്കാള്‍ കൂടുതല്‍ മക്കള്‍ക്ക് കഥകള്‍ കേള്‍ക്കാനായിരുന്നു ഇഷ്ടം. കഥയില്‍ ആരൊക്കെ വേണമെന്ന് അവര്‍ തീരുമാനിക്കും. കുരങ്ങന്‍ വേണം, മുതല വേണം, ഒപ്പം ഒരു മഞ്ഞബക്കറ്റ് വേണം, ഇങ്ങനെയൊക്കെ മകള്‍ പറയും.
രണ്ടുപേര്‍ക്കും കേള്‍ക്കാനിഷ്ടമുള്ള പാട്ടുകള്‍ ?
വേണുഗോപാല്‍: തലത്ത് മഹമ്മൂദിന്റെ കടുത്ത ആരാധകനാണ് ഞാന്‍. മുഹമ്മദ്റഫി... ഹിന്ദി പാട്ടുകള്‍ ധാരാളം കേള്‍ക്കും. സൂര്യഗായത്രിയുടെ പാട്ടുകള്‍ കേള്‍ക്കാറുണ്ട്. ദാസേട്ടന്റെ പാട്ടുകള്‍. എല്ലാം കേള്‍ക്കും.
അരവിന്ദ്: ഞാന്‍ എല്ലാതരം പാട്ടുകളും കേള്‍ക്കും. ദാസങ്കിളിന്റെ പാട്ടുകള്‍, അച്ഛന്റെ പാട്ടുകള്‍, പുതിയ സംഗീതസംവിധായകരുടെയും ഗായകരുടെയും പാട്ടുകള്‍ എല്ലാം കേള്‍ക്കും. പാട്ടിലെ അര്‍ഥത്തിന് യോജിച്ച രീതിയില്‍ പാടുന്ന അച്ഛന്റെ രീതി ആദ്യമേ ശ്രദ്ധിക്കാറുണ്ട്. അര്‍ഥത്തിനോട് നീതി പുലര്‍ത്തി പാട്ടില്‍ അത് സന്നിവേശിപ്പിക്കുന്ന രീതി ആകര്‍ഷിച്ചിട്ടുണ്ട്. വാക്കുകള്‍ക്കും വരികള്‍ക്കും ആവശ്യാനുസരണം പ്രാധാന്യം നല്‍കി ശബ്ദം ഉപയോഗിക്കുന്ന രീതിയെപ്പറ്റി ടെഡ് ടോക്കില്‍ സംസാരിച്ചിരുന്നു. അത് ഒരുപാടുപേര്‍ക്ക് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.
ഇടയ്ക്ക് അച്ഛനും മകനും കുടജാദ്രിയില്‍ പോയ ചിത്രം ഇന്‍സ്റ്റയില്‍ കണ്ടല്ലോ...
വേണുഗോപാല്‍: കുറേനാളായി പോകണമെന്ന് കരുതുന്നു. മൂകാംബികയില്‍ പോയി തൊഴുതു. അപ്പോള്‍ കുടജാദ്രിയില്‍ പോകാമെന്ന് തോന്നി.
അരവിന്ദ്: ചെറുതിലേ പോയതാണ് ഞാന്‍. എന്നെ എഴുത്തിനിരുത്തിയത് അവിടെയാണ്. അന്ന് പോയ ഓര്‍മ്മ അവ്യക്തമാണ്. പിന്നെ ഇപ്പോള്‍ പോയി. മൂകാംബികയില്‍ തൊഴുതു. കുടജാദ്രി കയറി. സരസ്വതിമണ്ഡപത്തില്‍ ഇരുന്ന് പാടി. നല്ലൊരു അനുഭവമായിരുന്നു അത്.
സുഹൃത്തുക്കളെപ്പറ്റി...?
വേണുഗോപാല്‍: ശ്രീറാം, സുരേഷ് ഗോപി, ജയറാം, പിന്നെ പാട്ടുകാരെല്ലാം സുഹൃത്തുക്കളാണ്. ആകാശവാണിക്കാലംതൊട്ടുള്ള കൂട്ടാണ് പെരുമ്പാവൂരുമായിട്ട്. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് മാഷ് 'തൂവാനത്തുമ്പികളി'ല്‍ പാടാന്‍ വിളിച്ചത് മറക്കാനാവാത്ത അനുഭവമാണ്. ആകാശവാണിക്കാരെല്ലാം സുഹൃത്തുക്കളാണ്. അവിടെ ജോലി ഉണ്ടായിരുന്നെങ്കിലും പാടാന്‍വേണ്ടി ലീവിലായിരുന്നു. എന്നാലും കമ്പോസിങ് പഠിച്ചത് ആകാശവാണിക്കാലത്താണ്. പലപ്പോഴും 12 വരിയുള്ള ലളിതഗാനം 8 വരിയൊക്കെ ട്യൂണിട്ടുതരും. ബാക്കി 4 വരി കൈയില്‍നിന്ന് ട്യൂണെടുത്തിട്ട് പാടും. സംഗീതസംവിധായകര്‍ക്കുള്ള വിശ്വാസംകൊണ്ടാണ് അവര്‍ അങ്ങനെ അവസരം തന്നത്. കമ്പോസിങ്ങിന്റെ ബാലപാഠങ്ങളൊക്കെ കിട്ടിയത് കെ.പി. ഉദയഭാനു, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് തുടങ്ങിയവരില്‍നിന്നാണ്.
അരവിന്ദ്: കൂടെ പഠിച്ചവരുമായൊക്കെ ഇപ്പോഴും നല്ല കൂട്ടാണ്. പാട്ടില്‍ സൂരജ് കുറുപ്പ്, ഹിഷാം, വിനീതേട്ടന്‍, കൈലാസ് മേനോന്‍, നിത്യാമാമന്‍ എല്ലാവരുമായും നല്ല കൂട്ടാണ്. പിന്നെ ശ്വേതച്ചേച്ചി, സുജു അമ്മായി, ചിത്ര ആന്റി... പാട്ടുകാരെല്ലാം കൂട്ടുകാര്‍ കൂടിയാണ്. 'ഹൃദയം' സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ ടീം സുഹൃത്തുക്കളാണ്. അതില്‍ 'നഗുമോ' പാടാനും പറ്റി. അത് നല്ല അനുഭവമായിരുന്നു. ഇപ്പോഴും സ്റ്റേജിലെത്തുമ്പോള്‍ ആള്‍ക്കാര്‍ 'നഗുമോ പാടാന്‍' ആവശ്യപ്പെടും. പിന്നെ അച്ഛന്റെ പാട്ടുകള്‍ പാടാനാണ് അധികവും പറയുക. ഒന്നാം രാഗം പാടിയും, താനെ പൂവിട്ട മോഹം, രാരീരം ഒക്കെ പാടാന്‍ പറയും.
ക്‌ളാസിക്കല്‍ പഠിക്കാത്ത ഗായകന്‍ 'നഗുമോ' പാടിയപ്പോള്‍ കൈയടിയും വിമര്‍ശനങ്ങളുമുണ്ടായല്ലോ...
അരവിന്ദ്: വിനീതേട്ടന്‍ പറഞ്ഞിട്ട് പാടിയതാണ്. ആ സിനിമയിലെ സന്ദര്‍ഭത്തിന് ചേര്‍ന്നതായിരുന്നു പാട്ട്. എന്നാല്‍ കര്‍ണാടകസംഗീതം നന്നായി അറിയുന്നവര്‍ ചെറുതായി വിമര്‍ശിച്ചു. അങ്ങനെയാണോ അത് പാടേണ്ടത്... എന്നായിരുന്നു ചോദ്യം. പക്ഷേ, അത് സെമി ക്‌ളാസിക്കല്‍ മോഡിലാണ് അതില്‍ പാടിയത്. ഇപ്പോള്‍ എല്ലാ വേദികളിലും പാടേണ്ടിവരാറുണ്ട്. എന്നാല്‍ ഓമനക്കുട്ടിട്ടീച്ചറെപ്പോലെയുള്ള കര്‍ണാടകസംഗീതത്തിലെ പ്രഗല്ഭര്‍ മുന്നിലിരിക്കുന്ന ഒരു വേദിയില്‍ ഇത്തിരി പരിഭ്രമം വന്നു. എന്നാല്‍ പാട്ടുതുടങ്ങിയപ്പോള്‍ സമാധാനത്തോടെ പാടാനായി.
രണ്ടുപേരും തമ്മിലുള്ള കോമ്പസിഷനുകള്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കപ്പെടുന്നത്?
വേണുഗോപാല്‍: കോവിഡുകാലത്ത് വെറുതേയിരുന്നപ്പോള്‍ തുടങ്ങിയതാണ്. രണ്ടുപേരുംകൂടി പാടിനോക്കും. കവര്‍ സോങ്ങുകള്‍ പാടി. മെലഡികള്‍ ജനം സ്വീകരിക്കുന്നുണ്ട്. മേയില്‍ പുതിയ പാട്ട് വരുന്നുണ്ട്.
അരവിന്ദ്: അച്ഛനുമൊത്ത് സ്റ്റേജില്‍ പാടുന്നതിനുമുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞുതരും. അച്ഛന്റെ പാട്ടുകള്‍തന്നെയാണ് അധികവും പാടുന്നത്.

പാട്ടിലെയും ജീവിതത്തിലെയും അടുത്ത പ്‌ളാനുകള്‍...
വേണുഗോപാല്‍: മെലഡി 2 വിന്റെ പണിപ്പുരയിലാണ്. അരവിന്ദുമൊത്ത് പാട്ടുകളുണ്ട്. വേദികളുണ്ട്. പാട്ടുകേട്ടും പാടിയും സ്വപ്‌നം കണ്ട് മുന്നോട്ടുപോണം. ഇപ്പോള്‍ 41-ാമത്തെ വര്‍ഷമാണ് പാട്ടുജീവിതത്തിന്റെ. സമാധാനമായി ഇങ്ങനെയൊക്കെ പോണം. സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
അരവിന്ദ്: ധാരാളം പാട്ടുകള്‍ കേള്‍ക്കണം, പാടണം. സിനിമ ചെയ്യണം. പ്രതീക്ഷകളാണല്ലോ നമ്മളെ മുന്നോട്ട് നയിക്കുന്നത്.
'ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നു...' വേണുഗോപാല്‍ ചെറുതായൊന്ന് മൂളിയപ്പോള്‍ ശ്രുതിപ്പെട്ടിയൊരുക്കുന്ന തിരക്കിലായിരുന്നു അരവിന്ദ്. ശ്രുതിചേരുന്നുവെന്നുറപ്പുവരുത്തിയപ്പോള്‍ മകന്‍ അച്ഛനൊപ്പം ചേര്‍ന്നു.
Content Highlights: singers g.venugopal and son arvind venugopal talks about music and life
Published: 25 May 2025, 04:30 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented