തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഏറെക്കാലമായി പ്രണയത്തിലായിരുന്ന അയർലണ്ട് സ്വദേശിനി സോഫി ഷൈനാണ് വധു. മോതിരമിട്ട കൈകളുടെ ചിത്രം പങ്കുവെച്ചാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഇരുവരും പുറത്തുവിട്ടത്. ഫെബ്രുവരിയിലായിരിക്കും വിവാഹമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഒരു ചാമ്പ്യൻസ് ട്രോഫി മത്സരം കാണാൻ ധവാനൊപ്പം സോഫിയുമെത്തിയിരുന്നു. അതോടെ ധവാൻ ഒരു അജ്ഞാതസുന്ദരിയുമായി പ്രണയത്തിലാണെന്ന് വാർത്തകൾ പരന്നു. പക്ഷേ ആ സുന്ദരി ആരാണെന്ന് ആർക്കും മനസ്സിലായതുമില്ല.

അതിനുമുമ്പ് ദുബായിലെ ഒരു റെസ്‌റ്റോറന്റിൽവെച്ചാണ് ധവാനും സോഫിയും ആദ്യമായി കണ്ടുമുട്ടുന്നത്. ആ കണ്ടുമുട്ടൽ പ്രണയത്തിലെത്തി. ധവാന്റെ കുസൃതി നിറഞ്ഞ കണ്ണുകളാണ് തന്നെ ആകർഷിച്ചതെന്ന് സോഫി പിന്നീട് പറഞ്ഞിട്ടുണ്ട്. പലപ്പോഴും ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ള പല പരിപാടികളിലും സോഫിയും ധവാനും ഒരുമിച്ചെത്തി. ഇതൊക്കെ അഭ്യൂഹങ്ങൾക്ക് കരുത്തേകിയപ്പോഴും, തങ്ങളുടെ പ്രണയം ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല. 2025 മേയിലാണ് സോഫി ഷൈനുമായി താൻ പ്രണയത്തിലാണെന്ന് ധവാൻ വെളിപ്പെടുത്തിയത്.

അയർലണ്ടിൽനിന്ന് മാർക്കറ്റിങ് ആന്റ് മാനേജ്‌മെന്റ് ബിരുദം നേടിയ സോഫി, പ്രൊഡക്ട് കൺസൾട്ടന്റായി ജോലി ചെയ്യുകയായിരുന്നു. ഇപ്പോൾ അബുദാബിയിലുള്ള നോർതേൺ ട്രസ്റ്റ് കോർപ്പറേഷനിൽ വൈസ് പ്രസിഡന്റാണ് സോഫിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിനൊപ്പം ശിഖർ ധവാൻ ഫൗണ്ടേഷനുവേണ്ടിയും അവർ പ്രവർത്തിക്കുന്നു.

നേരത്തെ മെൽബണിൽനിന്നുള്ള കിക്ക് ബോക്‌സറായ അയേഷ മുഖർജിയെ വിവാഹം കഴിച്ച ധവാൻ, എട്ടുവർഷം നീണ്ട ദാമ്പത്യബന്ധം 2021-ലാണ് അവസാനിപ്പിച്ചത്. വിവാഹമോചനം ലഭിച്ചത് 2023-ലും. അയേഷ മകനെ തന്നിൽനിന്ന് അകറ്റിനിർത്തിയെന്നും ആ സമയത്ത് ധവാൻ ആരോപിച്ചിരുന്നു. ഭാര്യയിൽനിന്ന് മാനസികപീഡനമുണ്ടായതായും അന്ന് ധവാൻ വെളിപ്പെടുത്തി. മാനസികമായി ഏറെ തകർത്ത വിവാഹമോചനസമയത്ത് സോഫിയാണത്രെ ധവാന് മാനസികപിന്തുണ നൽകിയത്. ധവാന്റെ ജീവിതത്തിലേക്ക് അവൾ ശാന്തതയും സന്തോഷവും തിരികെ കൊണ്ടുവന്നതായി സുഹൃത്തുക്കൾ പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi