പുതിയകാലത്ത് നഗരങ്ങളിലെ താമസച്ചെലവ് കൈപ്പിടിയിലൊതുങ്ങുന്നതല്ല പലർക്കും. വാടകയിനത്തിൽ ശമ്പളത്തിന്റെ പകുതിയോളം വരെ നൽകേണ്ടിവരുന്നവരുണ്ട്. പക്ഷേ, താമസസ്ഥലം സൗജന്യമായിക്കിട്ടാൻ ഏതറ്റംവരെയും പോകാൻ ആളുകൾ മടിക്കില്ലെന്നതിന് തെളിവാണ് ഹോബോസെക്ഷ്വാലിറ്റിയിലെ വർധനവ്.
ഒരാൾ പ്രധാനമായും താമസസൗകര്യത്തിനോ സാമ്പത്തിക പിന്തുണയ്‌ക്കോ വേണ്ടി, മറ്റൊരാളോട് പ്രണയം നടിച്ച് ഒപ്പം താമസിക്കുകയും ലൈംഗികജീവിതം നയിക്കുകയും ചെയ്യുന്നതിനെയാണ് ഹോബോസെക്ഷ്വാലിറ്റിയെന്ന് വിളിക്കുന്നത്.
വിദേശനഗരങ്ങളിലാണ് ഇത് മുമ്പ് കേട്ടിരുന്നതെങ്കിലും ഇന്ത്യൻ നഗരങ്ങളിൽ വളർന്നുവരികയാണ് ഈ വഞ്ചന. താമസസൗകര്യത്തിനുവേണ്ടി ഡേറ്റ് ചെയ്യുന്നവരെ വിശേഷിപ്പിക്കാനായി പാശ്ചാത്യരാജ്യങ്ങളിലാണ് ഇന്റർനെറ്റിലൂടെ ഈ പദം പ്രയോഗത്തിൽ വന്നത്. താമസിക്കാൻ ചിലവേറിയ മുംബൈ, ഡൽഹി, ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളിൽ ഡേറ്റിങ് രംഗം ഈ രീതിയിലേക്ക് വളരുകയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഭീമമായ വാടകയാണ് ഒരു കാരണം. പണം ചെലവാക്കാൻ മടിയുള്ള പിശുക്കന്മാരും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നു. വൈകാരികമായോ, സാമ്പത്തികമായോ, കാര്യമായ സംഭാവനകളൊന്നും നൽകാതെ, പരാദങ്ങളെപ്പോലെ ജീവിക്കാൻ ശ്രമിക്കുന്നവരുടെ ഇരകളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പുറത്ത് പ്രണയമുള്ളതായി തോന്നുമെങ്കിലും പങ്കാളികളിൽ ഒരാൾക്ക് നഷ്ടം സംഭവിക്കുകയും മറ്റേയാൾക്ക് നേട്ടമുണ്ടാകുകയും ചെയ്യുന്നു.
പ്രണയത്തിലാണെന്ന് ഒപ്പമുള്ളയാളെ വിശ്വസിപ്പിക്കുകയാണ് ഇക്കൂട്ടരുടെ ആദ്യപടി. പിന്നീട് പതിയെ വീട്ടിലേക്ക് കയറിപ്പറ്റാനുള്ള ശ്രമമാകും. പക്ഷേ, ഒരിക്കലവിടെ പ്രവേശനം ലഭിച്ചുകഴിഞ്ഞാൽ വാടകയോ ഭക്ഷണത്തിന്റെ ചെലവുകളോ ഒന്നും അവർ പങ്കുവെക്കില്ല. നിങ്ങൾക്ക് ഒരു കൂട്ടുണ്ടെന്ന മിഥ്യാധാരണ അവർ നിങ്ങളിൽ വളർത്തിയിരിക്കും. ചെറിയ സഹായങ്ങൾ ചെയ്ത് നിങ്ങൾക്കൊപ്പമുണ്ടെന്ന് ഒരുപക്ഷേ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തേക്കും.
വൈകാരികമായി പിന്തുണ വേണ്ടസമയത്തുപോലും ഇത്തരം പങ്കാളികൾ അത് നൽകണമെന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ബന്ധത്തിന്റെ ഭാരം മുഴുവൻ ഒരാൾ ചുമക്കുന്ന അവസ്ഥ. വൈകാരികമായ ഇത്തരം കെണികൾ തുടക്കത്തിൽ തിരിച്ചറിയുക വളരെ പ്രയാസമാണെന്നത് മറ്റൊരു വസ്തുതയാണ്. തിരിച്ചറിയുമ്പോൾ കടുത്ത മാനസികബുദ്ധിമുട്ടുകളിലേക്ക് അത് നയിക്കുകയും ചെയ്യും. വിവാഹംകഴിച്ച് സ്ഥിരതാമസമാക്കാനുള്ള സാമ്പത്തികസ്ഥിരതയില്ലാത്തതും ഇത്തരം ബന്ധങ്ങൾ കൂടാൻ കാരണമാണ്. വൈകാരിക സൗകര്യത്തിനപ്പുറം, സമത്വത്തിലും പരസ്പരധാരണയിലും അധിഷ്ഠിതമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനാണ് ഏത് സാഹചര്യത്തിലും പ്രാധാന്യം നൽകേണ്ടതെന്ന കാര്യത്തിൽ തർക്കമില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Exploring the rising trend of `hobosexual` relationships in India`s expensive cities, where dating becomes transactional due to high housing costs.
Published: 10 Aug 2025, 02:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented