ഗോവിന്ദയുടെയും ഭാര്യ സുനിത അഹൂജയുടെയും സ്വകാര്യജീവിതത്തെപ്പറ്റി ആളുകൾ ചർച്ചചെയ്യാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇരുവരും വേർപിരിയുന്നുവെന്ന അഭ്യൂഹമാണ് അതിൽ പ്രധാനം. ഗോവിന്ദ തന്നെ വഞ്ചിക്കുന്നത് പിടികൂടിയാൽ താൻ തന്നെ ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്ന് പറയുകയാണ് ഒരു വ്ലോഗിലൂടെ സുനിതയിപ്പോൾ.

30-കാരിയായ ഒരു മറാഠി നടിയുമായി ഗോവിന്ദയ്ക്ക് ബന്ധമുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അവർ. "ഇന്നത്തെ കാലത്ത് സിനിമയിൽ കഷ്ടപ്പെട്ട് വരുന്ന പെൺകുട്ടികൾക്ക് ഷുഗർ ഡാഡിമാർ ശീലമാവുകയാണ്. തങ്ങളുടെ വീട്ടുചെലവും പോക്കറ്റ് മണിയുമെല്ലാം ഇതിലൂടെ കണ്ടെത്താമെന്നാണ് ചില പെൺകുട്ടികൾ കരുതുന്നത്. ഞാൻ പിടികൂടാത്തതുവരെ കുഴപ്പമില്ല, പക്ഷേ പിടികൂടിയാൽ, നിങ്ങൾക്കറിയാമല്ലോ, എനിക്ക് സണ്ണി ഡിയോളിന്റെ കൈയാണ്, അതിന് 5 കിലോ ഭാരമുണ്ട്."

കൂടാതെ, തങ്ങളെ ഒരുമിച്ച് കാണാൻ ആഗ്രഹിക്കാത്ത ആളുകൾ ഗോവിന്ദയുടെ കുടുംബത്തിലുണ്ടെന്നും സുനിത ആരോപിക്കുന്നു. "പ്രശ്നം എന്തെന്നാൽ, ഞാനും ഗോവിന്ദയും ഒരുമിച്ച് ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കാത്ത ആളുകൾ അദ്ദേഹത്തിന്റെ കുടുംബത്തിലുണ്ട്. സ്വന്തം ഭാര്യയും മക്കളും മരിച്ചുപോയതുകൊണ്ട് ഞങ്ങളുടെ കുടുംബം എന്തിനാണ് ഇത്ര സന്തോഷമായിരിക്കുന്നതെന്ന് അവർ അത്ഭുതപ്പെടുന്നു."-സുനിത പറഞ്ഞു.

"ഗോവിന്ദ നല്ല ആളുകളുമായി ഇടപഴകുന്നില്ല, ഞാൻ എപ്പോഴും പറയുന്നതുപോലെ, മോശമാളുകൾക്കൊപ്പം നിന്നാൽ നിങ്ങളും അവരെപ്പോലെയാകും. ഇന്നെനിക്ക് സുഹൃത്തുക്കളില്ല, എന്റെ മക്കളാണ് എന്റെ കൂട്ടുകാർ. ഞാനും ഗോവിന്ദയും 15 വർഷമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്, അദ്ദേഹം ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ട്.

ഒരു നല്ല സ്ത്രീയെ വേദനിപ്പിക്കുന്ന പുരുഷന് ഒരിക്കലും സന്തോഷം കിട്ടില്ല. അവനെപ്പോഴും അസ്വസ്ഥനായിരിക്കും. കുട്ടിക്കാലം മുതൽ എന്റെ ജീവിതം മുഴുവൻ ഞാനദ്ദേഹത്തിനുവേണ്ടി സമർപ്പിച്ചു, ഇന്നും ഞാനദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നു. അഭ്യൂഹങ്ങൾ കേൾക്കുമ്പോൾ എനിക്ക് നൂറുശതമാനം വിഷമമുണ്ട്. എന്നാലും ഞാൻ ശക്തയാണ്"-സുനിത വ്ലോഗിലൂടെ പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi