ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരായതുതൊട്ട് അവര്‍ വിവാഹമോചിതരായേക്കുമെന്നുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. കുറച്ചുമാസങ്ങള്‍ക്കു മുമ്പ് അത് വ്യാപകമായിരുന്നു. ഇതിനോടൊന്നും നേരിട്ട് പ്രതികരിച്ചില്ലെങ്കിലും പൊതുഇടങ്ങളില്‍ ഒന്നിച്ചെത്തി ഗോസിപ്പുകാരുടെ വായടപ്പിക്കാറുണ്ട് ദമ്പതിമാര്‍. ഇപ്പോഴിതാ ഇരുവരുടെയും ദാമ്പത്യം സംബന്ധിച്ച് പ്രവചനവുമായി എത്തിയിരിക്കുകയാണ് ജ്യോതിഷി ഡോ. ഗീതാഞ്ജലി സക്‌സേന.

2025 സെപ്റ്റബംര്‍ വരെ അഭിഷേകും ഐശ്വര്യയും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് ഗീതാഞ്ജലിയുടെ പ്രചവനം. ഇരുവരും അത് പരിഹരിക്കാന്‍ ശ്രമിച്ചാല്‍, സെപ്റ്റംബര്‍ കടന്നുകിട്ടിയാല്‍ അവരുടെ വിവാഹബന്ധം നിലനില്‍ക്കും, പിന്നീട് പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല. ഇരുവരും അതിന് ശ്രമിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഐശ്വര്യക്കും അഭിഷേകിനുമിടയില്‍ വൈകാരികമായ പ്രശ്‌നങ്ങളോ അകലങ്ങളോ ഒന്നും തന്നെയില്ലെന്നും സാമ്പത്തികതര്‍ക്കങ്ങളാണുള്ളതെന്നും സിദ്ധാര്‍ഥ് കണ്ണന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവേ അവര്‍ പറഞ്ഞു. 

വീട്ടില്‍ നിന്നുള്ള സമ്മര്‍ദ്ദവും നിയന്ത്രണങ്ങളും പ്രശ്‌നങ്ങള്‍ക്ക് സംഭാവന നല്‍കുന്നുണ്ട്. നിലവില്‍ താമസിക്കുന്നയിടത്തുനിന്ന് മാറി ദമ്പതികള്‍ മറ്റൊരു വീട്ടിലേക്ക് താമസം മാറണം. അങ്ങനെവന്നാല്‍ അതിന്റെ നേട്ടമുണ്ടാകും. കുടുംബത്തില്‍ നിന്ന് മാറിത്താമസിച്ചാലേ സമാധാനം തിരിച്ചുവരൂ. വീട്ടില്‍ നിന്നുള്ള സമ്മര്‍ദ്ദത്തോട് ഐശ്വര്യക്ക് പൊരുത്തപ്പെടാനാവില്ലെന്നും ഗീതാഞ്ജലി പറയുന്നു. അതേസമയം, ഇതെല്ലാം വെറും പ്രചനമാണെന്നും സത്യവുമായി യാതൊരു ബന്ധവുമില്ലെന്നും ചിലര്‍ കമന്റ് ചെയ്തു.

അടുത്തിടെ ജയാ ബച്ചനും സഹോദരിയുടെ മകള്‍ നവ്യ നവേലി നന്ദയ്ക്കുമൊപ്പം അഭിഷേക് ബച്ചന്‍ ആഡംബര പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഐശ്വര്യ ഇവര്‍ക്കൊപ്പമില്ലാത്തത് വലിയ ചര്‍ച്ചയായി. അഭിഷേക് അമ്മയ്‌ക്കൊപ്പമുണ്ടെങ്കില്‍ ഐശ്വര്യ കൂടെക്കാണില്ല, ഐശ്വര്യ ഒപ്പമുണ്ടെങ്കില്‍ ജയ കൂടെക്കാണില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ കമന്റ് ചെയ്തത്.