ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും പേരെടുത്ത നടന്മാരിലൊരാളാണ് രാം കപൂർ. കരിയറിന്റെ തുടക്കത്തിൽ പക്ഷേ, കാര്യങ്ങൾ അങ്ങനെയായിരുന്നില്ല. വിവാഹം കഴിഞ്ഞ് ദീർഘകാലം ജോലിയില്ലാതെ വീട്ടിലിരുന്നതിനെക്കുറിച്ച് അദ്ദേഹം പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. 2003-ലാണ് നടി ഗൗതമിയെ അദ്ദേഹം വിവാഹം കഴിക്കുന്നത്. ഭർത്താവിന് കരിയറിൽ തിരിച്ചടി നേരിട്ട്, ജോലിയില്ലാതിരുന്ന സമയത്ത് തങ്ങളുടെ ദാമ്പത്യത്തിലുണ്ടായ വിഷമഘട്ടത്തെക്കുറിച്ച് പറയുകയാണ് ഗൗതമിയിപ്പോൾ. തൊഴിൽപരമായ അരക്ഷിതാവസ്ഥ വ്യക്തിബന്ധങ്ങളെ എത്രത്തോളം ബാധിക്കുമെന്നതിനെക്കുറിച്ചാണ് സിദ്ദാർഥ് കണ്ണനു നൽകിയ അഭിമുഖത്തിൽ അവർ വിശദീകരിച്ചത്.

"രാം വർഷങ്ങളോളം ജോലിയില്ലാതെ വീട്ടിലിരിക്കുകയും ഞാൻ ടെലിവിഷനിലേക്ക് തിരിച്ചെത്തുകയും ചെയ്തപ്പോഴായിരുന്നു ആ വിഷമഘട്ടം. ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അത് വളരെ ബുദ്ധിമുട്ടാണ്. എന്റെ അഭിപ്രായത്തിൽ, സ്വാഭാവികമായും പുരുഷന്മാരെ അങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത്, അവർക്ക് ജോലിക്ക് പോകണം. അവർ സംരക്ഷകരും രക്ഷകരും ആയിരിക്കണം. എല്ലാവരും ഒരു പുരുഷനെ അങ്ങനെയാണ് കാണുന്നത്. കാര്യങ്ങൾ ഇപ്പോൾ മെച്ചപ്പെട്ടുവരുന്നുണ്ട്."-അവർ പറഞ്ഞു.

"ഏകദേശം രണ്ടര വർഷത്തോളം അദ്ദേഹം വീട്ടിലിരുന്നു, ആ അസ്വസ്ഥതയും ഉത്കണ്ഠയും ഞാൻ കണ്ടു. ഞാൻ ജോലിക്ക് പോകുമായിരുന്നു, രാവിലെ ഒൻപതുമണിക്ക് പോയി രാത്രി 11-മണിക്ക് തിരിച്ചെത്തും. അദ്ദേഹം വീട്ടിൽ ഒന്നും ചെയ്യാതെ, കരിയർ ഉയർത്താനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു, അത് മനസ്സിലാക്കാൻ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ഇത് കുട്ടികൾക്ക് മുമ്പുള്ള കാര്യമാണ്. ഞാൻ വീട്ടിൽ നിന്ന് പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു, വീട്ടിൽ വരും, ഉറങ്ങും, എന്നിട്ട് രാവിലെ വീണ്ടും പോകും, ഞങ്ങൾക്കിടയിൽ യാതൊരു ആശയവിനിമയവുമില്ലായിരുന്നു. അങ്ങനെ ഞങ്ങൾക്കിടയിലെ ആ സ്പാർക്ക് നഷ്ടപ്പെട്ടു"-അവർ പറഞ്ഞു.

2000-ൽ അവരുടെ പ്രശസ്തമായ 'ഘർ ഏക് മന്ദിർ' എന്ന ഷോ ചിത്രീകരിക്കുന്ന സമയത്ത്, രാം സമ്പാദിച്ചതിനേക്കാൾ നാലുമടങ്ങ് തനിക്ക് പ്രതിഫലം ലഭിച്ചിരുന്നതായി അവർ പറഞ്ഞു. "സീരിയലിന്റെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ തന്നെ ആരാധകരുടെ സ്നേഹം ഞങ്ങൾ അനുഭവിച്ചു. എനിക്ക് പ്രതിദിനം 5000 രൂപയും രാമിന് പ്രതിദിനം 1500 രൂപയുമാണ് ലഭിച്ചിരുന്നത്. 'ബിന്ദാസ്ത്' എന്ന ഹിറ്റ് സിനിമയിൽ നിന്ന് വന്നതുകൊണ്ട്, എനിക്ക് രാമിനേക്കാൾ കൂടുതൽ പ്രതിഫലം ലഭിച്ചു."

അതേസമയം, കുട്ടികളുണ്ടായശേഷം ഇരുവർക്കുമിടയിലെ ബന്ധം മെച്ചപ്പെടാൻ തുടങ്ങിയെന്നും അപ്പോഴേക്കും രാമിന് ജോലി കിട്ടിത്തുടങ്ങിയെന്നും അവർ പറഞ്ഞു. പിന്നീടെല്ലാം പഴയ പടിയായി. കുട്ടികളുണ്ടായ ശേഷം അമ്മയുടെ ഉത്തരവാദിത്തത്തിലേക്ക് ഒതുങ്ങുകയും പങ്കാളിയുടെ കാര്യം മറുന്നുപോവുകയും ചെയ്യുന്ന അവസ്ഥയിലൂടെയും കടന്നുപോയിട്ടുണ്ടെന്ന് അവർ പറയുന്നു. ഇപ്പോൾ കുട്ടികൾ മുതിർന്നപ്പോൾ തങ്ങളുടെ പഴയജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും ജീവിതം നന്നായി ആസ്വദിക്കുകയാണെന്നും ഗൗതമി വ്യക്തമാക്കി.

"ഇപ്പോൾ, കുട്ടികൾ വലുതായി. 20 വർഷം മുമ്പ് ഞങ്ങൾ എങ്ങനെയായിരുന്നോ ആ രീതിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇത് അത്ഭുതകരമാണ്, കാരണം ആ മാന്ത്രികത വീണ്ടും ഞങ്ങൾ കണ്ടെത്തി." അവർ ആവേശത്തോടെ പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi