ദുബായ് രാജകുമാരിയും യുഎഇ പ്രധാനമന്ത്രി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകളുമായ ഷെയ്ഖ മഹ്‌റയുടെ വിവാഹമോചനം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ഭർത്താവായിരുന്ന എമിറാത്തി വ്യവസായിയും രാജകുടുംബാംഗവുമായ ഷെയ്ഖ് മാനയെ ഇൻസ്റ്റഗ്രാമിലൂടെയാണ് മഹ്റ മൊഴിചൊല്ലിയത്. 'പ്രിയ ഭർത്താവേ, താങ്കൾ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാൽ, ഞാൻ നമ്മുടെ വിവാഹമോചനം പ്രഖ്യാപിക്കുന്നു. ഞാൻ നിങ്ങളെ മൊഴിചൊല്ലുന്നു, ഞാൻ നിങ്ങളെ മൊഴിചൊല്ലുന്നു, ഞാൻ നിങ്ങളെ മൊഴിചൊല്ലുന്നു. ശ്രദ്ധിക്കുക. നിങ്ങളുടെ മുൻ ഭാര്യ.'-എന്ന അവരുടെ പോസ്റ്റ് വൈറലാവുകയും ചെയ്തു.

ഇപ്പോഴിതാ മൊറോക്കൻ-അമേരിക്കൻ റാപ്പറായ ഫ്രഞ്ച് മൊണ്ടാനയും ഷെയ്ഖ മഹ്‌റയും തമ്മിലുള്ള ഔദ്യോഗിക വിവാഹനിശ്ചയം കഴിഞ്ഞുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വിവാഹമോചനത്തിനുശേഷം 2024 മുതൽ ഇരുവരെയും സ്ഥിരമായി ഒന്നിച്ച് കാണാറുണ്ടായിരുന്നു. ജൂണിൽ നടന്ന പാരീസ് ഫാഷൻ വീക്കിനിടെയായിരുന്നു ചടങ്ങെന്നാണ് റിപ്പോർട്ടുകൾ. 40-കാരനായ മൊണ്ടാനയും 31-കാരിയായ മഹ്‌റയും നേരത്തേ വിവാഹബന്ധം വേർപെടുത്തിയവരാണ്.

പാരീസിൽ രാജകീയ വിവാഹനിശ്ചയം
വിവാഹനിശ്ചയം പാരീസിലായിരുന്നുവെന്ന് ഫ്രഞ്ച് മൊണ്ടാനയുടെ പ്രതിനിധി സ്ഥിരീകരിച്ചു. പിന്നീട് ഇരുവരെയും പള്ളികളിലും, ദുബായിലെയും മൊറോക്കോയിലെയും ആഡംബര റെസ്റ്റോറന്റുകളിലും, പാരീസിലും ഒരുമിച്ച് കണ്ടിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കുതിരകളോടുള്ള താൽപര്യത്തിന്റെ പേരിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് മഹ്റ. കുതിരയോട്ട രംഗത്തെ ശക്തമായ സാന്നിധ്യമാണ്. ദുബായിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേശം മഹ്‌റ, ലണ്ടനിലേക്ക് താമസം മാറി, അവിടെനിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദം നേടി.

ഗ്രീസ് സ്വദേശിനിയായ സോയി ഗ്രിഗോറാക്കോസ് ആണ് മഹ്‌റയുടെ അമ്മ. അവർ ഷെയ്ഖ് മുഹമ്മദിൽ നിന്ന് വിവാഹമോചനം നേടിയതായി റിപ്പോർട്ടുകളുണ്ട്. ആദ്യവിവാഹത്തിൽ മഹ്റയ്ക്ക് ഒരു മകളുമുണ്ട്.

സംരംഭകയും ഡിസൈനറുമായ നദീൻ ഖർബൂച്ചിനെയാണ് ഫ്രഞ്ച് മൊണ്ടാന ആദ്യം വിവാഹംചെയ്തത്. ഏഴുവർഷത്തോളം നീണ്ട ദാമ്പത്യത്തിനുശേഷം ബന്ധം പിരിഞ്ഞു. 16 വയസ്സുള്ള ക്രൂസ് ഖർബൂച്ച് മകനാണ്. മൊണ്ടാന തന്റെ ബന്ധങ്ങൾ സ്വകാര്യമായി സൂക്ഷിക്കാനിഷ്ടപ്പെടുന്ന വ്യക്തിയാണ്. അതേസമയം, ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്യമായി പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi