താരങ്ങളായ രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാർത്ത കഴിഞ്ഞമാസമാണ് പുറത്തുവന്നത്. ഒരു സ്വകാര്യചടങ്ങായിട്ടായിരുന്നു വിവാഹനിശ്ചയം. താരങ്ങൾ അതിനോട് പ്രതികരിച്ചില്ലെങ്കിലും, വിജയുടെ ടീം വാർത്ത സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു. വിവാഹം അടുത്തവർഷം ഫെബ്രുവരിയിലായിരിക്കുമെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു. ഉദയ്പൂരിൽ വെച്ചായിരിക്കും ചടങ്ങെന്നും പറയപ്പെടുന്നു.

അതിനിടെ രശ്മികയുടെ ഒരഭിമുഖം വൈറലാവുകയാണ്. അവരുടെ പുതിയ തെലുഗുചിത്രമായ 'ദ ഗേൾഫ്രണ്ടി'ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരക്കുകളിലാണ് രശ്മിക. അതിനിടെ ഒരു സംഘം വിദ്യാർഥികളുമായുള്ള ചാറ്റിനും അവർ സമയം കണ്ടെത്തി. അതിലൊരു ചോദ്യമിങ്ങനെയായിരുന്നു, ''നിങ്ങൾക്കൊപ്പം ജോലി ചെയ്തിട്ടുള്ള എല്ലാ നടൻമാരിൽനിന്നും, ആരെയായിരിക്കും നിങ്ങൾ ഡേറ്റ് ചെയ്യുക, ആരെയായിരിക്കും വിവാഹം കഴിക്കുക, ആരെയാവും കൊല്ലുക?'' അതിന് രശ്മിക നൽകിയ മറുപടിയിങ്ങനെ, ''ഞാൻ നരുറ്റോ എന്ന കഥാപാത്രത്തെ ഡേറ്റ് ചെയ്യും. അത് സിനിമയിൽനിന്നുള്ളതല്ല. പിന്നെ വിവാഹം, ഞാൻ വിജയ്‌നെ വിവാഹം കഴിക്കും''. നിറഞ്ഞ കൈയടികളോടെയാണ് ഈ ഉത്തരം സദസ്സ് സ്വീകരിച്ചത്.
 

അവരുടെ വിവാഹമെന്ന ചർച്ചകൾക്കിടെയുള്ള രശ്മികയുടെ ഉത്തരം, അവരുടെ വിവാഹത്തിലേക്ക് കൈചൂണ്ടുന്നതെന്ന് ആരാധകർ പറയുന്നു. കഴിഞ്ഞ ദിവസം സീ5 ചാനലിൽ ജഗപതി ബാബുവിന്റെ ടോക്ക്ഷോയിലും ഇതേപോലൊരു സംഭവമുണ്ടായിരുന്നു.

രശ്മികയെ കളിയാക്കിക്കൊണ്ട് ജഗപതി ഇങ്ങനെ പറഞ്ഞു, ''വിജയ് ദേവരകൊണ്ടയും സൗഹൃദവും. വിജയ് സേതുപതിയും ആരാധനയും. ദളപതി വിജയും എക്കാലത്തെയും ആരാധികയും. ഇപ്പോൾ നിങ്ങൾ വിജയവും വിജയും സ്വന്തമാക്കിയെന്ന് കരുതുന്നു''. അതിന് രശ്മിക ചിരിച്ചു.

പിന്നീട് രശ്മികയുടെ വിരലിലെ മോതിരം കണ്ടപ്പോൾ, ഇതെല്ലാം വൈകാരികബന്ധമുള്ളതാണോ എന്ന് ജഗപതി ചോദിച്ചു. ഇതെല്ലാം വളരെ പ്രധാനപ്പെട്ടാണെന്ന് താരം മറുപടിയും പറഞ്ഞു. ''ഇതിലൊന്ന് നിനക്ക് വളരെ പ്രിയപ്പെട്ടതാണെന്ന് എനിക്കുറപ്പാണ്. അതിനുപിന്നിലൊരു ചരിത്രമുണ്ടെന്നും എനിക്കറിയാം'', എന്ന ജഗപതി ബാബുവിന്റെ കമന്റും പുഞ്ചിരിയോടെയാണ് രശ്മിക നേരിട്ടത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbiurl.in/grihalakshmi