
''ആരാണ് നിങ്ങളുടെ ബെസ്റ്റ് ഡബിള്‍സ് പാര്‍ട്ണര്‍ ?'' നഡാല്‍ കണ്ണിറുക്കി.
''അത് എന്റെ ഭാര്യയാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. പിന്നെയാണ് നഡാല്‍ കടന്നുവരുന്നത്.'' ചിരിച്ചുകൊണ്ട് ഫെഡററുടെ മറുപടി.
---------
അടര്‍ക്കാനാവാത്ത വിധം ചേര്‍ന്നുപോയ രണ്ടു പേരുകളാണ് റോജര്‍ ഫെഡററുടേതും റാഫേല്‍ നഡാലിന്റേതും. 18 വര്‍ഷം കളിക്കളത്തില്‍ പോരടിച്ചവര്‍. പക്ഷേ, അവരാണ് ലോകത്തിന് സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ആഴം കാട്ടിത്തന്നത്. വീറും വാശിയും അച്ചുതണ്ടായ കായികലോകത്ത് സ്‌നേഹവും ബഹുമാനവും കൊണ്ട് വന്‍കര തീര്‍ത്ത രണ്ടുപേര്‍. ഫെഡാല്‍ എന്ന ഒറ്റപ്പേരില്‍ അറിയപ്പെടുന്നവര്‍.
പരസ്പരം പ്രശംസിക്കാന്‍ രണ്ടുപേര്‍ക്കുമില്ല പിശുക്ക്. അത് കേള്‍ക്കാനുള്ള കൊതി കൊണ്ട് വീണ്ടും വീണ്ടും ആരാധകര്‍ ഓരോന്ന് ചോദിച്ചുകൊണ്ടേയിരുന്നു. മറുപടി കൊടുത്ത് ക്ഷീണിച്ച ഒരു പത്രസമ്മേളനത്തിനൊടുവില്‍ നഡാല്‍ പറഞ്ഞു; ''മതി, ഇനിയും പറഞ്ഞാല്‍ ഞാന്‍ ഫെഡററുടെ ബോയ്ഫ്രണ്ട് ആകാന്‍ പോകുകയാണെന്ന് തോന്നും. ''

2000-കളുടെ തുടക്കത്തിലാണ് ഇരുവരുടെയും യാത്ര തുടങ്ങുന്നത്. ഒന്നാം റാങ്കുകാരനായി ഫെഡറര്‍ ടെന്നീസ് ലോകം അടക്കിവാഴുന്ന കാലം. അന്ന് നഡാല്‍ ജൂനിയറാണ്. 2004 മാര്‍ച്ച് 28-ന് മിയാമി മാസ്റ്റേഴ്‌സില്‍ നടന്ന ആദ്യ ഏറ്റുമുട്ടലില്‍ ജയം നഡാലിന്. അതികായന്മാര്‍ മുഖാമുഖം വന്ന 2008-ലെ വിംബിള്‍ഡണ്‍ ഫൈനല്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനലുകളിലൊന്നായി. പുല്‍ക്കോര്‍ട്ടിലെ 65 ജയങ്ങളെന്ന പകിട്ടുമായി ഫൈനലിലെത്തിയ ഫെഡററെ നഡാല്‍ പരാജയപ്പെടുത്തി. ടെന്നീസിലെ ഏറ്റവും ഗംഭീരമെന്ന് പുകള്‍പെറ്റ ഈ മാച്ചിനെ ആസ്പദമാക്കി പിറന്നതാണ് 'സ്ട്രോക്‌സ് ഓഫ് ജീനിയസ്' എന്ന ഡോക്യുമെന്ററി. 2009-ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലും ആരാധകര്‍ക്ക് പൂരക്കാഴ്ചയായിരുന്നു. 40 മത്സരങ്ങളില്‍ നഡാലിന് 24 ഫെഡറര്‍ക്ക് 16 ജയങ്ങള്‍. 2019 വിംബിള്‍ഡണ്‍ സെമിയില്‍ അവസാനമായി കൊമ്പുകോര്‍ത്തപ്പോള്‍ ഫെഡറര്‍ക്ക് മൂന്നു സെറ്റിന്റെ ആധികാരിക ജയം.
പല നിര്‍ണായക സംരംഭങ്ങളിലും ഫെഡാല്‍ ഒന്നിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണപ്പിരിവിനായി ഒട്ടനവധി സൗഹൃദമത്സരങ്ങള്‍. 'മാച്ച് ഫോര്‍ ആഫ്രിക്ക' പരമ്പരയിലെ പങ്കാളിത്തം ഇരുവരുടെയും സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവായി. ചിരിയും തമാശയും കളിവാക്കും കൊണ്ട് നിറഞ്ഞ മത്സരങ്ങളാണ് ലോകം കണ്ടത്. ജന്മനാട്ടില്‍ സ്വന്തം പേരില്‍ നഡാല്‍ തുടങ്ങിയ ടെന്നീസ് അക്കാദമിയുടെ ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയായത് ഫെഡററാണ്. 2017-ല്‍ ടീം യൂറോപ്പിനെ പ്രതിനിധീകരിച്ച് ഫെഡാല്‍ ലാവര്‍ കപ്പിലെ ഡബിള്‍സ് മത്സരത്തില്‍ കളിച്ചു. പോയിന്റ് നേടിയ ശേഷമുള്ള അവരുടെ ആഘോഷത്തിന്റെ കാഴ്ച എന്നും സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റയും പ്രതീകമായി നിലനില്‍ക്കും.

വിരമിക്കല്‍ എന്ന തീരുമാനം ഫെഡറര്‍ ആദ്യം അറിയിച്ചത് നഡാലിനെയാണ്. തനിക്കൊപ്പം അവസാനമത്സരം കളിക്കണമെന്ന ഫെഡററുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പിരിഞ്ഞ് ആശുപത്രിയില്‍ നിന്ന് നഡാല്‍ ലേവര്‍ കപ്പിനെത്തി. ലേവര്‍ കപ്പില്‍ നിന്ന് ആ മത്സരത്തോടെ നഡാല്‍ പിന്മാറുകയും ചെയ്തു. മത്സരശേഷം വിതുമ്പിക്കരയുന്ന ഇരുവരുടെയും ചിത്രങ്ങള്‍ ലോകത്തെ ഒരേസമയം നോവിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ നഡാലും പടിയിറങ്ങിയിരിക്കുന്നു.
ടെന്നീസ് ഇനി ഒരിക്കലും പഴയതുപോലെയാകില്ല. അവിസ്മരണീയമായ മത്സരങ്ങളും ഹൃദയംഗമമായ ചങ്ങാത്തവും. മത്സരാധിഷ്ഠിതമായ കായികവേദിയില്‍ സ്പോര്‍ട്സ്സ്മാന്‍ഷിപ്പിന്റെ സൗന്ദര്യത്തെ ഓര്‍മ്മിപ്പിക്കുകയാണ് ഫെഡാല്‍.
Content Highlights: fedal- the bond of friendship and respect
Published: 29 Oct 2024, 02:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented