ബോളിവുഡിലെ പ്രശസ്തരായ താരദമ്പതിമാരാണ് ജനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും. ഒരു സിനിമാക്കഥ പോലെ മനോഹരമാണ് ജനീലിയയുടെയും റിതേഷിന്റെയും ജീവിതം. കൊങ്കണില്‍നിന്നുള്ള ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമാണ് ജനീലിയ. റിതേഷാണെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രമുഖരായ ദേശ്മുഖ് കുടുംബാംഗവും. അച്ഛന്‍ വിലാസ്‌റാവു ദേശ്മുഖ് രണ്ടുതവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. 

പതിനാറ് വയസ്സുള്ള ജനീലിയ മനസ്സുനിറയെ സ്വപ്‌നങ്ങളുമായാണ് അമ്മയ്‌ക്കൊപ്പം ഹൈദരാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ആദ്യസിനിമയുടെ ഷൂട്ടിങ്ങിനാണ് വരുന്നത്. ഷൂട്ടിങ് സെറ്റില്‍വെച്ച് 25 വയസ്സുള്ള നായകനെ, അവള്‍ ആദ്യമായി കണ്ടുമുട്ടി. ആള്‍ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ മകനാണെന്നും റിതേഷ് എന്നാണ് പേരെന്നും ജനീലിയയ്ക്ക് അറിയാമായിരുന്നു. 

മുഖ്യമന്ത്രിയുടെ മകനായതുകൊണ്ട് അഹങ്കാരിയായിരിക്കുമെന്നും മോശം പയ്യനായിരിക്കുമെന്നും ജനീലിയ കരുതി. അതുകൊണ്ട് റിതേഷിനെ പൂര്‍ണമായും അവഗണിച്ചു. പതുക്കെയാണ് പാവമാണെന്നും എല്ലാവരോടും മാന്യമായി ഇടപെടുന്നയാളാണെന്നും മനസ്സിലാക്കിയത്. അങ്ങനെ റിതേഷിനോട് സംസാരിച്ചുതുടങ്ങി. അതിനെക്കുറിച്ച് പിന്നീട് റിതേഷ് ഓര്‍ത്തെടുത്തതിങ്ങനെ. ''റാമോജി ഫിലിം സിറ്റിയില്‍ ഒരു ബെഞ്ചിലിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ജനീലിയ എന്റടുത്തേക്ക് വന്നത്. എന്നിട്ട് ചോദിച്ചു, 'നിങ്ങളുടെ സെക്യൂരിറ്റി എവിടെ? അവര്‍ ഒളിച്ചിരിക്കുകയാണോ?' ഞാനൊന്ന് ഞെട്ടി. പിന്നെ പറഞ്ഞു, 'എന്ത് സെക്യൂരിറ്റി? എനിക്ക് സെക്യൂരിറ്റിയൊന്നുമില്ല'. അപ്പോഴാണ് ഞാനൊരു പാവമാണെന്ന് ജനീലിയ ഉറപ്പിച്ചത്''.    

അതൊരു നീണ്ട ബന്ധത്തിന്റെ തുടക്കമായിരുന്നു. ''പിന്നെ ഒരിക്കലും ഞങ്ങള്‍ മിണ്ടാതിരുന്നിട്ടില്ല. മുഖ്യമന്ത്രിയുടെ മകനായതുകൊണ്ടാണ് ഞാന്‍ തുടര്‍ച്ചയായി സംസാരിക്കുന്നതെന്ന് മറ്റുള്ളവര്‍ക്ക് തോന്നുമോ എന്നതായിരുന്നു പിന്നെയുള്ള ചിന്ത,'' ജനീലിയ പറയുന്നു. പതുക്കെ അവര്‍ അടുത്തു. അപ്പോഴും പ്രണയത്തിലാണെന്ന് ഇരുവര്‍ക്കും മനസ്സിലായില്ല. ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുപോയപ്പോഴാണ് തങ്ങളുടെ പ്രണയം ഇരുവരും തിരിച്ചറിഞ്ഞത്. 

placeholder
റിതേഷിന്റെയും ജനീലിയയുടെയും മക്കളായ റയാനും റാഹിലും / instagram

അവരുടെ ആദ്യസിനിമയ്ക്കുശേഷം ഇരുവരും പ്രണയത്തിലാണെന്ന് ഇടയ്ക്കിടെ ഗോസിപ്പുകള്‍ പരന്നു. അപ്പോഴെല്ലാം തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്ന് പറഞ്ഞൊഴിഞ്ഞു ഇരുവരും. വിവാഹശേഷമാണ് ഇതിനെക്കുറിച്ച് ജനീലിയയും റിതേഷും തുറന്നുസംസാരിച്ചത്. ''ചില കാര്യങ്ങള്‍ സ്വകാര്യമായി വെക്കുന്നതാണ് നല്ലതെന്ന അഭിപ്രായക്കാരാണ് ഞങ്ങള്‍ രണ്ടുപേരും. ഞങ്ങളുടെ സ്വകാര്യജീവിതം എന്നും ഞങ്ങളുടേത് മാത്രമായിരിക്കണം''.

അപ്പോഴേക്കും ഇരുവരും കരിയറില്‍ ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു. തമിഴ് സിനിമകളായ ബോയ്‌സ്, സന്തോഷ് സുബ്രഹ്മണ്യം, ചെന്നൈ കാതല്‍ തുടങ്ങിയവയും തെലുഗു സിനിമകളായ സത്യം, ഹാപ്പി, കിങ് തുടങ്ങിയവയും ജനീലിയയെ പ്രശസ്തയാക്കി. ഉറുമി എന്ന മലയാളം സിനിമയിലും ജനീലിയ അഭിനയിച്ചു. റിതേഷും ഹേ ബേബി, നാച്ച്, ധമാല്‍ തുടങ്ങിയ സിനിമകളിലൂടെ കരിയറില്‍ മുന്നേറി. അപ്പോഴും തങ്ങളുടെ പ്രണയം മനോഹരമായി കൊണ്ടുപോവാനും അവര്‍ ശ്രദ്ധിച്ചു. റിതേഷ് തന്റെ മാതാപിതാക്കളെ പരിചയപ്പെടുത്താനായി വീട്ടിലേക്ക് ക്ഷണിച്ച ആദ്യത്തെ പെണ്‍കുട്ടി ജനീലിയ തന്നെ. 

പ്രണയകാലത്ത് ഇരുവര്‍ക്കും ഒരുമാസത്തോളം അകന്നുനില്‍ക്കേണ്ടിവന്നു. റിതേഷ് ന്യൂയോര്‍ക്കിലായിരുന്നു. ജനീലിയ ഷൂട്ടിങ്ങിനായി നാട്ടിലും. ''അന്ന് വീഡിയോ കോളും കോളുമൊക്കെ കുറച്ച് എക്‌സ്‌പെന്‍സീവായിരുന്നു. പ്രത്യേകിച്ച് ന്യൂയോര്‍ക്കില്‍നിന്ന് നാട്ടിലേക്ക് വിളിക്കുന്നത്. അതിനുപകരം ഞങ്ങള്‍ ഓരോ ദിവസവും കത്തുകളെഴുതിവെച്ചു. വീണ്ടും കാണുമ്പോള്‍ മുപ്പത് കത്തുകളുണ്ടായിരുന്നു ഞങ്ങളുടെ കൈയില്‍. അത് അങ്ങോട്ടുമിങ്ങോട്ടും കൈമാറുകയായിരുന്നു'', പ്രണയകാലം ജനീലിയ വിവരിച്ചതിങ്ങനെ.

മഹാരാഷ്ട്രയില്‍നിന്നല്ലാത്ത ഒരു പെണ്‍കുട്ടിയെ മരുമകളാക്കുന്നതിനോട് വിലാസ്‌റാവു ദേശ്മുഖിന് ആദ്യം താത്പര്യമില്ലായിരുന്നു. അതിന്റെ പേരില്‍ കുടുംബവുമായി റിതേഷ് കുറച്ചുകാലം അകന്നുനിന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും വര്‍ഷങ്ങള്‍ക്കുശേഷം വീട്ടുകാര്‍ സമ്മതംമൂളി. ഒമ്പത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും 2012-ല്‍ വിവാഹിതരായി. 

''എങ്ങനെയുള്ള പങ്കാളി വേണമെന്നതിനെക്കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല. പക്ഷേ, എന്റെ ഏറ്റവുമടുത്ത സുഹൃത്തിനെ തന്നെ പങ്കാളിയായും കിട്ടി. എന്നും എനിക്ക് സന്തോഷിക്കാനുള്ള കാരണമാണ് റിതേഷ്'', ഒരിക്കല്‍ ജനീലിയ ഇങ്ങനെ കുറിച്ചു. 

placeholder
ഫോട്ടോ: AFP, PTI

വിവാഹത്തോടെ സിനിമയില്‍നിന്ന് അകന്നു ജനീലിയ. പിന്നെ പൂര്‍ണമായും തിരിച്ചുവരുന്നത് റിതേഷ് സംവിധാനം ചെയ്ത മറാത്തിസിനിമ 'വേദി'ലൂടെയാണ്. അതും പത്തുവര്‍ഷത്തിനുശേഷം. ''ഇത്രയും വര്‍ഷം ഞാന്‍ പൂര്‍ണമായും വീട്ടമ്മയായിരുന്നു. കുട്ടികളെ നോക്കി, കുടുംബം നോക്കി...അങ്ങനെ കഴിയുകയായിരുന്നു. വീട്ടമ്മയുടെ ജോലിയാണ് ഏറ്റവും ബുദ്ധിമുട്ടേറിയത്'', ജനീലിയ തിരിച്ചുവരവിനെക്കുറിച്ച് പറഞ്ഞു.  

21 വര്‍ഷമായി തുടരുന്ന തങ്ങളുടെ ബന്ധത്തിന്റെ രഹസ്യം ഇരുവരും വെളിപ്പെടുത്തുന്നതിങ്ങനെ. ''അഭിപ്രായവ്യത്യാസങ്ങളുണ്ടാവാറുണ്ട്. പക്ഷേ ഞങ്ങള്‍ക്കിടയില്‍ വഴക്കുണ്ടാവാറില്ല. ജനീലിയ വിഷമിച്ചിരിക്കുമ്പോള്‍ അവള്‍ പറയുന്നതെല്ലാം ഞാന്‍ കേള്‍ക്കും. തിരിച്ച് അതിനോട് പ്രതികരിക്കാറില്ല. അങ്ങനെ ചെയ്യുമ്പോള്‍ വഴക്കാവും. തിരിച്ചും അങ്ങനെ തന്നെ. ഒരു പ്രശ്‌നങ്ങളും പിറ്റേദിവസത്തേക്ക് മാറ്റിവെക്കാറില്ല''.