അമേരിക്കയുടെ പ്രഥമവ്യക്തികളായി വൈറ്റ് ഹൗസിലേക്ക് വീണ്ടും പ്രവേശിക്കാനൊരുങ്ങുകയാണ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും. ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞടുപ്പിലെ സ്ഥാനാര്‍ഥിപ്രചാരണങ്ങളില്‍ ട്രംപിനൊപ്പം മെലാനിയ അത്ര സജീവമാവാതിരുന്നത് പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍, ട്രപിനുനേരെ വധശ്രമമുണ്ടായതോടെ അദ്ദേഹത്തിന് പൂര്‍ണപിന്തുണയുമായി മെലാനിയയെത്തി. വേദികളിലും ട്രംപിനൊപ്പമുണ്ടാകാന്‍ മെലാനിയ ശ്രദ്ധിച്ചു.
മോഡലും സ്ലോവേനിയക്കാരിയുമായ മെലാനിയയും ബിസിനസുകാരനായ ട്രംപും ആദ്യമായി കാണുന്നത് 1998-ലാണ്, ന്യൂയോര്‍ക്ക് ഫാഷന്‍ പാര്‍ട്ടിയില്‍ വെച്ച്. രണ്ടാംഭാര്യ മാര്‍ല മേപ്പിള്‍സുമായി ട്രംപ് അകന്നു നില്‍ക്കുന്ന സമയമാണത്. ബിസിനസ് മാനായ ട്രംപിനെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നെങ്കിലും ആദ്യകൂടിക്കാഴ്ചയില്‍ മെലാനിയക്ക് അദ്ദേഹത്തെ തിരിച്ചറിയാനായിരുന്നില്ല. മെലാനിയ ഇരിക്കുന്ന മേശയ്ക്കരികില്‍ വന്ന് ട്രംപ് സൗഹൃദസംഭാഷണം തുടങ്ങുകയായിരുന്നു.
സ്ലോവേനിയയിലെയും ന്യൂയോര്‍ക്കിലെയും ജീവിതത്തെപ്പറ്റി മെലാനിയ ട്രംപിനോട് സംസാരിച്ചു. ട്രംപിന് മെലാനിയയില്‍ വലിയ മതിപ്പുതോന്നി. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ സുന്ദരിയായ മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു ട്രംപ് വന്നത്.
അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സ്ത്രീ ഒരു മിനിറ്റ് നേരത്തേക്ക് മാറിയപ്പോള്‍ മെലാനിയയുടെ ഫോണ്‍നമ്പര്‍ വാങ്ങാന്‍ ട്രംപ് ആ സമയം ഉപയോഗിച്ചു. ഫോണ്‍ നമ്പര്‍ തരില്ലെന്നാണ് മെലാനിയ ആദ്യം പറഞ്ഞത്, ട്രംപിനൊപ്പം മറ്റൊരു സ്ത്രീ ഉണ്ടായിരുന്നതായിരുന്നു കാരണം.

സൗമ്യമായി അദ്ദേഹത്തിന്റെ ആവശ്യം താന്‍ നിഷേധിച്ചുവെന്നും അദ്ദേഹമത് പ്രതീക്ഷിച്ചിരുന്നില്ലെന്നും മെലാനിയ പിന്നീടൊരു അഭിമുഖത്തില്‍ പറഞ്ഞു. സ്വന്തം നമ്പര്‍ കൊടുക്കുന്നതിനു പകരം മെലാനിയ ട്രംപിന്റെ നമ്പര്‍ ചോദിച്ചു, ഏതു തരത്തിലുള്ള നമ്പറാണ് ട്രംപ് തനിക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയാന്‍ വേണ്ടിയായിരുന്നത്രേ അത്. ബിസിനസ് നമ്പറാണെങ്കില്‍ താന്‍ അദ്ദേഹവുമായി ചേര്‍ന്ന് ബിസിനസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലല്ലോ! എന്നാല്‍ ട്രംപ് അദ്ദേഹത്തിന്റെ എല്ലാ നമ്പറുകളും അപ്പോള്‍ മെലാനിയക്കു നല്‍കി. ഓഫീസിലെയും വീട്ടിലെയുമടക്കം.
ട്രംപിന്റെ ഊര്‍ജത്തില്‍ മെലാനിയ അതിനകം ആകൃഷ്ടയായിരുന്നു. ആ കൂടിക്കാഴ്ച കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ മെലാനിയ ട്രംപിനെ വിളിച്ചു. വൈകാതെ ഡേറ്റിങ്ങും തുടങ്ങി. ഒരു വര്‍ഷത്തിനുശേഷം മാര്‍ല മേപ്പിള്‍സില്‍ നിന്ന് ട്രംപ് ഔദ്യോഗികമായി വിവാഹബന്ധം വേര്‍പെടുത്തി. ആദ്യഭാര്യ ഇവാന ട്രംപുമായുള്ള വിവാഹബന്ധം നിലനില്‍ക്കെയാണ് ട്രംപ് മാര്‍ല മേപ്പിള്‍സിനെ പരിചയപ്പെട്ടത് എന്നതാണ് മറ്റൊരു കാര്യം.
മെലാനിയയുമായി ബ്രേക്കപ്പ്
പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്രംപ് ആദ്യം ശ്രമം തുടങ്ങിയത് 2000-ലാണ്. ആ വര്‍ഷമാദ്യം ട്രംപും മെലാനിയയും തമ്മില്‍ പിരിഞ്ഞു. ഒരു അഭിമുഖത്തില്‍ ട്രംപ് ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. മത്സരത്തില്‍ നിന്ന് ട്രംപ് പിന്മാറിയതോടെ ഇരുവരും വീണ്ടും ഒന്നിക്കുകയും ചെയ്തു. 2004-ല്‍ മെറ്റ് ഗാല ഫാഷന്‍ ഷോയില്‍ മെലാനിയയും ട്രംപും ജോടികളായി പങ്കെടുത്തിരുന്നു. ഈ ഗ്ലാമറസ് ചടങ്ങില്‍ വെച്ചാണ് ട്രംപ് മെലാനിയയെ പ്രൊപോസ് ചെയ്യുന്നത്. മെലാനിയ സമ്മതമറിയിച്ചു. തൊട്ടടുത്ത വര്‍ഷം ട്രംപിന്റെ ആഡംബര എസ്റ്റേറ്റില്‍ വെച്ച് ഇരുവരും വിവാഹിതരായി.
2006-ല്‍ ഒരേയൊരു മകനായ ബാരണ്‍ ട്രംപ് ജനിച്ചു. ബാരണിന്റെ ജനനത്തോടെ താന്‍ ഡൊണാള്‍ഡിന്റെ മറ്റൊരു വശം കണ്ടുവെന്നും അത് ഹൃദയത്തില്‍ തൊടുന്നതായിരുന്നുവെന്നുമാണ് മെലാനിയ പിന്നീട് പറഞ്ഞത്. ട്രംപിന്റെ ഏറ്റവുമധികം കാലം നീണ്ടുനിന്ന വിവാഹബന്ധം മെലാനിയക്കൊപ്പമാണ്. 15 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷമാണ് ആദ്യഭാര്യ ഇവാന ട്രംപുമായി പിരിയുന്നത്. രണ്ടാംഭാര്യ മാര്‍ലയുമായി ആറുവര്‍ഷത്തിനുശേഷവും.
Content Highlights: donald trump and melania trump's love story
Published: 13 Nov 2024, 02:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented