നടി മൃണാൾ താക്കൂറും ധനുഷും തമ്മിൽ വിവാഹിതരാകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കവെ, പ്രണയത്തെക്കുറിച്ച് ധനുഷ് മുൻപ് നൽകിയ ഒരു അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

'തേരേ ഇഷ്‌ക് മേം' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ പ്രണയത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ ‘എനിക്കറിയില്ല’ എന്നായിരുന്നു ധനുഷിന്റെ മറുപടി. ‘പ്രണയത്തെക്കുറിച്ച് പറയാൻ ധനുഷ് വളരെ ചെറുപ്പമാണ്' എന്ന് ആരോ തമാശയായി പറഞ്ഞപ്പോൾ, ‘പ്രണയം എന്നത് വെറും അമിത പ്രാധാന്യം നൽകപ്പെട്ട ഒരു വികാരം മാത്രമാണെന്ന് എനിക്ക് തോന്നുന്നു’ എന്നാണ് ധനുഷ് പ്രതികരിച്ചത്.

2004-ലായിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2022-ലാണ് തങ്ങൾ വേർപിരിയുകയാണെന്ന് ഇരുവരും അറിയിച്ചത്.

‘സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും പരസ്പരമുള്ള ഗുണകാംക്ഷികളായും 18 വർഷത്തെ ഒരുമിച്ചുള്ള യാത്ര. വളർച്ചയുടെയും മനസ്സിലാക്കലിന്റെയും പൊരുത്തപ്പെടലിന്റെയും യാത്രയായിരുന്നു അത്. ഇന്ന് ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഞങ്ങൾ നിൽക്കുന്നത്. വ്യക്തികളെന്ന നിലയിൽ പരസ്പരം നന്നായി മനസ്സിലാക്കുന്നതിനായി ദമ്പതികൾ എന്ന നിലയിൽ വേർപിരിയാൻ ഞങ്ങൾ തീരുമാനിച്ചു,’ എന്നായിരുന്നു പ്രസ്താവന. മക്കളായ യാത്ര, ലിംഗ എന്നിവരുടെ കാര്യങ്ങളിൽ ഇരുവരും ഇപ്പോഴും ഒന്നിച്ച് ശ്രദ്ധ നൽകുന്നുണ്ട്.

കഴിഞ്ഞ വർഷം മുതലാണ് മൃണാളും ധനുഷും പ്രണയത്തിലാണെന്ന വാർത്തകൾ വരാൻ തുടങ്ങിയത്. എന്നാൽ താരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2026 ഫെബ്രുവരിയിൽ ഇരുവരും വിവാഹിതരാകുന്നു എന്ന തരത്തിൽ അടുത്തിടെ പ്രചരിച്ച വാർത്തകൾ മൃണാളിനോട് അടുത്ത വൃത്തങ്ങൾ നിഷേധിച്ചു.

‘മൃണാൾ അടുത്ത മാസം വിവാഹിതയാകുന്നില്ല. യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തകളാണിത്. ഫെബ്രുവരിയിലും മാർച്ചിലും മൃണാളിന്റെ സിനിമകൾ റിലീസ് ചെയ്യാനുണ്ട്. ജോലി തിരക്കുകൾക്കിടയിൽ വിവാഹം പ്ലാൻ ചെയ്യുന്നതിൽ അർത്ഥമില്ല. ഇപ്പോൾ അവളുടെ ശ്രദ്ധ മുഴുവൻ കരിയറിലാണ്,’ എന്നും  റിപ്പോർട്ടുകളുണ്ട്.

2025 ഓഗസ്റ്റിൽ 'സൺ ഓഫ് സർദാർ 2' എന്ന ചിത്രത്തിന്റെ പ്രീമിയറിനിടെ ഇരുവരും കണ്ടുമുട്ടിയ വീഡിയോ വൈറലായതോടെയാണ് പ്രണയവാർത്തകൾ ശക്തമായത്. കൂടാതെ 'തേരേ ഇഷ്‌ക് മേം' സിനിമയുടെ പാർട്ടിയിൽ മൃണാൾ പങ്കെടുത്തതും സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi