ചലച്ചിത്ര നിർമ്മാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂർ 26 കിലോ ഭാരം കുറച്ചത് (weight loss) അടുത്തിടെയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ശ്രീദേവി തന്നെ ഇപ്പോൾ കണ്ടിരുന്നെങ്കിൽ വളരെ സന്തോഷിക്കുമായിരുന്നുവെന്ന് പറയുകയാണ് ബോണി കപൂർ. ശ്രീദേവിയുടെ സമീപത്തു നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് അദ്ദേഹം ഇങ്ങനെയൊരു കുറിപ്പും പങ്കുവെച്ചത്. "എന്റെ ഈ രൂപം കാണുമ്പോൾ ശ്രീ വളരെ സന്തോഷിക്കുമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്"-അദ്ദേഹം പറഞ്ഞു.

വർഷങ്ങളായി ശരീരഭാരവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് ബോണി. അതിനെപ്പറ്റി അദ്ദേഹം നിരന്തരം സംസാരിക്കാറുമുണ്ട്. സമീപ മാസങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ ജീവിതശൈലി മാറ്റത്തിന് വിധേയനാവുകയും ചെയ്തു. അദ്ദേഹത്തിന്റെ മെലിഞ്ഞ രൂപവും പുതുമയുള്ള ശൈലിയും ആരാധകരിലും സഹപ്രവർത്തകരിലും അത്ഭുതമുണ്ടാക്കിയിരുന്നു.

ശ്രീദേവി എപ്പോഴും ആരോഗ്യകരമായ ദിനചര്യ സ്വീകരിക്കാൻ ബോണി കപൂറിനെ പ്രോത്സാഹിപ്പിക്കുമായിരുന്നു. ഭാരം കുറയ്ക്കാൻ നിരന്തരം അവർ ബോണിയോട് ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. അമ്മ പലപ്പോഴും അച്ഛനോട് നടക്കാൻ ആവശ്യപ്പെടുമായിരുന്നുവെന്നും, അന്ന് ആ ശ്രമങ്ങളൊന്നും വിജയിച്ചില്ലെന്നും ഇരുവരുടെയും മകൾ ജാൻവി കപൂർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

1996-ലാണ് ശ്രീദേവിയും ബോണി കപൂറും വിവാഹിതരാവുന്നത്. 2018 ൽ ദുബായിൽ വെച്ച് ശ്രീദേവി അന്തരിച്ചു. ഭാര്യയുമായുള്ള അടുപ്പത്തെപ്പറ്റിയും ഒന്നിച്ചുള്ള അനുഭവങ്ങളെപ്പറ്റിയും ബോണി പലപ്പോഴും തുറന്നുപറയാറുണ്ട്. സോഷ്യൽ മീഡിയയിലൂടെയും ശ്രീദേവിയെപ്പറ്റി അദ്ദേഹം ഓർമ പുതുക്കാറുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi