'കുട്ടിത്തവും കുസൃതിയുമുള്ള ക്യൂട്ട് അമ്മായിയമ്മ'യാണ് മഞ്ജരി വാര്‍ദെ. ഹിന്ദി സിനിമാതാരം സമീറ റെഡ്ഡിയുടെ ഭര്‍തൃമാതാവ്. സമീറയും മഞ്ജരിയും ചേര്‍ന്നുള്ള ഇന്‍സ്റ്റഗ്രാം റീലുകള്‍ വലിയ ഹിറ്റുകളാണ്. തമാശയും കുസൃതിയും നിറഞ്ഞ ഇരുവരും ഒന്നിച്ചുള്ള വീഡിയോകള്‍ക്ക് മില്യണ്‍ കണക്കിന് കാഴ്ചക്കാരുണ്ടാവാറുണ്ട്. പെയിന്റര്‍ കൂടിയായ മഞ്ജരിയുടെ ക്രിയേറ്റിവിറ്റികള്‍ക്കും ആരാധകരേറെയാണ്. അവര്‍ ധരിക്കാനായി തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം വളരെ ഭംഗിയുള്ളതാണെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. ഈ പ്രായത്തിലും ഇത്രയും സ്റ്റൈലിഷ് ആയി ചുറുചുറുക്കോടെ നടക്കുന്ന മഞ്ജരിയെ അനുമോദിക്കുകയാണ് സോഷ്യല്‍ മീഡിയ. 

To advertise here,

സസ്സി സാസു എന്നാണ് അമ്മായിയമ്മയെ സമീറ റെഡ്ഡി സ്‌നേഹത്തോടെ വിളിക്കുന്നത്. ഇരുവരും എങ്ങനെ ഇത്രയും അടുപ്പത്തിലായെന്നാണ് പലരുടെയും ചോദ്യം. രഹസ്യമെന്താണെങ്കിലും ശരി ഇഴപിരിയാത്ത സുഹൃത്തുക്കളെപ്പോലെയാണ് ഇരുവരും ഒന്നിച്ചിരിക്കുന്നതും യാത്ര ചെയ്യുന്നതും. 2000-ത്തിന്റെ തുടക്കത്തില്‍ ഹിന്ദി സിനിമയില്‍ വളരെയധികം പേരെടുത്ത താരമാണ് സമീറ റെഡ്ഡി. സാമൂഹികവിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താറുള്ള താരം പുതിയ സിനിമകളുമായി തിരക്കിലാണ്. റീലുകളിലും സജീവം.   

സംരംഭകനായ അക്ഷയ്‌യാണ് സമീറയുടെ ഭര്‍ത്താവ്. 2014-ലായിരുന്നു വിവാഹം. താനും ഭര്‍ത്താവും പ്രണയത്തിലായിരുന്ന സമയത്ത് മൂവി ഡേറ്റിനു പോകുമ്പോള്‍ അമ്മയേയും കൂട്ടിയാണ് അദ്ദേഹം വരാറുണ്ടായിരുന്നതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സമീറ പറഞ്ഞിരുന്നു. രാത്രി എനിക്ക് അവരുടെ വീട്ടില്‍ ചെലവഴിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മഞ്ജരി അത് അനുവദിച്ചിരുന്നെന്നും സമീറ പറയുന്നു. എനിക്ക് 32-ഉം അക്ഷയ്ക്ക് 30-ഉം വയസ്സായിരുന്നു അന്ന്. കാഴ്ചയില്‍ വളരെ മോഡേണും അതേസമയം, വളരെ പരമ്പരാഗത ചിന്താഗതിയുള്ള വ്യക്തിയുമാണ്‌ അമ്മയെന്നും സമീറ പറയുന്നു. 

'അക്ഷയ് അമ്മയെ ഞങ്ങളുടെ ഡേറ്റുകളില്‍ കൊണ്ടുവരും, അതെനിക്ക് പറ്റാത്ത കാര്യമായിരുന്നു, 'നിനക്കറിയുമോ, എന്റെ അമ്മ സിംഗിളാണ്, വിവാഹമോചിതയാണ്, എനിക്ക് എന്റെ അമ്മയെ സിനിമയ്ക്ക് കൊണ്ടുപോകണം' എന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആദ്യത്തെ ആറ് മാസങ്ങളില്‍ അമ്മ സിനിമയ്ക്ക് വന്നിരുന്നു. ഞാനാണെങ്കില്‍ 'ഞങ്ങളിത് എന്താണ് ചെയ്യുന്നത്?' എന്ന മട്ടിലുമായിരുന്നു.'-സമീറ പറയുന്നു. 

അതേസമയം, അമ്മായിയമ്മ അക്ഷയ്യുടെ മുന്‍ കാമുകിമാരെപ്പറ്റിയുള്ള കഥകള്‍ തന്നോടു സ്ഥിരമായി പറയുമായിരുന്നെന്നും സമീറ ഓര്‍ത്തു. സമീറയ്ക്ക് മഞ്ജരി വലിയ പിന്തുണയും നല്‍കിയിരുന്നു. സമീറയ്ക്കും അക്ഷയ്ക്കും രണ്ടു മക്കളാണ്, ഹന്‍സും നൈറയും.