1960-കളിലും 70-കളിലും ബോളിവുഡിൽ തിളങ്ങിയ താരമാണ് ലീന ചന്ദാവർക്കർ. അക്കാലത്തെ എല്ലാ മുൻനിരതാരങ്ങളുടെയും നായികയായി. 'മൻ കാ മീഠ്' എന്ന സിനിമയിലൂടെയാണ് അവരുടെ അരങ്ങേറ്റം. അതിനുശേഷം രാജേഷ് ഖന്ന, ധർമേന്ദ്ര, സഞ്ജീവ് കുമാർ, ജിതേന്ദ്ര, വിനോദ് ഖന്ന, ഷമ്മി കപൂർ, ദിലീപ് കുമാർ, രാജ് കുമാർ, സുനിൽ ദത്ത് തുടങ്ങിയവരുടെ നായികയായി.
ആർമി ഓഫീസറുടെ മകളായി കർണാടകയിലാണ് ലീന ജനിച്ചത്. മോഡലിങ്ങിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. മീനാകുമാരിയുടെ അഭിനയം കണ്ടാണ് തനിക്ക് സിനിമയോട് താത്പര്യം തോന്നിയതെന്ന് അവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിനിമയിൽ വന്നശേഷം മീനാകുമാരി ചെയ്തപോലുള്ള റോളുകൾ കിട്ടിയിട്ടില്ലെന്നും ലീന തുറന്നുപറഞ്ഞിരുന്നു.
സുനിൽ ദത്തിന്റെ നായികയായിട്ടാണ് ആദ്യസിനിമയിൽ അഭിനയിക്കുന്നത്. പക്ഷേ, ആ സിനിമ പുറത്തുവന്നില്ല. അതിനുശേഷം സുനിൽ ദത്തിന്റെ സംവിധാനത്തിലുള്ള സിനിമയിൽ അഭിനയിക്കാനുള്ള അവസരം കിട്ടി. അത് വിജയിച്ചതോടെ, ലീനയ്‌ക്കൊരു താരപരിവേഷം തന്നെ കിട്ടി. ഹേമമാലിനി, മുംതാസ് തുടങ്ങിയ നടിമാർക്കൊപ്പമുള്ള സ്ഥാനം ലീനയ്ക്ക് അധികം വൈകാതെ കിട്ടുകയും ചെയ്തു.
ലീനയുടെ കരിയറിനൊപ്പം തന്നെ അവരുടെ സ്വകാര്യജീവിതവും അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. താരമായി തിളങ്ങിനിൽക്കുന്ന സമയത്ത്, 22-ാം വയസ്സിലാണ് അവർ വിവാഹിതയാകുന്നത്. ഗോവ മുഖ്യമന്ത്രി ദയാനന്ദ് ബണ്ഡോട്കറിന്റെ മകനായ സിദ്ധാർഥുമായുള്ള വിവാഹം ഏറെ ആഡംബരത്തോടുകൂടിയായിരുന്നു. സിദ്ധാർഥിന് ലീനയോട് തോന്നിയ പ്രണയം, ഒടുവിൽ വിവാഹത്തിലെത്തുകയായിരുന്നു. സിനിമകളുടെ ഷൂട്ടിങ് പാതിവഴിയിൽ നിർത്തിയാണ് വിവാഹത്തിനായി ലീന നാട്ടിലെത്തുന്നത്, ചെറിയൊരു അവധിക്കുശേഷം തിരിച്ചെത്താമെന്ന പ്രതീക്ഷയിൽ. പക്ഷേ ഒന്നും ചിന്തിച്ചതുപോലെയല്ല നടന്നത്.
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ലീനയുടെ ജീവിതത്തിലേക്ക് ആദ്യത്തെ ദുരന്തമെത്തി. അപ്രതീക്ഷിതമായി തോക്കിൽനിന്നുള്ള വെടിയേറ്റ് സിദ്ധാർഥിന് ഗുരുതരമായ പരിക്ക് പറ്റി. മാസങ്ങളോളം ആസ്പത്രിയിൽ കിടന്നു, ഒടുവിൽ മരണവും. ''വിവാഹവും റിസപ്ഷനുമെല്ലാം കഴിഞ്ഞ് ഗോവയിലെ വീട്ടിലായിരുന്നു ഞങ്ങൾ. മധുവിധു ആഘോഷിക്കാനായി വിദേശത്ത് പോവാനുള്ള ഒരുക്കങ്ങളിലായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന് പരിക്കേൽക്കുന്നത്. ലോഡ് ചെയ്ത തോക്ക് തുടച്ചുമിനുക്കുന്നതിനിടയിലാണ് സംഭവം. നേരെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. മാസങ്ങളോളം അവിടെ കിടന്നുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല'', പിന്നീട് അക്കാലം ലീന ഓർത്തെടുത്തു.
ലീന മാതാപിതാക്കൾക്കൊപ്പം തിരികെ സ്വന്തം വീട്ടിലെത്തി. അപ്പോഴേക്കും നാലുഭാഗത്തുനിന്നും കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങേണ്ടിവന്നു. ലീനയുടെ ദോഷം കൊണ്ടാണ് സിദ്ധാർഥ് മരിച്ചതെന്ന് ആളുകൾ കുറ്റപ്പെടുത്തി. വിഷാദത്തിൽ മുങ്ങിയ നാളുകൾ. കുടുംബം ഒന്നടങ്കം ലീനയ്‌ക്കൊപ്പം നിന്നു. പക്ഷേ അവർക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല. ഉറക്കഗുളികയിൽ അഭയം തേടിയ നാളുകൾ. ഒടുവിൽ പതുക്കെ തിരിച്ചുവന്നു. ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കാനായി ബോംബെയിലേക്ക് തിരിച്ചുപോയി.
അതുകഴിഞ്ഞാണ് പ്രശസ്തഗായകൻ കിഷോർ കുമാറിനെ കണ്ടുമുട്ടുന്നത്. ആദ്യം സൗഹൃദം മാത്രമായിരുന്നു. കിഷോർ കുമാർ തന്നെയാണ് ലീനയോട് വിവാഹാഭ്യർഥന നടത്തുന്നതും. അദ്ദേഹം അപ്പോഴേക്കും മൂന്നുതവണ വിവാഹിതനായിരുന്നു. മാത്രമല്ല, ലീനയേക്കാൾ 20 വയസ്സ് കൂടുതലും. ഇക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ, ലീനയുടെ വീട്ടുകാർ എതിർത്തു. ഒടുവിൽ കർണാടകയിലുള്ള ലീനയുടെ കുടുംബവീട്ടിൽ കിഷോർ എത്തി.
ലക്ഷ്യം വിവാഹത്തിനുള്ള സമ്മതം നേടിയെടുക്കുകയെന്നതായിരുന്നു. വീട്ടിലിരുന്ന് കുറേ പാട്ടുകൾ പാടി. ഒടുവിലത്തെ പാട്ടുപാടി കഴിഞ്ഞപ്പോൾ, കിഷോർ കുമാറിനെ ലീനയുടെ അച്ഛൻ കെട്ടിപ്പിടിച്ചു. വിവാഹം നടത്താമെന്ന വാക്കും നൽകി. അടുത്ത തിരിച്ചടി കിഷോർ കുമാറിന്റെ മരണത്തിന്റെ രൂപത്തിലായിരുന്നു. ഏഴുവർഷത്തെ ദാമ്പത്യത്തിനുശേഷം കിഷോർ കുമാർ മരിക്കുമ്പോൾ ലീനയ്ക്ക് 37 വയസ്സാണ് പ്രായം. കൂടെ അഞ്ചുവയസ്സുള്ള മകനും.
പിന്നീട് ലീന തന്റെ ജീവിതത്തെ വിശേഷിപ്പിച്ചതിങ്ങനെ, ''എന്റെ ജീവിതം ശരിക്കുമൊരു സിനിമ പോലെ തന്നെയാണ്. വിഷാദം പിടിമുറുക്കുമ്പോൾ, ഞാൻ വാതിലുകളടച്ച്, ടിവി നല്ല ശബ്ദത്തിൽ വെക്കും. എന്നിട്ട് ഉറക്കെ കരയും. പിന്നെയൊരു കപ്പ് ചായ കുടിക്കുമ്പോഴേക്കും ഞാൻ ഓകെയാവും. വീണ്ടും പുഞ്ചിരിക്കും''. കിഷോർ കുമാറിന്റെ വാക്കുകളാണ് തന്നെ മുന്നോട്ടുനയിച്ചതെന്നും അവർ പറയുന്നു. ''അപ്പോഴെല്ലാം കിഷോർ ജി പറയുന്ന വാക്കുകൾ ഞാനോർക്കും, 'നിങ്ങളൊരു വിനോദസഞ്ചാരി മാത്രമാണ്. ജീവിതത്തിൽനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കരുത്'. കിഷോർ കുമാറിന്റെ മരണത്തോടെ സിനിമയിൽനിന്ന് അവർ എന്നെന്നേക്കുമായി വിരമിക്കുകയും ചെയ്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: From Bollywood fame to personal tragedies, the life of Leena Chandavarkar, wife of Kishore Kumar
Published: 01 Sept 2025, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented