കൊച്ചിയുടെ സ്വന്തം ബോള്‍ഗാട്ടി പാലസ്. ഡച്ചുകാര്‍ നിര്‍മിച്ച ആ കൊട്ടാരത്തിന്റെ പരിസരം അപ്പോള്‍ ബഡായി ബംഗ്ലാവിന്റെ സെറ്റുപോലെ തോന്നിപ്പിച്ചു. ചിരിയും പൊട്ടിച്ചിരിയുമൊക്കെയായി സന്തോഷത്തിന്റെ പല വകഭേദങ്ങള്‍ അവിടെ പൊട്ടിവിരിഞ്ഞു. ഗൃഹലക്ഷ്മിയുടെ മുഖചിത്രത്തിനായി ക്യാമറ തയ്യാറായി. പാട്ടിനൊപ്പം നൃത്തമെന്നപോലെ ആര്യയ്‌ക്കൊപ്പം സിബിനും ചേര്‍ന്നുനിന്നു. കോമഡിയും കൗണ്ടറുകളുമായി ഇരുവരും ജീവിതത്തിന്റെ പുതിയ എപ്പിസോഡിന് തുടക്കമിടുകയാണ്. മിനിസ്‌ക്രീനില്‍നിന്ന് തുടങ്ങിയ സൗഹൃദം വിവാഹത്തിലേക്കെത്തുന്നു.

''ഒടുവില്‍ ഞാന്‍ പൂര്‍ണത അനുഭവിക്കുകയാണ്. എന്റെ ഹൃദയവും മനസ്സും സമാധാനത്തിലിരിക്കുന്നതിന്റെ സന്തോഷം കണ്ടെത്തിയിരിക്കുന്നു. നിന്റെ കൈകളില്‍ ഞാനെന്റെ വീട് കണ്ടെത്തി. ശരിയായ സമയത്തെടുത്ത ശരിയായ തീരുമാനം.'' വിവാഹനിശ്ചയത്തിന്റെ ഫോട്ടോയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ആര്യ കുറിച്ച വാക്കുകളിലുണ്ട് പ്രണയം സമ്മാനിച്ച സ്വാസ്ഥ്യത്തിന്റെ ആഴം.

അഭിനേത്രി, അവതാരക, സംരംഭക... അങ്ങനെ പലവിലാസങ്ങളുണ്ട് ആര്യാ ബാബുവിന്. ഡാന്‍സ് കോറിയോഗ്രാഫര്‍, ഡിജെ, അവതാരകന്‍ എന്നിങ്ങനെ സിബിനുമുണ്ട് പലവേഷങ്ങള്‍. രണ്ട് വ്യത്യസ്ത സീസണുകളില്‍ ബിഗ് ബോസിലെ മത്സരാര്‍ഥികളുമായി ഇരുവരും. ഫോട്ടോഷൂട്ടിനിടെ ഇരുവരോടുമായി ഒരു ചോദ്യം.

എന്നാണ് കല്യാണം...?

മറുപടി ഒരു പാട്ടിലെ വരികളായിരുന്നു. ജീവിതംപോലെ ഒരേ ഈണത്തില്‍,

ചിങ്ങമാസം വന്നുചേര്‍ന്നാല്‍, നിന്നെ ഞാനെന്‍ സ്വന്തമാക്കും.

ആദ്യത്തെ കണ്ടുമുട്ടല്‍

ആര്യ : വര്‍ഷങ്ങള്‍ക്കുമുന്‍പായിരുന്നു ആദ്യത്തെ കണ്ടുമുട്ടല്‍. തിരുവനന്തപുരത്തെ എസ്എല്‍ തിയേറ്ററില്‍വെച്ച്. വളരെ ഹ്രസ്വമായിരുന്നു ആ കൂടിക്കാഴ്ച.

സിബിന്‍: സിനിമയുടെ പേര് ഏതാണെന്ന് ഓര്‍മയില്ല. പക്ഷേ, രണ്ടാളും രണ്ടുവഴിയിലായിരുന്നു സിനിമ കാണാന്‍വന്നത്.

ആര്യ: അതെ. ഞങ്ങളുടെ എക്സ് പാര്‍ട്ണേഴ്സിന്റെ കൂടെ.

സിബിന്‍: എന്റെ ആദ്യഭാര്യ ആര്യയുടെകൂടെ പഠിച്ചിട്ടുണ്ട്. പിന്നെ ആര്യയുടെ അന്നത്തെ ഭര്‍ത്താവ് രോഹിത്തിനെ എനിക്കറിയാം. ഞങ്ങള്‍ രണ്ടുപേരും ഡാന്‍സര്‍മാരാണല്ലോ. അതുകൊണ്ടുള്ള പരിചയം. അങ്ങനെ അവിടെവെച്ച് കണ്ടു, ഹായ് പറഞ്ഞു, പിരിഞ്ഞു. ആര്യയെ പിന്നെ 'ബഡായി ബംഗ്ലാവി'ല്‍ കണ്ട പരിചയവുമുണ്ട്.

 

placeholder

പ്രണയം പൂവിടുന്നു

സിബിന്‍: എപ്പോള്‍ പ്രണയം തുടങ്ങി എന്നതിന് കൃത്യമായ ഉത്തരം നല്‍കാനാവില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഞാന്‍ എന്റെ കാര്യങ്ങളൊക്കെ ആര്യയോട് പങ്കുവയ്ക്കും. അവള്‍ തിരിച്ചും. അങ്ങനെ മുന്നോട്ടുപോകുമ്പോള്‍ ഒരിക്കല്‍ ഞാന്‍ പറഞ്ഞു, ''നാല്പത് വയസ്സായിട്ടും ഒന്നും നടക്കുന്നില്ലെങ്കില്‍ നമുക്ക് കെട്ടാം.'' രണ്ടുവര്‍ഷം മുന്‍പായിരുന്നു ആ സംസാരം.

ആര്യ: ഏഷ്യാനെറ്റില്‍ 'സ്റ്റാര്‍ട്ട് മ്യൂസിക്ക് ആരാദ്യം പാടും' എന്നൊരു മ്യൂസിക്കല്‍ ഗെയിംഷോയുണ്ടായിരുന്നു, സീരിയല്‍ താരങ്ങള്‍ക്കായി. അതില്‍ ആങ്കര്‍ ഞാനായിരുന്നു. സിബിന്‍ അതിന്റെ ഡിജെയും. ഷൂട്ട് കഴിഞ്ഞ് മിക്കദിവസവും ഒരുമിച്ചാണ് മടങ്ങുക. അങ്ങനെ ഒരിക്കല്‍ തിരിച്ചുപോവുമ്പോഴായിരുന്നു സിബിന്റെ ഈ സംസാരം. വളരെ ആകസ്മികമായിട്ടായിരുന്നു അത്. ഡ്രൈവിനിടയില്‍ ഞങ്ങള്‍ പല തമാശകളും പറയാറുണ്ട്. അങ്ങനെ പറഞ്ഞ ഒരു തമാശയായിരുന്നു സത്യത്തില്‍ അതും.

സിബിന്‍: വേറെ ഒരു പ്ലാനുംകൂടി മുന്നോട്ടുവെച്ചു. ഒരു വീട് എടുത്തിട്ട് ഓള്‍ഡ് എയ്ജ് ഹോം തുടങ്ങുക. പ്രായമായ കുറേ ആള്‍ക്കാരെ അവിടെ താമസിപ്പിക്കാം. കൂടെ നമുക്കും അവിടെ കഴിയാം എന്ന പ്ലാന്‍.

അവര്‍ ഒരുമിക്കുന്നു

സിബിന്‍: ഒരുവര്‍ഷം മുന്‍പൊരു സുപ്രഭാതത്തില്‍ ഞാന്‍ ചോദിച്ചു:''ഇത്രയും അടുത്തറിയുന്നവരാണ് നമ്മള്‍. രണ്ടുപേരും ഇപ്പോള്‍ ഒറ്റയ്ക്കാണ്. വിവാഹമോചിതരുമാണ്. എന്നാപ്പിന്നെ നമുക്ക് കല്യാണം കഴിച്ചൂടേ?'' ആര്യ ആലോചിക്കാന്‍ സമയമൊന്നും എടുത്തില്ല. അപ്പോള്‍ത്തന്നെ പറഞ്ഞു, ''യെസ്!''

ആര്യ: സത്യം. അധികം ആലോചിക്കാനൊന്നും നിന്നില്ല. വളച്ചുകെട്ടലില്ലാതെയായിരുന്നു ചോദ്യം. ഇനി പ്രേമിക്കാനൊന്നും സമയമില്ല, താത്പര്യവുമില്ല. ആ സമയമൊക്കെ കഴിഞ്ഞു. ഇതാണ് സമയമെന്ന് എനിക്ക് തോന്നി. ലൈഫില്‍ സാച്ചുറേഷന്‍ പോയിന്റിലെത്തില്ലേ. രണ്ടുപേരും ഏതാണ്ട് ആ പോയിന്റില്‍ എത്തിയിരുന്നു.

ഖുഷിയുടെ സന്തോഷം

ആര്യ: ഒരുമിക്കാനുള്ള ഞങ്ങളുടെ തീരുമാനം മോളെ അറിയിച്ചത് സിബിനാണ്. ഈ വിഷയം സംസാരിക്കുമ്പോഴേ സിബിന്‍ എന്നോട് പറഞ്ഞു. ''ഖുഷിയോട് (ആര്യയുടെ മകള്‍) ഞാന്‍ പറയാം. അവളുടെ മറുപടി എന്താണെന്ന് ഞാന്‍ നിന്നെ അറിയിക്കാം.'' ഇവനും ഖുഷിയും അന്ന് റൂമിലിരുന്ന് എന്താണ് സംസാരിച്ചതെന്ന് എന്നോട് ഇപ്പോഴും പറഞ്ഞിട്ടില്ല. ലിറ്റില്‍ സീക്രട്ട് ആണെന്നാ പറഞ്ഞേ. ഇനി പറയുമെന്നും എനിക്ക് തോന്നുന്നില്ല (ചിരിക്കുന്നു).

സിബിന്‍: അത് അച്ഛനും മോളും തമ്മിലുള്ള സീക്രട്ട്. ഖുഷി എനിക്ക് സ്വന്തം മോളെപ്പോലെയാണ്. അവളെ കണ്ട കാലംതൊട്ടേ നന്നായി ട്രീറ്റ് ചെയ്തു. എല്ലാകാര്യങ്ങളും സംസാരിക്കാനുള്ള സ്പെയ്സ് ഞങ്ങള്‍ക്കിടയിലുണ്ട്. ഖുഷിയോട് ഞാന്‍തന്നെ ഇക്കാര്യം പറയുമെന്ന് തീരുമാനിച്ചിരുന്നു. ശരിയായ സമയമെത്തിയപ്പോള്‍ പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞ് ഒരു തംസ് അപ്പ് ആയിരുന്നു ഖുഷിയുടെ മറുപടി.

ആര്യ: ഖുഷി വളരെ ഹാപ്പി ആയിരുന്നു. പിന്നീടങ്ങോട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും അവളായിരുന്നു സപ്പോര്‍ട്ട്. സര്‍പ്രൈസ് പ്ലാനിങ്ങിലെല്ലാം സിബിനൊപ്പം അവളുമുണ്ടായി.

ഹണിമൂണ്‍

സിബിന്‍: സ്വിറ്റ്സര്‍ലന്‍ഡാണ് മനസ്സില്‍. ആര്യ കുറേ നാളായി ആ പേര് പറയുന്നു.

ആര്യ: ആ സ്ഥലത്തെ ഫോട്ടോസ് കാണുമ്പോഴെല്ലാം പോകണമെന്ന് ഞാന്‍ പറയും.

സിബിന്‍: എവിടെയായാലും ഓക്കെയാണ്. ശംഖുമുഖത്ത് പോയാലും ഓക്കെയാണ്. അല്ലേ? (ഇരുവരും ചിരിക്കുന്നു). എവിടെയാണോ കൂടുതല്‍ കംഫര്‍ട്ടബിള്‍ അവിടേക്ക് പോകുക എന്നതാണ്. ഹണിമൂണ്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിര്‍ത്തുകയൊന്നുമില്ല.

  • സിംഗിള്‍ പേരന്റായിരുന്നു ആര്യ. അതിന്റെ പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ടോ?

ഞങ്ങള്‍ രണ്ടുപേരും അനുഭവിച്ചിട്ടുണ്ട്. ഖുഷി ഈസ് മൈ ഫ്രണ്ട്. കസ്റ്റോഡിയന്‍ഷിപ്പ് എനിക്കാണെങ്കില്‍പോലും എനിക്കും അവളുടെ അച്ഛനും തുല്യ അവകാശമുണ്ട്. അവളും അച്ഛനും തമ്മിലുള്ള സംസാരത്തിനിടയില്‍ ഞാനുണ്ടാകാറില്ല. അവര്‍ നേരിട്ട് കാര്യങ്ങള്‍ പറയുന്നു. പിന്നെ ബുദ്ധിമുട്ടുതോന്നിയ സന്ദര്‍ഭം സ്‌കൂളിലെ പേരന്റ്സ് മീറ്റിങ്ങിനൊക്കെ പോവുമ്പോഴാണ്. മറ്റുകുട്ടികള്‍ അച്ഛനെയും അമ്മയെയും കൂട്ടിവരുമ്പോള്‍ ഇവളുടെകൂടെ ഞാന്‍ മാത്രമേയുണ്ടാകൂ. അച്ഛന്റെ അസാന്നിധ്യം അവളെ അലട്ടുന്നുണ്ടോ എന്ന് പലപ്പോഴും ചിന്തിച്ചിരുന്നു. ഇപ്പോള്‍ സിബിന്‍ അതിനെയെല്ലാം നന്നായി ഡീല്‍ ചെയ്യുന്നുണ്ട്.

  • നിങ്ങളുടെ കാഴ്ചപ്പാടില്‍ വിവാഹപ്രായം എത്രയാണ്?

ആര്യ: നിങ്ങള്‍ എപ്പോള്‍ റെഡിയാകുന്നുവോ, അപ്പോള്‍. വിവാഹത്തിന് അങ്ങനെ പ്രത്യേക പ്രായമില്ലെന്നാണ് അഭിപ്രായം.

സിബിന്‍: അത് ശരിയാണെന്ന് തോന്നുന്നില്ല. നമ്മള്‍ റെഡി എന്ന് വിചാരിക്കും. പക്ഷേ, ശരിക്കും നമ്മള്‍ റെഡി ആയിരിക്കില്ല. 20-ാം വയസ്സില്‍ നമ്മള്‍ ഒരു തീരുമാനമെടുക്കുന്നു. അന്ന് നമുക്കത് ശരിയാണ്. എന്നാല്‍ 33-ാം വയസ്സില്‍ നില്‍ക്കുമ്പോള്‍ 20-ാം വയസ്സില്‍ എടുത്ത തീരുമാനം തെറ്റാണെന്ന് തോന്നിയേക്കാം. 40-ാം വയസ്സിലെത്തുമ്പോള്‍ ഇപ്പോഴെടുക്കുന്ന തീരുമാനം തെറ്റാണെന്നും തോന്നിയേക്കാം. അതുകൊണ്ട് അതിനൊന്നും ശരിയായ ഉത്തരമില്ലെന്നാണ് വിശ്വാസം.

  • എങ്ങനെയാണ് സിനിമാമേഖലയിലേക്ക് ആര്യ എത്തുന്നത് ? എന്‍ജിനീയറാകാനായിരുന്നു താത്പര്യമെന്ന് കേട്ടിട്ടുണ്ട്?

ആര്യ: ഒരിക്കലുമില്ല. കന്യാസ്ത്രീയാകാനായിരുന്നു താത്പര്യം (പൊട്ടിച്ചിരി).

സിബിന്‍: ഓ മൈ ഗോഡ്!

ആര്യ: സത്യം. എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. വലിയ കൊന്തയെല്ലാം ഇട്ട് നടക്കാനൊക്കെ.

സിബിന്‍: അതുകൊണ്ടാണ് നസ്രാണിയെ കെട്ടിയത് (ചിരി).

ആര്യ: സ്‌കൂളിലും മറ്റും എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസില്‍ സജീവമായിരുന്നു. പാട്ടൊഴിച്ച് ബാക്കി എല്ലാത്തിലും പങ്കെടുക്കും. ഡാന്‍സ്, ഡ്രാമ, മോണോ ആക്ട് അങ്ങനെ എല്ലാത്തിലും. മോഡലിങ്ങില്‍ ആയിരുന്നു തുടക്കം. അവിടെനിന്ന് സീരിയലില്‍ എത്തി. ശേഷം ടെലിവിഷന്‍ അവതാരകയുടെ റോളിലേക്കും.

  • 'ബഡായി ബംഗ്ലാവ് 'മിസ് ചെയ്യുന്നുണ്ടോ?

ആര്യ: തീര്‍ച്ചയായും, 'ബഡായി ബംഗ്ലാവ്' മിസ് ചെയ്യുന്നുണ്ട്. എനിക്ക് ഒരുപാട് ഗുണംചെയ്ത പ്രോഗ്രാമാണത്. കൂടുതല്‍പേര്‍ എന്നെ അറിഞ്ഞത് അതിലൂടെയാണ്.

സിബിന്‍: പക്ഷേ, 'ബഡായിബംഗ്ലാവി'ലെ ആര്യയെ ഞാന്‍ ഒട്ടും മിസ് ചെയ്യുന്നില്ല. അന്നടിച്ച കോമഡികളാണ് ഇപ്പോഴും എന്റെയടുത്ത് അടിക്കുന്നത് (ചിരി).

  • ബിഗ്സ്‌ക്രീന്‍ ആണോ മിനിസ്‌ക്രീന്‍ ആണോ ആര്യക്ക് കൂടുതല്‍ ഇഷ്ടം?

രണ്ടും എനിക്ക് ഇഷ്ടമാണ്. താത്പര്യമുള്ള മേഖലകളില്‍ മാത്രമേ ഞാന്‍ കൈവയ്ക്കാറുള്ളൂ. ഇഷ്ടത്തോടെയാണ് ഓരോന്നും ചെയ്യുന്നത്.

  • കോവിഡ് കാലത്ത് നിര്‍ത്തിയ 'ബിഗ്ബോസി' ലായിരുന്നു ആര്യ മത്സരിച്ചത്. അന്ന് പാതിവഴിയില്‍ നിര്‍ത്തിയില്ലെങ്കില്‍ വിജയിയാകുമെന്ന് തോന്നിയിരുന്നോ ?

കൃത്യമായി അറിയില്ല. അവിടെനിന്ന് പുറത്തിറങ്ങിയ ആഴ്ചയില്‍ ഉയര്‍ന്ന വോട്ട് എനിക്കായിരുന്നു എന്ന് കേട്ടിരുന്നു. ബിഗ് ബോസിനകത്ത് ഒരു ബുദ്ധിമുട്ടും നേരിട്ടിട്ടില്ല. പുറത്തുവന്നപ്പോള്‍ ചില കാര്യങ്ങള്‍ തിരിച്ചറിഞ്ഞു. അതോടെ ഞാന്‍ ആ ഷോ വെറുത്തു.

  • സംരംഭക രംഗത്തേക്ക് ആര്യ കടക്കുന്നത് എങ്ങനെയാണ്?

ജീവിക്കണമല്ലോ. വേറെ വഴിയില്ല. ഇപ്പോള്‍ എനിക്ക് സിനിമ കുറവാണ്. ടെലിവിഷനില്‍നിന്ന് ഓഫറുകളും കുറഞ്ഞു. ഇങ്ങനെയൊരു സാഹചര്യം വരുമെന്ന് നേരത്തേ മനസ്സിലാക്കി. സിനിമാരംഗത്ത് അങ്ങനെ ഒത്തിരിപേരെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരുകാലത്ത് കത്തിനിന്ന പലരും പിന്നീട് അപ്രത്യക്ഷരാകുന്നു. ഒരിക്കല്‍ നമ്മളും ആ അവസ്ഥയിലേക്ക് എത്തുമെന്ന് മനസ്സിലാക്കിയ സമയത്താണ് ഇതിനപ്പുറമുള്ള സാധ്യത തേടിയത്.

  • 'കാഞ്ചീവരം'- ആര്യയുടെ സംരംഭത്തിന്റെ പേരാണ്. എങ്ങനെയാണ് ആര്യയ്ക്ക് സാരിയോട് ഇഷ്ടം തോന്നുന്നത്?

പട്ടുസാരികളോട് പണ്ടുതൊട്ടേ ഇഷ്ടമായിരുന്നു. പക്ഷേ, ഞാന്‍ സാരി വളരെ കുറച്ചേ ധരിക്കാറുള്ളൂ. പട്ടുസാരി കാണാനാണ് ഇഷ്ടം. ആ ഇഷ്ടം സാരി ബിസിനസിലേക്കെത്തിച്ചു.

ജീവിതത്തിന്റെ പുതിയ അധ്യായത്തിന്റെ താള്‍ തുറക്കുകയാണ്. ചിരിയും തമാശകളും നിറഞ്ഞ പുതിയ ഏട്. ജീവിതം പകര്‍ന്ന പാഠങ്ങളുടെ നിറവില്‍ ആര്യയും സിബിനും അവരുടെ സ്വപ്‌നങ്ങളും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi