പെണ്ണുങ്ങൾക്ക് എന്ത് സുഖമാണല്ലേ.. കണ്ടില്ലേ ബസ്സിൽ പോലും ഇപ്പോൾ കാശ് കൊടുക്കേണ്ട.... പ്രിയദർശിനി ബസ് സർവീസുകൾ ആരംഭിച്ചപ്പോൾ പൊതുവിൽ കേട്ട കമന്റുകളിലൊന്നാണ്... എന്നാൽ ഇങ്ങനെയൊന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? സ്ത്രീകൾക്കുള്ള ഷേവിങ് റേസറുകൾക്ക് പുരുഷന്മാരുടേതിനേക്കാൾ വിലകൂടുതലാണ്. സ്ത്രീകൾക്കുള്ള ഷാംപൂ, കണ്ടീഷണർ തുടങ്ങിയവക്കും പുരുഷന്മാരുടേതിനേക്കാൾ വിലകൂടുതലാണ്. സ്ത്രീകൾക്കുള്ള വസ്ത്രങ്ങൾക്ക് പ്രത്യേകിച്ച് ഡിസൈനർ എത്‌നിക് വെയറുകൾക്ക് പുരുഷന്മാരുടെ വസ്ത്രങ്ങളേക്കാൾ വിലകൂടും. സ്ത്രീകൾ ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുക്കൾക്ക് പുരുഷന്മാർ ഉപയോഗിക്കുന്ന വസ്തുക്കളെ അപേക്ഷിച്ച് വില കൂടുതുതലാണ്. പെൺകുട്ടികളുടെ പിങ്ക് നിറമുള്ള സൈക്കിൾ മുതൽ പെൺകുട്ടികളുടേതെന്ന് അടയാളപ്പെടുത്തപ്പെട്ട പാവകൾ, ബാഗുകൾ, ടിഫിൻ ബോക്‌സുകൾ എന്നിവയ്ക്കുവരെ വില കൂടുതലാണ്... എന്നാൽ പിങ്ക് സൈക്കിളും നീല സൈക്കിളും തമ്മിൽ ഉപയോഗത്തിൽ എന്താണ് വ്യത്യാസം? പിങ്ക് പാവയും നീലപാവയുമാണെങ്കിലോ.... പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ഉപയോഗിക്കുന്ന ഒരേ പ്രയോജനമുള്ള ഒരു ഉത്പന്നം. അതിൽ സ്ത്രീകളുടേതെന്ന് ലേബൽ ചെയ്തതുകൊണ്ട് മാത്രം വില കൂടുതൽ നല്‌കേണ്ടി വരുന്നു. സാമ്പത്തിക-സാമൂഹിക വ്യത്യാസങ്ങളൊന്നുമില്ലാതെ സ്ത്രീകൾ നേരിടുന്ന ചൂഷണത്തിന്റെ മറ്റൊരു മുഖമാണ് പിങ്ക് ടാക്‌സ്. ഒരു നിയമാവലിയിലും എഴുതിച്ചേർക്കപ്പെട്ട നികുതി രൂപമല്ല അത്. എന്നാൽ സ്ത്രീകൾ അനുഭവിക്കുന്ന മറ്റനേകം വിവേചനങ്ങളിൽ ഒന്നായാണ് ഐക്യരാഷ്ട്രസഭവും സ്ത്രീസംഘടനകളും ഇതിനെ വിലയിരുത്തുന്നത്.
എന്താണ് പിങ്ക് ടാക്‌സ്
'പിങ്ക് ടാക്സ്' എന്നത് സർക്കാർ ഔദ്യോഗികമായി ചുമത്തുന്ന ഒരു നികുതിയല്ല. മറിച്ച് ആഗോള വിപണിയിൽ നിലനിൽക്കുന്ന ഒരു ലിംഗാധിഷ്ഠിത വിലവിവേചനമാണ് (Gender-based Pricing Discrimination). ഒരേ തരം ഉത്പന്നങ്ങളോ സേവനങ്ങളോ സ്ത്രീകൾക്കായി രൂപകൽപ്പന ചെയ്യുമ്പോൾ (പലപ്പോഴും പിങ്ക് നിറത്തിലോ സമാനമായ പാക്കേജിങ്ങിലോ), പുരുഷന്മാരുടെ ഉത്പന്നങ്ങളേക്കാൾ കൂടുതൽ വില ഈടാക്കുന്ന പ്രവണതയെയാണ് 'പിങ്ക് ടാക്സ്' എന്ന് വിളിക്കുന്നത്. വ്യക്തിഗത പരിചരണ ഉത്പന്നങ്ങൾ (ഉദാ: റേസറുകൾ, ഷാംപൂകൾ, ഡിയോഡറന്റുകൾ), വസ്ത്രങ്ങൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ ( ഡോൾ സെറ്റുകൾ, പിങ്ക് കളർ സ്‌കൂട്ടറുകൾ), സലൂൺ സേവനങ്ങൾ എന്നിവയിൽ ഈ വ്യത്യാസം പ്രകടമായി കാണാം. ഒരു സലൂണിൽ പോയി മുടിവെട്ടണമെങ്കിൽ സ്ത്രീയുടെ ഹെയർകട്ടിന് നിരക്ക് വളരെ കൂടുതലാണ്. മുടി കുറവാണെങ്കിലും ബോയികട്ടാണെങ്കിലും ഒക്കെ പുരുഷൻമാരുടേതിനേക്കാൾകൂടുതൽ തുക പലരും നല്‌കേണ്ടിവരുന്നു. ഡ്രൈ ക്ലീനിംഗ് രംഗത്തും സ്ത്രീകളുടെ വസ്ത്രങ്ങൾക്ക് കൂടുതൽ തുക ഈടാക്കാറുണ്ട്. എന്നാൽ ജി.എസ്.ടി നിയമപ്രകാരം (GST Act) നിലവിൽ സ്ത്രീകളുടെ അവശ്യസാധനങ്ങളെ പ്രത്യേകം ആഡംബര വസ്തുക്കളായി തരംതിരിച്ചിട്ടില്ല. എന്നാൽ, പ്രീമിയം ബ്രാൻഡിങ്ങും വിപണിയിലെ കുത്തകയും കാരണം ഇവ ഉയർന്ന വിലയ്ക്ക് വിൽക്കപ്പെടുന്നു.
മിക്ക കമ്പനികളും വിപണന തന്ത്രങ്ങളുടെ ഭാഗമായാണ് പിങ്ക് നികുതി ഈടാക്കുന്നത്. സ്ത്രീകൾക്ക് കൂടുതൽ ആകർഷകമാകുന്ന രീതിയിൽ ഉത്പന്നങ്ങൾ രൂപകൽപ്പന ചെയ്യുകയും അതിന് കമ്പനികൾ ഉയർന്ന വില ഈടാക്കുകയും ചെയ്യുന്നു. സ്ത്രീകൾ സൗന്ദര്യത്തിനും വ്യക്തിഗത പരിചരണത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നു എന്ന സങ്കല്പത്തിലാണ് ഈ ഉയർന്ന വില ഈടാക്കുന്നത്. വില വർധിപ്പിച്ചാലും സ്ത്രീകൾ ഈ ഉത്പന്നങ്ങളും, സേവനങ്ങളും തുടർന്നും പരിഗണിക്കുമെന്നു കമ്പനികൾ വിശ്വസിക്കുന്നു. എന്നാൽ പുരുഷൻമാർ വിലയ്ക്ക് വളരെ പ്രധാന്യം നൽകുന്നവരാണെന്നും വില വർധിപ്പിച്ചാൽ അവർ ഈ ഉത്പന്നം വാങ്ങാതിരിക്കാമെന്നും കമ്പനികൾ ചിന്തിക്കുന്നു. വിപണിയിലെ വിപണന തന്ത്രങ്ങളും (Marketing Strategies) ഉപഭോക്തൃ മനശാസ്ത്രവുമാണ് ഇതിന് പ്രധാന കാരണം. സ്ത്രീകളുടെ ഉത്പന്നങ്ങളിൽ പ്രത്യേക സുഗന്ധം, പാക്കേജിംഗ്, അല്ലെങ്കിൽ ചേരുവകൾ എന്നിവ ചേർക്കുന്നതുകൊണ്ട് അവയ്ക്ക് നിർമ്മാണച്ചെലവ് കൂടുതലാണെന്ന് പല കമ്പനികളും അവകാശപ്പെടുന്നു. എന്നാൽ മിക്കപ്പോഴും അടിസ്ഥാനപരമായ വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാകാറില്ല. ഇതിനൊപ്പം സ്ത്രീകൾ തങ്ങളുടെ വ്യക്തിഗത പരിചരണത്തിനും സൗന്ദര്യസംരക്ഷണത്തിനും കൂടുതൽ മുൻഗണന നൽകുന്നു എന്ന വിപണി കണ്ടെത്തലിനെ കമ്പനികൾ ചൂഷണം ചെയ്യുന്നു. സ്ത്രീകൾക്ക് അറിഞ്ഞും അറിയാതെയും ഇത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുണ്ട്. പല പേഴ്‌സണൽ കെയർ ഉത്പന്നങ്ങൾക്കും വനിതകൾ കൂടുതൽ പണം നൽകേണ്ടിവരുന്നു. ഇത് ലിംഗപരമായ അസമത്വം കൂടെയാണ് ലോകമെങ്ങുമുള്ള സ്ത്രീ സംഘടനകളും ഐക്യരാഷ്ട്രസംഘടനയുമെല്ലാം വലിയ ബോധവത്ക്കരണവും പ്രതിക്ഷേധവുമെല്ലാം പിങ്ക് ടാക്‌സിനെതിരെ സംഘടിപ്പിക്കുന്നുണ്ട്.
സ്ത്രീകൾക്കായി വിപണനം ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കും, സേവനങ്ങൾക്കുമാണ് പിങ്ക് നികുതി ബാധകമാകുന്നത്. അതിനാൽ തന്നെ ഇത് പുരുഷൻമാരെ നേരിട്ട് ബാധിക്കില്ല. പക്ഷേ സ്ത്രീകളുടെ സാമ്പത്തിക ഭാരം വർധിപ്പിക്കും. അതായത് കുടുംബബജറ്റിനെ തകിടം മറിക്കും. സ്ത്രീകൾക്കു ദൈനംദിന വസ്തുക്കൾക്കായി കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. പലർക്കും പല ഉൽപ്പന്നങ്ങളും ത്യജിക്കേണ്ടി വരാം. ഇത് ലിംഗപരമായ സമ്പത്ത് വിടവിന് വഴിവയ്ക്കും. സ്ത്രീകൾ തങ്ങളുടെ അവശ്യ ഉത്പന്നങ്ങൾക്ക് കൂടുതൽ പണം നൽകേണ്ടതിനാൽ, മറ്റ് ചെലവുകളിലോ, സമ്പാദ്യത്തിലോ വീട്ടുവീഴ്ച വരുത്തേണ്ടി വരും.
എങ്ങനെ തടയാം
ഉപഭോക്തൃ അവബോധം മാത്രമാണ് ഇതിനൊരു ശാശ്വത പരിഹാരം.
1. സ്ത്രീകൾക്കായി പ്രത്യേകം ബ്രാൻഡ് ചെയ്ത പിങ്ക് ഉത്പന്നന്നങ്ങൾക്ക് പകരം പുരുഷന്മാർ ഉപയോഗിക്കുന്നതോ പൊതുവായതോ ആയ ഉത്പന്നന്നങ്ങൾ (ഉദാ: റേസറുകൾ, സാധാരണ ബോഡി വാഷ്) തിരഞ്ഞെടുക്കുക. ഇവയുടെ ഗുണനിലവാരം ഒന്നാണെങ്കിലും വില വളരെ കുറവായിരിക്കും.
2. വിപണിയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ പുരുഷന്മാരുടെ ഉത്പന്നങ്ങളുടെയും സ്ത്രീകളുടെ ഉത്പന്നങ്ങളുടെയും വിലയും അളവും (Quantity) തമ്മിൽ കൃത്യമായി താരതമ്യം ചെയ്യുക.
3. സോഷ്യൽ മീഡിയ വഴി 'Pink Tax' എന്ന ചൂഷണത്തെക്കുറിച്ച് ക്യാമ്പെയ്നുകൾ സംഘടിപ്പിക്കാം. കൂടാതെ, ജി.എസ്.ടി കൗൺസിലിന് മുന്നിൽ ഇത്തരം വിവേചനങ്ങൾക്കെതിരെ നിവേദനങ്ങൾ സമർപ്പിക്കാവുന്നതുമാണ്.
4. ന്യൂയോർക്ക് പോലുള്ള ചില അന്താരാഷ്ട്ര നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ ഒരേ ഉത്പന്നങ്ങൾക്ക് വ്യത്യസ്ത വില ഈടാക്കുന്നത് നിയമവിരുദ്ധമാക്കിയിട്ടുണ്ട് (Gender Pricing Repeal Acts).
5. വിപണിയിലെ ഈ ചൂഷണം തിരിച്ചറിഞ്ഞ് ചില ആഗോള ബ്രാൻഡുകൾ തന്നെ തങ്ങളുടെ സ്ത്രീ-പുരുഷ ഉത്പന്നങ്ങൾക്ക് ഒരേ വില ഉറപ്പാക്കുന്ന 'No Pink Tax' ചലഞ്ചുകൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.
6. ഇന്ത്യയിൽ പിങ്ക് ടാക്‌സിനെതിരെ നേരിട്ട് ജി.എസ്.ടി നിയമത്തിൽ വ്യവസ്ഥകളില്ലെങ്കിലും, 'അന്യായമായ വ്യാപാര രീതികൾ' (Unfair Trade Practices) എന്ന വകുപ്പ് ഉപയോഗിച്ച് ഉപഭോക്തൃ ഫോറങ്ങളെ സമീപിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ട്.
കടപ്പാട്: പി. അനിൽകുമാർ,
ഗവ. ഡെപ്യൂട്ടി സെക്രട്ടറി, ധനകാര്യ വകുപ്പ്
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 16 Jul 2026, 06:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented