പങ്കാളിയോടൊപ്പം യാത്ര ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണ്. എന്നാൽ,സന്തുഷ്ടരായ ദമ്പതികളെപ്പോലും തമ്മിലടിപ്പിക്കാൻ വിമാനത്താവളങ്ങൾക്ക് ഒരു പ്രത്യേക കഴിവുണ്ട്. എന്ത് കഴിക്കണമെന്നതുമുതൽ എയർപോർട്ടിലേക്ക് എപ്പോൾ പോകണം എന്നതിനെക്കുറിച്ചുവരെ തർക്കം നടക്കാറുണ്ട്. ചെറിയ തീരുമാനങ്ങൾ പോലും അവിടെ, വലിയ വഴക്കിലേക്കെത്താറുമുണ്ട്. ഈ സാഹചര്യത്തിലാണ് 'എയർപോർട്ട് ഡിവോഴ്സ്' എന്ന പുതിയ ട്രെൻഡിന്റെ പ്രധാന്യം.

ഒരു ബ്രിട്ടീഷ് ട്രാവൽ കോളമിസ്റ്റായ ഹ്യൂ ഒലിവറാണ് 'എയർപോർട്ട് ഡിവോഴ്സ്' എന്ന പദം ആദ്യമായി ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നുണ്ടായ ഈ ആശയം പെട്ടെന്നുതന്നെ ഒരു വെെറൽ ട്രെൻഡായി മാറി. 

എന്താണ് ഈ എയർപോർട്ട് ഡിവോഴ്സ്?

എയർപോർട്ട് ഡിവോഴ്സ് ബന്ധം വേർപെടുത്താനുള്ള മാർഗമല്ല, മറിച്ച് നിങ്ങളുടെ ബന്ധത്തെ കൂടുതൽ ശക്തമാക്കാനുള്ള പുത്തൻ ട്രെൻഡാണ്. സുരക്ഷാ പരിശോധനകൾക്ക് ശേഷം കുറച്ച് സമയത്തേക്ക് പങ്കാളികൾ വേർപിരിയുന്ന രീതിയാണിത്.

ചിലപ്പോൾ നിങ്ങൾക്ക് ഡ്യൂട്ടി-ഫ്രീ ഷോപ്പിലെ എല്ലാ പെർഫ്യൂമുകളും പരീക്ഷിക്കാൻ താൽപ്പര്യമുണ്ടാകാം, എന്നാൽ നിങ്ങളുടെ പങ്കാളിക്ക് ഒരു കോഫിയുമായി ശാന്തമായ ഒരിടത്ത് വിശ്രമിക്കാനായിരിക്കും ഇഷ്ടം. അവരവരുടെ ഇഷ്ടങ്ങൾ നടപ്പാക്കിയശേഷം, വിമാനത്തിൽ കയറാനുള്ള സമയമാകുമ്പോൾ ദമ്പതികൾ വീണ്ടും ഒന്നിക്കുന്ന രീതിയാണിത്. അപ്പോഴേക്കും ദമ്പതികൾ കൂടുതൽ ഉന്മേഷമുള്ളവരായിത്തീരും. ഇത്തരത്തിൽ, ബന്ധത്തിൽ നിന്ന് ചെറിയൊരു ഇടവേള എടുക്കുന്ന രീതിയാണ് എയർപോർട്ട് ഡിവോഴ്സ്.

വിമാനത്താവളങ്ങൾ സമ്മർദ്ദം നിറഞ്ഞ സ്ഥലങ്ങളായതുകൊണ്ടാണ് ആളുകൾക്ക് ഇത് പെട്ടെന്ന് മനസ്സിലാക്കാനാകും. നീണ്ട ക്യൂ, ഭാരമുള്ള ബാഗുകൾ, ഫ്ലൈറ്റ് നഷ്ടപ്പെടുമോ എന്ന നിരന്തരമായ ആശങ്ക എന്നിവ നിങ്ങളെ മാനസിക പിരിമുറുക്കത്തിലാക്കും. എപ്പോഴും ബോർഡിങ് പാസുകളെക്കുറിച്ച് ആശങ്കപ്പെടുന്ന ഒരു പങ്കാളിയും, ഒരു ഷോപ്പിങ് കൂടി നടത്തിയേക്കാമെന്ന് നിർബന്ധം പിടിക്കുന്ന മറ്റൊരാളും ആണെങ്കിൽ, വഴക്കുകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.

ഓരോരുത്തർക്കും അവരവരുടേതായ യാത്രാരീതികളുണ്ട്. ചിലർ മണിക്കൂറുകൾക്ക് മുൻപേ എത്താൻ ഇഷ്ടപ്പെടുന്നു. മറ്റു ചിലർ അവസാന നിമിഷം എത്തുന്നവരാണ്. ചിലർക്ക് പുതിയ കാര്യങ്ങൾ കണ്ടെത്താനാണ് താൽപ്പര്യം, മറ്റു ചിലർക്ക് വിശ്രമിക്കാനും. എന്നാൽ ഒരുമിച്ച് യാത്രചെയ്യുമ്പോൾ ഇതൊരു പ്രശ്നമായി മാറാം. അത്തരം സാഹചര്യങ്ങളിലാണ് എയർപോർട്ട് ഡിവോഴ്സ് പ്രധാന്യമർഹിക്കുന്നത്. യാത്രയ്ക്കുമുമ്പ് ഒരു റീസെറ്റ് ബട്ടൺ അമർത്തുന്നത് പോലെയാണിത്.

ഈ ട്രെൻഡ്, പരസ്പരം മനസ്സിലാക്കുന്നതിനും പങ്കാളിയുടെ

ഇഷ്ടവും സ്വകാര്യതയും മാനിക്കുന്നതിനുമുള്ള മാർഗം കൂടിയാണ്. സമ്മർദ്ദമുള്ള സമയങ്ങളിൽ ലഭിക്കുന്ന ചെറിയൊരു ആശ്വാസം, യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കും. അതിനാൽ അടുത്ത തവണ ടെർമിനലിൽ വെച്ച് വഴക്ക് തുടങ്ങുന്നതിനുമുമ്പ് തന്നെ എയർപോർട്ട് ഡിവോഴ്സിനെക്കുറിച്ച് ചിന്തിക്കുക. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi