മൂത്തസഹോദരൻ ഇന്ത്യൻസിനിമയിലെ ആദ്യ സൂപ്പർസ്റ്റാർ, ഇളയ ആൾ എക്കാലത്തെയും മികച്ച ഗായകരിലൊരാളും. പറഞ്ഞുവരുന്നത് നടൻ അശോക് കുമാറിനെയും ഇളയസഹോദരൻ കിഷോർ കുമാറിനെയും കുറിച്ചാണ്. ഒരു ബംഗാളി കുടുംബത്തിൽനിന്നുള്ള ഈ സഹോദരങ്ങൾ പിന്നീട് ഇന്ത്യൻസിനിമയുടെ ഉന്നതിയിലേക്ക് കടന്നുചെല്ലുകയായിരുന്നു.
അശോക് കുമാറാണ് (കുമുദ്‌ലാൽ ഗാംഗുലി എന്നായിരുന്നു ആദ്യപേര്) ആദ്യം സിനിമയിലെത്തിയത്. ബോംബെ ടാക്കീസ് എന്ന സ്റ്റുഡിയോയ്‌ക്കൊപ്പമായിരുന്നു അദ്ദേഹം ആദ്യകാലസിനിമകൾ ചെയ്തതെല്ലാം. അശോക് കുമാർ നടനായശേഷം കുടുംബം ഇടയ്ക്കിടെ ബോംബെയിലേക്ക് വരുമായിരുന്നു. അങ്ങനെ അടുത്ത സഹോദരനായ അനൂപ് കുമാറും സിനിമയിലെത്തി. കിഷോർ കുമാർ (അബ്ബാസ് കുമാർ എന്നായിരുന്നു ആദ്യപേര്) അനശ്വരഗായകനായ കെ.എൽ.സൈഗാളിന്റെ കടുത്ത ആരാധകനായിരുന്നു. പാട്ടിനോടായിരുന്നു കിഷോറിന് താത്പര്യക്കൂടുതലും. അങ്ങനെ 'ബോംബെ ടാക്കീസി'ലെ കോറസ് ഗായകനായി അദ്ദേഹവും കരിയർ തുടങ്ങി.
അതിനിടയിൽ അഭിനയിക്കാനും തുടങ്ങി. കാരണം കിഷോർ പാട്ടിനേക്കാൾ അഭിനയത്തിൽ ശ്രദ്ധിക്കണമെന്നതായിരുന്നു അശോകിന്റെ ആഗ്രഹം. അഭിനയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ അദ്ദേഹം സഹോദരനെ നിർബന്ധിക്കുകയും ചെയ്തു. തലത് മെഹ്മൂദ്, മുകേഷ്, മുഹമ്മദ് റാഫി തുടങ്ങിയ പ്രശസ്തഗായകർക്കിടയിൽ കിഷോറിന് തിളങ്ങാൻ പറ്റുമോയെന്ന പേടിയും അശോകിനുണ്ടായിരുന്നു. അഭിനയത്തിലേക്ക് കടക്കാൻ പ്രേരിപ്പിച്ചതിനുപിന്നിലെ ഒരു കാരണവും അതായിരുന്നു.
അങ്ങനെ സിനിമയിൽ തുടരുന്നതിനിടെയാണ് സ്വതന്ത്രമായി പാടാനുള്ള അവസരം കിട്ടുന്നത്. 'മർനേ കി ദുവായേം' എന്ന ആ പാട്ട് ഹിറ്റായതോടെ, പിന്നെ അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടിവന്നില്ല. പാട്ടിനൊപ്പം ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തു കിഷോർ.
സിനിമയുടെ ലോകത്തേക്ക് കടന്നുവരാൻ തന്നെ പ്രേരിപ്പിച്ചതിന് കിഷോർ കുമാർ എപ്പോഴും നന്ദിയോടെ ഓർത്തത് ഒരാളെ മാത്രമാണ്, അശോക് കുമാറിനെ. അശോക് ആണെങ്കിൽ കിഷോറിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
1987 ഒക്ടോബർ 13-നാണ് കിഷോർ കുമാർ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. അശോക് കുമാറിന്റെ 76-ാം ജൻമദിനം കൂടിയായിരുന്നു അന്ന്. മരിക്കുമ്പോൾ 58 വയസ്സേ ഉണ്ടായിരുന്നുള്ളൂ കിഷോറിന്. തന്നേക്കാൾ 18 വയസ്സിനിളയ സഹോദരൻ മരിച്ചത് അശോകിനെ വല്ലാതെ വേദനിപ്പിച്ചു. തന്റെ ജൻമദിനം സഹോദരന്റെ ചരമദിനം കൂടിയായതും അദ്ദേഹത്തിന് സഹിക്കാൻ കഴിഞ്ഞില്ല. പിന്നീടൊരിക്കലും അശോക് കുമാർ തന്റെ ജൻമദിനം ആഘോഷിച്ചിട്ടില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore the legendary lives of brothers Ashok Kumar and Kishore Kumar. Discover their cinematic journeys, sibling bond, and the tragic coincidence of Kishore`s death on Ashok`s birthday
Published: 13 Oct 2025, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented