ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും വിവാഹമോചനവാര്‍ത്ത കൊണ്ടുപിടിക്കുകയാണ്. വാര്‍ത്തകള്‍ ഒരറ്റത്ത്‌ പ്രചരിക്കുമ്പോള്‍ അതിനൊന്നും ചെവികൊടുക്കാതെ, പ്രതികരിക്കാതെ, തങ്ങളുടേതായ തിരക്കുകളിലാണ് ദമ്പതിമാര്‍. അടുത്തിടെ ഒരു വിവാഹപ്പാര്‍ട്ടിയില്‍ ഇരുവരും ഒന്നിച്ച് പങ്കെടുത്തതും ഒന്നിച്ച് ചിത്രത്തിന് പോസ് ചെയ്തതും വാര്‍ത്തയായിരുന്നു. ചിത്രങ്ങള്‍ പുറത്തുവന്നതോടെ വിവാഹമോചന വാര്‍ത്തകള്‍ക്ക് തെല്ലൊന്നു അയവ് വന്നിട്ടുണ്ട്.

മകള്‍ ആരാധ്യ ബച്ചനുശേഷം രണ്ടാമതൊരു കുഞ്ഞിനെപ്പറ്റി ചോദിച്ചപ്പോഴുള്ള അഭിഷേകിന്റെ പ്രതികരണമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. റിതേഷ് ദേശ്മുഖിന്റെ ചാറ്റ് ഷോയില്‍ പങ്കെടുക്കുകയായിരുന്നു അഭിഷേക്.

'അമിതാഭ് ജി, ഐശ്വര്യ, ആരാധ്യ, അഭിഷേക്, എല്ലാവരുടെയും പേര് എ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത്. എന്തു തെറ്റാണ് ജയ ബച്ചനും ശ്വേത ബച്ചനും ചെയ്തത്?' റിതേഷ് ചോദിച്ചു. ഇത് അഭിഷേകിനെ കുഴക്കി. അത് അവരോടു തന്നെ ചോദിക്കേണ്ടിവരുമെന്ന് താരം മറുപടി നല്‍കി. അഭിഷേക്, ആരാധ്യ... അത് ഞങ്ങളുടെ കുടുംബത്തിന്റെ പാരമ്പര്യമാണെന്ന് തോന്നുന്നുവെന്നും അഭിഷേക് പറഞ്ഞു.

ആരാധ്യക്കുശേഷമുള്ള 'എ' ആരാണെന്ന് റിതേഷ് ഇടയ്ക്കു കയറി ചോദിച്ചു. അടുത്ത തലമുറകള്‍ വരുമ്പോള്‍ നമുക്കുകാണാം എന്നായിരുന്നു അഭിഷേകിന്റെ മറുപടി. ഉടനെ റിതേഷ് കളിയാക്കി, 'ആരാണ് അത്രയും കാത്തിരിക്കുക? റിതേഷ്, റയാന്‍, റാഹില്‍ (റിതേഷിന്റെ മക്കള്‍) എന്നതുപോലെ അഭിഷേക്, ആരാധ്യ...' ഇതു കേട്ടതും അഭിഷേകിന്റെ മുഖത്ത് ലജ്ജ പ്രകടമായി. മുതിര്‍ന്നവരെ ബഹുമാനിക്കൂ റിതേഷ്, ഞാന്‍ നിങ്ങളേക്കാള്‍ മുതിര്‍ന്നതാണ് എന്ന് അഭിഷേക് തിരിച്ചടിക്കുകയും ചെയ്തു. അഭിഷേകിന്റെ കാലില്‍ തൊട്ടാണ് റിതേഷ് സംഭാഷണം അവസാനിപ്പിച്ചത്. 

2011-ലാണ് ഐശ്വര്യയും അഭിഷേകും ആരാധ്യയെ വരവേറ്റത്. ആനന്ദ് അംബാനിയുടെ വിവാഹച്ചടങ്ങിന് ഒന്നിച്ചെത്താത്തത് ദമ്പതിമാര്‍ക്കിടയില്‍ അകലമുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആരാധ്യയുടെ പിറന്നാള്‍ ചിത്രത്തില്‍ അഭിഷേക് ഇല്ലാതെ ഐശ്വര്യയെ മാത്രം കണ്ടതും ചര്‍ച്ചകള്‍ക്ക് ആക്കംകൂട്ടി. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഒരു വിവാഹച്ചടങ്ങില്‍ ഇരുവരും ഒന്നിച്ചെത്തി. 

'ഐ വാണ്ട് ടു ടോക്ക്' ആയിരുന്നു അഭിഷേക് ബച്ചന്റെ ഒടുവിലിറങ്ങിയ സിനിമ. ബോക്‌സോഫീസില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സിനിമയ്ക്കായില്ല. ഹൗസ്ഫുള്‍-5 ആണ് ഇറങ്ങാനിരിക്കുന്ന സിനിമ.