വസ്ത്രങ്ങള്‍ പരീക്ഷണം നടത്തുന്ന കാര്യത്തില്‍ എന്നും മുന്നിലാണ് ഉര്‍ഫി ജാവേദ്. അതിന്റെ പേരിലുള്ള വിമര്‍ശനങ്ങളും ട്രോളുകളും അവരെ ബാധിക്കുകയേയില്ല. ഇത്തവണ പുതിയൊരു പരീക്ഷണവുമായിട്ടാണ് ഉര്‍ഫി എത്തിയിരിക്കുന്നത്. മുളപ്പിച്ച ചിയ സീഡ്‌സ് ഒട്ടിച്ച ഷോര്‍ട്ട് ഡ്രസ്സാണ് അവരുടെ പുതിയ കണ്ടുപിടുത്തം.
ബോളിവുഡ് നടന്‍ ജാക്കി ഷ്‌റോഫിന്റെ നിര്‍ദേശം അനുസരിച്ചാണ് പുതിയ വസ്ത്രം ഒരുക്കിയത്. ചെടികളും മരങ്ങളും നട്ടുവളര്‍ത്തുന്നതിനെ എന്നും പ്രോത്സാഹിപ്പിക്കുന്നയാളാണ് ജാക്കി. 'ചെടികള്‍ കൊണ്ട് ഒരു വസ്ത്രം തയ്യാറാക്കൂ' എന്ന് ജാക്കിയാണ് ഉര്‍ഫിയോട് പറയുന്നത്.
അങ്ങനെയാണ് ചിയ സീഡ്‌സ് കൊണ്ടുള്ള വസ്ത്രം എന്നതിലേക്ക് ഉര്‍ഫി എത്തുന്നത്. അതിന്റെ വീഡിയോയും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. ചിയ സീഡ്‌സ് വെള്ളത്തില്‍ കുതിര്‍ക്കുന്നതും കട്ടിയുള്ള വസ്ത്രത്തില്‍ ആ വിത്തുകള്‍ ഒട്ടിച്ചുചേര്‍ക്കുന്നതും വീഡിയോയില്‍ കാണാം. ആ വിത്തുകളില്‍ തുടര്‍ച്ചയായി വെള്ളം സ്‌പ്രേ ചെയ്തുകൊടുത്തു. ഏഴുദിവസം കഴിഞ്ഞപ്പോഴേക്കും വിത്തുകള്‍ പൂര്‍ണമായും മുളച്ചുവന്നു. ഈ വസ്ത്രം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഇതിനുമുമ്പും ചിയ സീഡ്‌സ് പിടിപ്പിച്ച വസ്ത്രം ധരിച്ച് ഉര്‍ഫി എത്തിയിരുന്നു.
മുമ്പും വ്യത്യസ്തവസ്ത്രങ്ങളുമായി ആളുകളെ ഞെട്ടിച്ചിട്ടുണ്ട് ഉര്‍ഫി. ഡിസ്‌കോ ബോളുകള്‍ തുന്നിപ്പിടിപ്പിച്ച സ്ലീവ് ലെസ് ഷോര്‍ട്ട് ഡ്രസ്, ഉര്‍ഫിയുടെ ചിത്രങ്ങള്‍ ഒട്ടിച്ച ഡ്രസ്, ബ്ലെയ്ഡ് കൊണ്ടുള്ള ഷോര്‍ട്ട് ഡ്രസ്, വാച്ചുകള്‍ ഘടിപ്പിച്ച മിനി സ്‌കര്‍ട്ട്...ഒരിക്കല്‍ ബൈക്കിലെയും സൈക്കിളിലെയും ചെയിന്‍ കൊണ്ട് ശരീരം മറച്ചാണ് ഉര്‍ഫിയെത്തിയത്.

ഇങ്ങനെയുള്ള വസ്ത്രധാരണത്തിന്റെ പേരില്‍ അവര്‍ ട്രോള്‍ ചെയ്യപ്പെടുന്നതിന് കൈയും കണക്കുമില്ല. അതിന് ഉര്‍ഫിയുടെ മറുപടിയിങ്ങനെ. ''എപ്പോഴും മറ്റുള്ളവരില്‍നിന്ന് ശ്രദ്ധകിട്ടാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. ഒരു പാര്‍ട്ടിയില്‍ പോവുമ്പോള്‍ ആളുകളെന്നെ തന്നെ നോക്കണം, എല്ലാവരും എന്നെ ശ്രദ്ധിക്കണം, എന്നെക്കുറിച്ച് സംസാരിക്കണം. സംസാരിക്കുന്നത് മോശമാണെങ്കിലും നല്ലതാണെങ്കിലും എനിക്ക് കുഴപ്പമില്ല. അതിനാണ് ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത്. പിന്നെ എന്റെ ശരീരമല്ലേ? അതില്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നതും എന്റെ മാത്രം അവകാശമാണ്''.
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയും പുകവലിക്കെതിരെയും അവര്‍ തന്റെ നിലപാട് വ്യക്തമാക്കിയതും അതിനനുസൃതമായ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്താണ്. പ്ലാസ്റ്റിക് ബോട്ടിലില്‍നിന്ന് ചെറിയ പൂക്കളുടെ ഇതളുകളുടെ ആകൃതിയില്‍ മുറിച്ചെടുത്ത്, അത് കൂട്ടിച്ചേര്‍ത്തുള്ള ബ്രാലെറ്റും മിനി സ്‌കര്‍ട്ടുമാണ് ധരിച്ചത്. മറ്റൊരിക്കല്‍ ആളുകള്‍ റോഡില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റുകള്‍ ശേഖരിച്ച്, അതിന്റെ ബട്ട്സുകളെടുത്ത് ഒട്ടിച്ച് ഒരു ബോഡി ഹഗ്ഗിങ് ഡ്രസ് ആണ് തയ്യാറാക്കിയത്.
ഒരിക്കല്‍ കറുത്തനിറത്തിലുള്ള സോളാര്‍ സിസ്റ്റം ഡ്രസാണ് ഉര്‍ഫി ധരിച്ചത്. മുകള്‍ഭാഗം പ്ലെയിന്‍ കറുപ്പും താഴെ ഭാഗത്ത് സോളാര്‍ സിസ്റ്റത്തിന്റെ മാതൃകയുമാണ്. കറങ്ങിക്കൊണ്ടിരിക്കുന്ന പലനിറങ്ങളിലുള്ള ഗ്രഹങ്ങളും അതില്‍ കാണാം. കുറേ പാവകളെ തുന്നിച്ചേര്‍ത്ത സ്‌കര്‍ട്ടും ഈയടുത്ത് ഉര്‍ഫി ധരിച്ചിരുന്നു. പ്ലാസ്റ്റിക് സ്പൂണുകള്‍ കൊണ്ടുള്ള ദുപ്പട്ടയും ഉര്‍ഫിയുടെ പല ഫോട്ടോ തുന്നിച്ചേര്‍ത്ത ഓഫ് ഷോള്‍ഡര്‍ ഡ്രസ്സും വലിയ പല്ലിയെ പിടിപ്പിച്ച ഷോര്‍ട്ട് ഡ്രസ്സും അവരുടെ പരീക്ഷണങ്ങളില്‍ ചിലതു മാത്രം. കളിയാക്കലുകളിലും ട്രോളുകളിലും തളരാത്ത ഉര്‍ഫിയെ, അംഗീകരിക്കുന്നവരുമുണ്ട്.
Content Highlights: with chia seeds dress urfi javed is experimenting new ideas
Published: 28 Dec 2024, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented