ഇന്നത്തെപ്പോലെ പ്രസവത്തെ ഇത്രയധികം സെലിബ്രേറ്റ് ചെയ്ത മറ്റൊരു കാലഘട്ടം ചരിത്രത്തിൽ ഉണ്ടായിരുന്നോ? ഒരു സ്ത്രീ ഗർഭിണിയാണെന്ന് അറിഞ്ഞാൽ മെറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ മുതൽ പ്രസവം വരെ ഓരോ നിമിഷങ്ങളും അത്രയധികം സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് സെലിബ്രിറ്റികളുടെ കാര്യത്തിൽ. എന്നാൽ വിക്ടോറിയൻ കാലഘട്ടത്തിലേക്കു പോകുമ്പോൾ അവിടെ കാര്യങ്ങൾ കുറച്ചു വ്യത്യസ്തമാണ്.

To advertise here,

നിറവയർ കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ വളരെ താത്പര്യത്തോടെ ഇന്നത്തെ സ്ത്രീകൾ പോസ്റ്റ് ചെയ്യുമ്പോൾ ഇതേ വയർ മറ്റുള്ളവരുടെ മുന്നിൽ നിന്ന് പരമാവധി മറച്ചുപിടിക്കുകയായിരുന്നു വിക്ടോറിയൻ സ്ത്രീകൾ.

കണ്ടന്റ് ക്രിയേറ്ററായ മേ ഷെരീഫി പലപ്പോഴും തന്റെ ഇൻസ്റ്റഗ്രാമിൽ ചരിത്രപരമായ ഓർമ്മകൾ പങ്കുവെക്കാറുണ്ട്. ഈയിടെ ഇട്ട പോസ്റ്റിൽ, വിക്ടോറിയൻ സ്ത്രീകൾ പ്രത്യേകിച്ച് ഗർഭകാലത്ത് എങ്ങനെയാണ് വയറു മറയ്ക്കാറുണ്ടായിരുന്നതെന്ന് അവർ പറഞ്ഞു. സാധാരണയായി ഗർഭിണികളായ വിക്ടോറിയൻ സ്ത്രീകൾ കോർസെറ്റുകൾ ധരിച്ചിരുന്നു. ഇഷ്ടാനുസരണം ക്രമീകരിക്കാവുന്ന തരത്തിലാണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ഗർഭാവസ്ഥയിലുള്ള വയറിനെ മറയ്ക്കാനും അവ ഉപയോഗിച്ചിരുന്നു. പ്രത്യേകിച്ച് ഗർഭാവസ്ഥയുടെ പ്രാരംഭഘട്ടങ്ങളിൽ.

എന്നിരുന്നാലും, ഗർഭകാലത്തുള്ള കോർസെറ്റുകളുടെ ഉപയോഗം അന്നും ചർച്ചകൾക്ക് കാരണമായി. ''ശ്വാസം തടസ്സപ്പെടുന്നതിന്റെയും അവയവങ്ങളുടെ കംപ്രഷന്റെയും അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി ചില മെഡിക്കൽ പ്രൊഫഷണലുകൾ ടൈറ്റ്‌ലേസിംഗ് നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകി'', മേ ഷെരീഫി കൂട്ടിച്ചേർത്തു. പ്രശസ്ത പ്രസവചികിത്സകയായ ആലീസ് ബങ്കർ സ്റ്റോക്ക്ഹാം ഗർഭകാലത്ത് കോർസെറ്റുകളുടെ വ്യാപകമായ ഉപയോഗത്തിനെതിരെ സജീവമായി പ്രചാരണം നടത്തിയതായും ആരോഗ്യപരമായ അപകടങ്ങൾ ചൂണ്ടിക്കാണിച്ചതായും മേ പരാമർശിച്ചു. എല്ലാ കാലഘട്ടത്തിലും ഇതിനെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടെന്നും മേ അഭിപ്രായപ്പെട്ടു.

അവർ പങ്കിട്ട ക്ലിപ്പിൽ, വയറുകൾ കൃത്യമായി മറയ്ക്കുന്ന വലിയ ഫ്‌ളയേഡ് ഗൗണുകൾ ധരിച്ചിരിക്കുന്ന ഗർഭിണിയായ സ്ത്രീകളെ കാണാമായിരുന്നു. മറ്റൊരു ചിത്രത്തിൽ 20 വയസ്സുള്ള ഒരു യുവതി വളരെ അയഞ്ഞ വസ്ത്രങ്ങളും ജാക്കറ്റുകൾ ഉൾപ്പെടെ ഒന്നിലധികം പാളികളുള്ള വസ്ത്രങ്ങളും ധരിച്ചിരുന്നു. ചിലർ പൂർണ്ണ ആകൃതിയിലുള്ള മെറ്റേണിറ്റി കോർസെറ്റുകൾ പോലും ധരിച്ചിരുന്നു. പൊതുജനങ്ങളുടെ കണ്ണിൽ നിന്ന് ഗർഭം മറയ്ക്കാൻ ഫാഷൻ എത്രത്തോളം ഉപയോഗിച്ചിരുന്നുവെന്ന് ഇത് കാണിക്കുന്നു.

ബേബി ബമ്പുകൾ മുതലുള്ള പ്രസവ കാലഘട്ടത്തെ ഓരോന്നും ഫാഷൻ സ്റ്റേറ്റ്‌മെന്റുകളാക്കി മാറ്റുന്ന ഇന്നത്തെ കാലഘട്ടത്തിന്റെ നേർ വിപരീതമായിരുന്നു വിക്‌ടോറിയൻ കാലഘട്ടം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi