ഫാഷൻ സങ്കല്പങ്ങളിൽ എന്നും വ്യത്യസ്ത കൊണ്ടുവരുന്ന താരമാണ് സോനം കപൂർ. മനോഹരമായ ഫാഷൻ തിരഞ്ഞെടുപ്പുകൾകൊണ്ടും സൗന്ദര്യബോധ്യം കൊണ്ടും ബോളിവുഡിൻ്റെ സ്റ്റൈൽ സ്പെഷ്യലിസ്റ്റായി മാറിയിരിക്കുകയാണ്  സോനം കപൂർ. പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളെ എങ്ങനെ ആധുനിക ഭാവത്തോടെ പുനരാവിഷ്കരിക്കാമെന്ന് അവർ സ്ഥിരമായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. 

ഇപ്പോഴിതാ, ഞൊറിവുകളെടുത്ത് പ്ലീറ്റ് മടക്കി തോളിൽ വച്ച് സാരിയുടുക്കുന്ന സ്ഥിരം സ്റ്റൈൽ മാറ്റിപ്പിടിക്കാൻ സമയമായെന്ന് സോനം കപൂറിൻ്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ബോളിവുഡ് ഫാഷൻ ഐക്കൺ കൂടിയായ സോനം കപൂർ, മനോഹരമായി മൾട്ടിപ്പിൾ കളർ ബനാറസി സാരി വ്യത്യസ്തമായി സ്റ്റെെൽ ചെയ്തിരിക്കുന്ന ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്. കർവ ചൗത്ത് ആഘോഷങ്ങളുടെ ഭാഗമായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു അത്. 

ക്ലാസിക് ബനാറസി സിൽക്ക് സാരി അതിൻ്റെ പഴമയും പ്രൗഢിയും നിലനിർത്തിക്കൊണ്ട് മോഡേൺ കോ-ഓർഡ് സെറ്റിന് സമാനമായി സ്റ്റെെൽ ചെയ്തിരിക്കുകയാണ് താരം. ഇതോടെ വസ്ത്രത്തിന്റെ വ്യത്യസ്തതയും റോയൽലുക്കും ചർച്ചയായി.

 

സാരിയുടെ പ്രൗഢിയ്ക്കൊത്ത ഓഫ് ഷോൾഡർ ഹാൾട്ടൻ നെക്ക് ബ്ലൗസാണ് സോനം ധരിച്ചിരിക്കുന്നത്, ഇത് സാരിയിലെ സങ്കീർണ്ണമായ ഡിസൈനുകളുടെയും നിറങ്ങളുടെയും ഭംഗി കൂട്ടുന്നു. ഒരു പരമ്പരാഗത സാരിയെപ്പോലും പുതുമയുള്ളതാക്കി മാറ്റാനുള്ള സോനത്തിന്റെ ഫാഷൻ സങ്കല്പം  ഈ സ്റ്റൈലിങ്ങിൽ പ്രകടമായിരുന്നു. സഹോദരി റിയാ കപൂറാണ് സോനത്തിൻ്റെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. സാരിക്കിണങ്ങുന്ന ആഭരണങ്ങൾ സോനത്തിൻ്റെയും അമ്മയുടെയും കളക്ഷനിൽ നിന്നുള്ളതാണ്.

ചിത്രത്തിനുതാഴെ ‘ഇതുപോലൊരു സാരി ലുക്ക് കർവ ചൗത്തിന് മറ്റെങ്ങും കാണാനായില്ല’, ‘സൗന്ദര്യത്തിന്റെ ഉദാത്ത സൃഷ്ടി’  തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ പങ്കുവെക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi