1967-ൽ പുറത്തിറങ്ങിയ സിനിമയാണ് 'An Evening in Paris'. പേരുപോലെ തന്നെ പാരീസിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഷമ്മി കപൂറും ഷർമിള ടാഗോറുമായിരുന്നു സിനിമയിലെ നായികാനായകൻമാർ. ഷർമിള ഡബിൾറോളിലെത്തിയെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

അതുവരെയുള്ള സിനിമകളിൽനിന്നും തികച്ചും വ്യത്യസ്തയായ ഷർമിളയെയാണ് ആ സിനിമയിൽ കണ്ടത്. ട്രഡീഷണൽ കോസ്റ്റിയൂമുകളിൽനിന്ന് മാറി വെസ്‌റ്റേൺ വസ്ത്രങ്ങളായിരുന്നു അവരതിൽ ധരിച്ചതിലേറെയും. വൺപീസ് സ്വിംസ്യൂട്ട്, ഷിഫോൺ സാരി, ബ്ലാക് ഡ്രസ്, ലൈലാക് നിറത്തിലുള്ള സ്യൂട്ട് തുടങ്ങിയവ ഫാഷൻ പ്രേമികളെ ആകർഷിച്ചു. എങ്കിലും സ്വിംസ്യൂട്ട് എന്നതിനുപകരം അതിനെ ബിക്കിനി എന്നാണ് ആളുകളന്ന് വിളിച്ചത്. അതോടെ ബോളിവുഡിലെ സെക്‌സ് സിംബൽ എന്ന ടാഗും ഷർമിളയെ തേടിയെത്തി.
ഒരു സീനിൽ ഷർമിള ധരിച്ച ബാത്ത്‌റോബ് മോഡലിലുള്ള മിനി വൺ ഷോൾഡർ ഡ്രസ്സും അതിനൊപ്പം അണിഞ്ഞ റെഡ് ബോയുമാണ് കൂടുതൽ മനോഹരമായത്. വെള്ള ഷിഫോൺ സാരിക്കൊപ്പം സ്ലീവ്‌ലെസ് ബ്ലൗസിട്ട്, മുടിയിൽ ചുവന്ന റോസാപ്പൂക്കളും വെച്ചപ്പോൾ അതും മറ്റൊരു സ്‌റ്റൈൽ സ്‌റ്റേറ്റ്‌മെന്റായി. ബാക്ക് നോട്ടുള്ള ബ്ലൗസുകളായിരുന്നു സാരികളുടെ പ്രത്യേകത. അതിനൊപ്പം പഫ് ഹെയർസ്റ്റൈൽ, ബോൾഡ് ഐ മേക്കപ്പ്, ന്യൂഡ് ഗ്ലോസി ലിപ്സ്റ്റിക് എന്നിവ ഷർമിളയെ കൂടുതൽ സുന്ദരിയാക്കി.

സിനിമയിൽ ബിക്കിനി ധരിച്ചതിനെക്കുറിച്ച് പിന്നീട് 'കോഫി വിത്ത് കരണി'ൽ ഷർമിള പറഞ്ഞതിങ്ങനെ, ''അതെല്ലാവരെയും ഞെട്ടിച്ചു. എനിക്ക് തോന്നുന്നു അക്കാലത്ത് പാർലമെന്റിൽ വരെ അതിനെക്കുറിച്ചുള്ള ചോദ്യങ്ങളും ചർച്ചകളുമുണ്ടായി. ഇന്നത്തെ സിനിമകൾ വെച്ചുനോക്കുമ്പോൾ, അന്നത്തേത് വളരെ നിഷ്‌കളങ്കമാണെന്ന് തോന്നും''. എന്നാൽ, ഫിലിം ഫെയർ മാസികയ്ക്കുവേണ്ടി ടൂ-പീസ് ബിക്കിനി ധരിച്ച് കവർചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതാണ് അതിനേക്കാൾ വിവാദമുണ്ടാക്കിയത്.

മൻസൂർ അലിഖാൻ പട്ടൗഡിയുമായുള്ള വിവാഹത്തിന് തൊട്ടുമുമ്പാണ് സിനിമ റിലീസായത്. സിനിമയിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട രംഗം ഷർമിള സ്വിംസ്യൂട്ട് ധരിച്ചതായിരുന്നു. മുംബൈയിലെ തെരുവോരങ്ങളിലെല്ലാം ഷർമിളയുടെ ആ ഫോട്ടോവെച്ചുള്ള പോസ്റ്ററുകളാണ് പതിപ്പിച്ചത്. ഏകദേശം അതേ സമയത്താണ് ഷർമിളയെ ആദ്യമായി കാണാനായി പട്ടൗഡിയുടെ അമ്മ സാജിദ സുൽത്താൻ മുംബൈയിലേക്ക് വരുന്നത്. ആദ്യമേ തന്നെ ഷർമിളയും തന്റെ മകനും തമ്മിലുള്ള വിവാഹകാര്യത്തിൽ അമ്മയ്ക്ക് അത്ര താത്പര്യമില്ലായിരുന്നു.

''പെട്ടെന്നൊരു ദിവസമാണ് എന്നെ കാണാനായി അവർ വരുന്നുവെന്നറിഞ്ഞത്. സ്വിംസ്യൂട്ട് ധരിച്ചതിൽ എനിക്ക് പ്രശ്‌നമൊന്നുമില്ലായിരുന്നു. പക്ഷേ അത് പട്ടൗഡിയുടെ അമ്മ അംഗീകരിക്കുമോ എന്ന് പേടിതോന്നി. അതുകേട്ടതോടെ രാത്രിക്കുരാത്രി ഞാൻ ഡ്രൈവറെയും കൂട്ടി പുറത്തിറങ്ങി. എന്നിട്ട് വീടിനടുത്തുള്ള അത്തരം പോസ്റ്ററുകളെല്ലാം കീറിക്കളയാൻ ഡ്രൈവറോട് പറഞ്ഞു. നിർമാതാവിനോടും ഞാനിക്കാര്യം ആവശ്യപ്പെട്ടു. ആയിരത്തോളം പോസ്റ്ററുകളാണ് ആ ഒരൊറ്റ രാത്രികൊണ്ട് കീറിക്കളഞ്ഞത്. വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്കുള്ള വഴിയിലും ഇതേ പോസ്റ്ററുകൾ ഉണ്ടാവുമെന്ന കാര്യം പിന്നീടാണ് ഓർത്തത്''.