മനീഷ് മൽഹോത്രയുടെ ദീപാവലി പാർട്ടിക്കെത്തിയപ്പോൾ നിത അംബാനിയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞുബാഗ് ചർച്ചയാവുകയാണ്. സിൽവർ സീക്വൻസുള്ള സാരി ധരിച്ചാണ് നിത വന്നത്. അതിനൊപ്പം കൊളംബിയൻ എമറാൾഡ് ഇയർറിങ്ങും എമറാൾഡ്-ഡയമണ്ട് ബ്രേസ്ലെറ്റും. എന്നാൽ, ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അവരുടെ കൈയിലുണ്ടായിരുന്ന സ്‌പെഷ്യൽ എഡിഷൻ മിനിയേച്ചർ ഹമീസ് ബീർകിൻ ബാഗാണ്.

റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വിലകൂടിയ ബാഗാണിത്. സോക് ബീസൂ കളക്ഷനിൽനിന്നുള്ള ഈ ബാഗിന് 17 കോടിയിലധികമാണ് വിലവരുന്നത്. ലോകത്തിൽ തന്നെ ഈ എഡിഷനിലുള്ള മൂന്നുബാഗുകളേ നിലവിലുള്ളൂ. ഒരു ബാഗ് എന്നതിലുപരി ബ്രേസ്ലെറ്റ് എന്ന രീതിയിലാണിത് രൂപകൽപന ചെയ്തിരിക്കുന്നത്. ബാഗിന്റെ മുകളിലുള്ള ഫ്‌ളാപ്പ്, മുതലയുടെ തൊലിയോട് സാമ്യമുള്ള രീതിയിലാണ്.

18 കാരറ്റ് വൈറ്റ് ഗോൾഡിലാണ് ബാഗ് നിർമിച്ചിരിക്കുന്നത്. 3025 വജ്രക്കല്ലുകളാണ് ബാഗിനെ മനോഹരമാക്കുന്നത്. ഫ്‌ളാപ്പ്, ഹാൻഡിൽ, ലോക്ക് എന്നിവ വജ്രക്കല്ലുകൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. 111 കാരറ്റാണ് ഇതിന്റെ ഭാരം. ഹെർമിസിന്റെ ക്രിയേറ്റീവ് ഡയറക്ടറായ പിയറി ഹാർഡി 2012-ലാണ് ഈ ബാഗ് ഡിസൈൻ ചെയ്തതും നിർമിച്ചതും.

ഇതാദ്യമായല്ല നിത അംബാനിയുടെ ബാഗുകൾ ശ്രദ്ധാകേന്ദ്രമാവുന്നത്. കുറച്ചുനാൾ മുമ്പ് കരീന കപൂർ, കരിഷ്മ കപൂർ എന്നിവർക്കൊപ്പമുള്ള നിതയുടെ ഒരു ചിത്രം വൈറലായിരുന്നു. അതിൽ നിതയുടെ കൈയിലുണ്ടായിരുന്നതും ഒരു ഹമീസ് ബാഗ് തന്നെ. 240 വജ്രക്കല്ലുകൾ പതിപ്പിച്ച ആ ബാഗിന് രണ്ടര കോടിയാണ് വില.

നിതയുടെ കളക്ഷനിൽ ഏറ്റവും കൂടുതലുള്ളത് ഹമീസ് ബീർകിനും ജൂഡിത് ടലിബർ ബാഗുകളുമാണ്. ഓസ്ട്രിയൻ ക്രിസ്റ്റലുകളാൽ നിർമിച്ച മഹാരാജ എലിഫെന്റ് ക്ലച്ച് ബാഗും ഗണേശ ക്ലച്ചും നാലുലക്ഷം രൂപയുടേതാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi