
സാരിത്തിരമാല
കാലങ്ങളായി മനസ്സില്‍ നെയ്തുകൂട്ടിയ ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു ചിക്കന്‍കാരി കൈത്തുന്നല്‍ (ഹാന്‍ഡ് എംബ്രോയ്ഡറി) തേടിയുള്ള ലഖ്നൗ യാത്ര. 2025 ഒക്ടോബറിലെ അവസാന ദിവങ്ങളിലെ ആ യാത്ര വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു. കേരളത്തില്‍ അത്ര സുലഭമല്ലാത്തതും എന്നാല്‍ ഉപഭോക്താക്കള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതുമായ ചിക്കന്‍കാരി സാരികളും കുര്‍ത്തികളും തേടിയുള്ള യാത്രയ്ക്ക്, എന്റെ യൗവനകാലത്തെ ഓര്‍മ്മകളുടെ മധുരമുണ്ട്. ഓര്‍ഗന്‍സ, ചിക്കന്‍കാരി, കലംകാരി, കോട്ട സാരികള്‍... അവയെല്ലാം ഇന്നും എന്നില്‍ വിചിത്രമായ ഗൃഹാതുരത്വം നിറയ്ക്കുന്നു.
മായാത്ത ചിത്രം പോലെ
ഒടുവില്‍, ഒക്ടോബര്‍ അവസാന ദിവസങ്ങളില്‍ ലഖ്നൗവില്‍ വിമാനമിറങ്ങിയപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമായിരുന്നു മനസ്സില്‍. നേര്‍ത്ത തണുപ്പ് പൊതിഞ്ഞുനില്‍ക്കുന്ന ലഖ്നൗവിന്റെ മണ്ണില്‍ കാലുകുത്തിയപ്പോള്‍, എന്റെ മനസ്സില്‍ തെളിഞ്ഞത് അമ്മിണി ആന്റിയുടെ മുഖമായിരുന്നു. അമ്പതോ അറുപതോ വര്‍ഷങ്ങള്‍ക്കുമുമ്പ് ടൈപ്പ് റൈറ്റിംഗും ഷോര്‍ട്ട് ഹാന്‍ഡും പഠിച്ച്, മലയാളമല്ലാതെ മറ്റൊരു ഭാഷയുമറിയാതെ, അസാമാന്യമായ ആത്മവിശ്വാസത്തോടെ ലഖ്നൗവിലേക്ക് വണ്ടികയറിയ ആ പതിനെട്ടുകാരി. ആ ആഹ്ളാദവതിയുടെ ചിത്രം, ഒരു പതിനാറുകാരിയുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു.
സൈക്കിള്‍ റിക്ഷയില്‍ ചെന്നിറങ്ങി, പിന്നീട് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഒരു വലിയ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്യോഗസ്ഥയായ അമ്മിണിയാന്റി. എന്റെ വിവാഹത്തിന് കസവുകരയില്‍ നേവി ബ്ലൂ ബോര്‍ഡറുള്ള ബിസ്‌കറ്റ് റെഡ് കോട്ട സാരി സമ്മാനം തന്ന, 1983-ല്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ സന്തോഷം കൊണ്ട് ഞാന്‍ കെട്ടിപ്പിടിച്ചു കരഞ്ഞ അമ്മിണി ആന്റി... ഇന്ന് അവരുടെ യാതൊരു വിവരവുമില്ല. ചില ഓര്‍മ്മകള്‍ അങ്ങനെയാണ്, കാലം മായ്ക്കാതെ മനസ്സില്‍ തങ്ങിനില്‍ക്കും.
കഥകൾ രസകരം
ലഖ്നൗ യാത്രയെക്കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചപ്പോള്‍, പലരും പങ്കുവെച്ച രസകരമായ കഥകള്‍ മറക്കാനാവില്ല. അലിഗഢ് യൂണിവേഴ്‌സിറ്റിയിലെ തമിഴ് വിഭാഗം പ്രൊഫസര്‍ പങ്കുവെച്ച കഥയിങ്ങനെ: ഒരു സെമിനാറിന് ലഖ്നൗവില്‍ എത്തിയ പ്രൊഫസര്‍ റോഡിലൂടെ നടക്കുമ്പോള്‍ ഓട്ടോറിക്ഷക്കാര്‍ അടുത്ത് വന്ന് 'ചിക്കന്‍, ചിക്കന്‍' എന്ന് ഉറക്കെ പറയുന്നു! നല്ല ചിക്കന്‍ കിട്ടുന്ന സ്ഥലങ്ങളാണെന്ന് കരുതി ഒരു ഓട്ടോയില്‍ കയറിയ അദ്ദേഹത്തെ ഓട്ടോക്കാരന്‍ കൊണ്ടുചെന്നാക്കിയത് ഒരു തുണിക്കടയ്ക്ക് മുന്നില്‍! 'ഇവിടെ നല്ല ചിക്കന്‍കാരി കിട്ടും' എന്ന് പറഞ്ഞ് ഓട്ടോക്കാരന്‍ പോയപ്പോഴാണ് പ്രൊഫസര്‍ക്ക് കാര്യം മനസ്സിലായത്. ഏതായാലും വന്നതല്ലേ എന്ന് കരുതി പ്രൊഫസര്‍ ഭാര്യക്ക് രണ്ട് ചിക്കന്‍കാരി സാരികള്‍ വാങ്ങി.
ജിം പരിശീലകയായ സുഹൃത്ത് രാഗി പറഞ്ഞ കഥയും സമാനമായിരുന്നു: ലഖ്നൗവില്‍, നന്നായി വിശന്ന ഒരു സായാഹ്നത്തില്‍, ഒരു ഓട്ടോക്കാരന്‍ 'ചിക്കന്‍... ചിക്കന്‍' എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അവര്‍ക്കുമുന്നിലെത്തി. ഭക്ഷണം കഴിക്കാമെന്ന് കരുതി ഓട്ടോയില്‍ കയറിയ രാഗിയും സുഹൃത്തുക്കളും ചെന്നെത്തിയത് വലിയ ടെക്‌സ്‌റ്റൈല്‍ഷോപ്പിന് മുന്നില്‍!
നൂർജഹാന്റെ കൈയിൽ
ഈ കഥകളെല്ലാം മനസ്സില്‍ സൂക്ഷിച്ചാണ് ഒക്ടോബര്‍ 30-ന് വൈകിട്ട് ഞാന്‍ ചൗധരി ചരണ്‍ സിംഗ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്നത്. കേട്ട കഥകള്‍, അനുഭവങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് എനിക്കും ബോധ്യമായി. സൂചിയില്‍ വിരിഞ്ഞ മുഗള്‍ പ്രൗഢിയും ലഖ്നൗവിന്റെ ആത്മാവുമാണ് നൂലിഴകളില്‍ തുന്നിച്ചേര്‍ത്ത ചിക്കന്‍കാരി എന്ന കലാവിരുത് . 'എംബ്രോയ്ഡറി' എന്ന് അര്‍ഥം വരുന്ന ഈ പേര്‍ഷ്യന്‍ വാക്ക്, വെറുമൊരു തുന്നല്‍ ശൈലിയല്ല, മറിച്ച് മുഗള്‍ പ്രഭുക്കന്മാരുടെ സംസ്‌കാരത്തില്‍ നിന്ന് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയ അതിമനോഹരമായ കലാസൃഷ്ടിയാണ്. മുഗള്‍ ചക്രവര്‍ത്തിനി നൂര്‍ജഹാനാണ് ചിക്കന്‍കാരി ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നും അതൊരു രാജകീയ തുന്നല്‍കലയായി പരിണമിക്കുകയായിരുന്നെന്നും പറയപ്പെടുന്നു.
തുടർന്ന സഞ്ചാരങ്ങൾ
രാത്രികളിലാണ് ഉത്തരേന്ത്യന്‍ കമ്പോളം ഉണരുന്നത്. ഒരു പെട്ടിക്കടയില്‍ ചായ കുടിച്ചുനിന്ന, ഇംഗ്ലീഷ് അറിയാമെന്ന് തോന്നിയ ഒരാളോട് സംസാരിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ച് ഒരു ഊബര്‍ ഓട്ടോയെടുത്ത് 125 രൂപയുടെ യാത്രയില്‍ ചെന്നെത്തിയത് ഒരു ചിക്കന്‍ ഫാക്ടറിയുടെ മുന്നില്‍! അത്യാവശ്യം നല്ലതെന്ന് തോന്നിയ സാരികള്‍ തിരഞ്ഞെടുത്തു. അടുത്ത രണ്ട് ദിവസങ്ങളിലും ഇതുപോലെ ചിക്കന്‍ ഫാക്ടറികള്‍ തേടിയുള്ള സഞ്ചാരമായിരുന്നു.
സൂക്ഷ്മം, സങ്കീർണം
ചിക്കന്‍കാരിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സൂക്ഷ്മതയും സങ്കീര്‍ണതയുമാണ്. തുണിയുടെ ഉപരിതലത്തില്‍ നേര്‍ത്ത നൂലുകള്‍ ഉപയോഗിച്ച് കൈകൊണ്ട് ചെയ്യുന്ന തുന്നല്‍ പണിയാണിത്. പരമ്പരാഗതമായി, നേര്‍ത്ത മസ്ലിന്‍, കോട്ടണ്‍ തുണികളില്‍ വെള്ള നൂല്‍ ഉപയോഗിച്ച് ചെയ്യുന്ന 'വൈറ്റ് ഓണ്‍ വൈറ്റ്' വര്‍ക്ക് പ്രസിദ്ധമാണ്. എങ്കിലും ഇന്ന് പല നിറങ്ങളിലുള്ള തുണികളിലും നൂലുകളിലും ഇത് ചെയ്യുന്നുണ്ട്.
ചിക്കന്‍കാരിയിലെ പ്രധാന തുന്നലുകള്‍ :
ബഖിയ (Bakhiya): 'ഷാഡോ വര്‍ക്ക്' എന്നും അറിയപ്പെടുന്നു. തുണിയുടെ അടിഭാഗത്ത് തുന്നുകയും അതിന്റെ നിഴല്‍ മുകള്‍ഭാഗത്ത് കാണുകയും ചെയ്യുന്ന തുന്നല്‍ വിദ്യയാണിത്.
ടെപ്ചി (Tepchi): ഏറ്റവും അടിസ്ഥാനപരമായ തുന്നലായ, ഓടിച്ചുള്ള തുന്നല്‍ (Running Stitch) ആണിത്.
ഫന്ദ (Phanda): ചെറിയ വൃത്താകൃതിയിലുള്ള കെട്ടുകള്‍ (Knots) ഉണ്ടാക്കുന്ന തുന്നല്‍ പണി ആണിത്. പൂക്കളുടെ മധ്യഭാഗം പൂരിപ്പിക്കാന്‍ ഈ തുന്നല്‍ വിദ്യ ഉപയോഗിക്കുന്നു.
മുറി (Muri): അരിമണി പോലെ തോന്നിക്കുന്ന ചെറിയ കെട്ടുകളാണിത്.
ജാലി (Jaali): തുണിയുടെ നൂലുകള്‍ ശ്രദ്ധാപൂര്‍വ്വം മാറ്റിക്കൊണ്ട് വലപോലെയുള്ള തുന്നല്‍.
പ്രകൃതിയുടെ സൗന്ദര്യം
പൂക്കളും ഇലകളും ഉള്‍പ്പെടെ പ്രകൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനുകളാണ് ചിക്കന്‍കാരിയില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. സല്‍വാര്‍ കമ്മീസ്, സാരി, കുര്‍ത്തകള്‍, ഷാളുകള്‍, ഹോം ഡെക്കര്‍ ഉത്പന്നങ്ങള്‍ എന്നിവയിലെല്ലാം ഈ തുന്നല്‍വിദ്യ പ്രചാരത്തിലുണ്ട്.
തികച്ചും മനോഹരം
യഥാര്‍ഥ ചിക്കന്‍കാരി വളരെ ചെലവേറിയതാണ്, കാരണം ഇത് കൈകൊണ്ട് നിര്‍മ്മിക്കുന്ന സങ്കീര്‍ണമായ തുന്നല്‍പണിയാണ്. നല്ല അധ്വാനവും ഉയര്‍ന്ന കരകൗശല വിദഗ്ധരുടെ വൈദഗ്ധ്യവും ആവശ്യമുള്ള കലയാണിത്. പലപ്പോഴും രണ്ടോ മൂന്നോ ആളുകള്‍ ഒരുമിച്ചിരുന്നാണ് ഒരു സാരിയില്‍ തുന്നല്‍ പണികള്‍ ചെയ്യുന്നത്. ഇപ്പോള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചും ചിക്കന്‍കാരി ചെയ്യുന്നുണ്ട്, എന്നാല്‍ കൈത്തുന്നലിന്റെ മനോഹാരിതയ്ക്ക് പകരംവെക്കാന്‍ മറ്റൊന്നില്ല.
നിറങ്ങൾ, നൂലിഴകൾ
ഇന്ത്യന്‍ വസ്ത്രകലയുടെ വിവിധ ഭാവങ്ങള്‍ തേടി ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്; മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും തനത് തുണിത്തരങ്ങള്‍ അവയുടെ മണ്ണില്‍ നിന്ന് നേരിട്ട് സ്വന്തമാക്കാന്‍ എനിക്ക് സാധിച്ചു. എന്നാല്‍, ചിക്കന്‍കാരി സാരികള്‍ അവയുടെ വര്‍ണ്ണങ്ങളുടെയും തുന്നല്‍പ്പണിയുടെയും അസാധ്യമായ സംയോജനം കൊണ്ട് മറ്റെന്തിനേക്കാളും എന്നെ ഭ്രമിപ്പിച്ചു. നിറങ്ങളെയും നൂലിഴകളെയും ഒരു മാന്ത്രിക വലയം പോലെ ചേര്‍ത്തുവെച്ച ഒരു ദൃശ്യകാവ്യമാണ് ചിക്കന്‍കാരി.
അവിടങ്ങളിലെ കാഴ്ചകൾ
കഴിയുന്നത്ര സാരികള്‍ കൈയിലും ബാക്കി പാഴ്‌സലായും സ്വന്തമാക്കി ലഖ്നൗവിനോട് വിടചൊല്ലുമ്പോള്‍, മനസ്സ് പതിവുപോലെ മ്ലാനമായിരുന്നു. വികസനത്തിന്റെ വലിയ കഥകള്‍ കേള്‍ക്കുമ്പോഴും ഞാന്‍ കണ്ടുമുട്ടുന്ന ഇന്ത്യ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ഒരുപക്ഷേ, ഏറ്റവും ദരിദ്രരായ മനുഷ്യരെയും അവരുടെ ജീവിതാവസ്ഥകളെയും തൊട്ടറിഞ്ഞുകൊണ്ടുള്ള യാത്രകള്‍ ആയതുകൊണ്ടാവാം ഈ കാഴ്ചകള്‍ എന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഒഡിഷ, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്... എല്ലായിടത്തും ദാരിദ്ര്യം ഒരു യാഥാര്‍ഥ്യമാണ്.
എന്നാല്‍, ഈ ഇല്ലായ്മകള്‍ക്കിടയിലും അവിടങ്ങളിലൊക്കെയും കേരളത്തില്‍ അധികം കാണാത്ത ഒരു മനോഹരമായ സംഗതിയുണ്ട്, സഹജീവി സ്‌നേഹം. തങ്ങളുടെ തുച്ഛമായ ജീവിതത്തില്‍ നിന്നും ഒരു കരുതല്‍ അലഞ്ഞുനടക്കുന്ന പട്ടികള്‍ക്കും അവര്‍ നല്‍കുന്നു. ഭക്ഷണം കിട്ടുന്നതു കൊണ്ടാവാം, ഇവിടുത്തെ മനുഷ്യരെക്കാള്‍ ആരോഗ്യം ഈ ജീവികള്‍ക്കുണ്ട്. അവര്‍ ആരെയും ഉപദ്രവിക്കുന്നില്ല, കുരച്ചുചാടുന്നില്ല... വളരെ സ്വാഭാവികമായി മനുഷ്യര്‍ക്കൊപ്പം ഈ ഭൂമിയില്‍ ജീവിക്കുന്നു. പരസ്പര പരിചരണം, വാത്സല്യം, പ്രതിബദ്ധത എന്നിവ ഈ മനുഷ്യര്‍ക്ക് കൂടുതലുണ്ട് എന്ന് തോന്നിപ്പോകുന്നു.
അണിയാം തനിമ
ചിക്കന്‍കാരി സാരികളുടെ മനോഹാരിതയും ഓര്‍മ്മകളുടെ മധുരവും ഇന്ത്യന്‍ വൈവിധ്യങ്ങളും ഒരനുഭവമായി മനസ്സില്‍ തങ്ങിനില്‍ക്കുന്നു. ഇപ്പോഴും, ലഖ്നൗ എന്നെ തിരിച്ച് വിളിക്കുന്നുണ്ട്... ലഖ്നൗ യാത്രയ്ക്കായി ഒക്ടോബര്‍ മാസം തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. അതില്‍ പ്രധാനം, വേനല്‍ച്ചൂട് വിടവാങ്ങി ഉത്തരേന്ത്യ മെല്ലെ മഞ്ഞുകാലത്തിന്റെ കുളിരിലേക്ക് ചുവടുവെക്കുന്ന മനോഹരമായ കാലാവസ്ഥയാണ്. തുടര്‍ന്ന് വരുന്ന എന്റെ പ്രിയപ്പെട്ട മാസമായ നവംബറില്‍, 'കണ്ണകി' ലഖ്‌നൗവിന്റെ മാസ്മരികമായ ചിക്കന്‍കാരിയുടെ തനിമയില്‍ നിറഞ്ഞുനില്‍ക്കണം. പിന്നെയോ... തിരുപ്പിറവിയുടെ ആഘോഷമായ ക്രിസ്മസ് അടുക്കുമ്പോള്‍, പലരിലേക്കും ചിക്കന്‍കാരിയുടെ അതിമനോഹരമായ സാരികള്‍ എത്തിച്ചേരേണ്ടതുണ്ട്. പള്ളിയിലെ പാതിരാ കുര്‍ബാനയ്ക്ക്, അവരുടെ ശിരസ്സില്‍ ലഖ്‌നൗവിന്റെ കൈവിരുതില്‍ വിരിഞ്ഞ, നേര്‍ത്ത ചിക്കന്‍കാരി അലങ്കാരമായി മാറണം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore the exquisite Chikankari embroidery of Lucknow, a royal art form. Discover its history, intricate stitches, and the author`s soulful journey to its origin. Find unique Chikankari sarees and kurtis.
Published: 03 Dec 2025, 03:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented