ബ്രിട്ടിഷ് ഗായികയും നടിയുമായ ജെയ്ൻ ബിർക്കിന്റെ കറ പുരണ്ട ബാഗിനോട് എന്താണ് ഫാഷൻ ലോകത്തിന് ഇത്രയും പ്രിയം? പറഞ്ഞുവരുന്നത് നടിയുടെ ഹെർമിസ് ബിർക്കിൻ ബാഗിനെപ്പറ്റിയാണ്, 1984-ൽ ബിർക്കിനുവേണ്ടി ഫ്രഞ്ച് ആഡംബരനിർമാണക്കമ്പനിയായ ഹെർമിസ് നിർമ്മിച്ചുനൽകിയ ഹാൻഡ്മേഡ് ബാഗ്. ഹെർമിസിന്റെ ആദ്യത്തെ ഹാൻഡ്മേഡ് ബിർക്കിനാണവർ സമ്മാനിച്ചിരുന്നത്. ബ്രാൻഡിന് നൽകിയതും ബിർക്കിന്റെ പേരുതന്നെ.
പാരീസിലെ സോത്തെബിസ് ഓൺലൈൻ ലേലത്തിൽ 85 കോടി രൂപയെന്ന ഭീമമായ തുകയ്ക്ക് ഈ ഐതിഹാസിക ആക്സസറി വിറ്റുപോയിരിക്കുകയാണ് ഇപ്പോൾ. ഒരു ലേലത്തിൽ വിൽക്കുന്ന ഏറ്റവും വിലയേറിയ ഹാൻഡ്ബാഗെന്ന ചരിത്രവും ഏറ്റവും വിലകൂടിയ രണ്ടാമത്തെ ഫാഷൻ ആക്സസറിയെന്ന ചരിത്രവും ഒന്നിച്ചു കുറിക്കുകയും ചെയ്തു. ഒൻപതുപേർ ചേർന്ന് വിളിച്ച ലേലത്തിനൊടുവിൽ ജപ്പാനിൽ നിന്നുള്ള പേര് വെളിപ്പെടുത്താത്ത ഒരു സ്വകാര്യവ്യക്തിക്കാണ് ബാഗ് വിറ്റത്. അതേസമയം, ബാഗ് സ്വന്തമാക്കിയ വ്യക്തിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഫോണിലൂടെയായിരുന്നു ആ വ്യക്തി ലേലത്തിൽ പങ്കെടുത്തത്.
എന്തുകൊണ്ട് ഇത്രയും വില?
എന്തുകൊണ്ടാണ് ഈ ഹെർമിസ് ബിർക്കിൻ ബാഗ് ഇത്ര വ്യത്യസ്തമാകുന്നത്? അതിലെ വജ്രങ്ങളോ അപൂർവയിനം തുകലോ അല്ല, മറിച്ച് അതിനൊപ്പമുള്ള ചരിത്രംമാത്രമാണ് കാരണം. സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച്, 1985 മുതൽ 1994 വരെ ജെയ്ൻ ബിർക്കിൻ മിക്കവാറും എല്ലാ ദിവസവും ഈ ബാഗ് ഉപയോഗിച്ചിരുന്നു. ഉപയോഗിച്ച് പഴകിയ കറുത്ത തുകലിൽ അവരുടെ പേരിന്റെ ആദ്യാക്ഷരങ്ങളായ ജെബി, സ്ട്രാപ്പിൽ ഘടിപ്പിച്ച ഒരു നെയിൽ ക്ലിപ്പർ, യുനിസെഫ്, മെഡിസിൻസ് ഡു മോണ്ടെ സ്റ്റിക്കറുകൾ എന്നിവ ഇപ്പോഴുമുണ്ട്. ബിർക്കിൻ ആ ബാഗിന്റെ ഉപയോഗക്ഷമതയ്ക്കാണ് ഊന്നൽ നൽകിയിരുന്നത്. ബാഗിന്റെ പഴകിയ രൂപം അതിൻ്റെ ഭംഗി വർധിപ്പിച്ചു. 1994-ൽ എയ്ഡ്‌സ് ഗവേഷണത്തിനായി പണം കണ്ടെത്താൻ അവർ ഈ ബാഗ് വിൽക്കുകയും ചെയ്തു.
1981-ൽ പാരീസിൽ നിന്ന് ലണ്ടനിലേക്കുള്ള ഒരു വിമാനയാത്രയിലാണ് ബിർക്കിൻ ബാഗിന് പ്രചോദനമായ സംഭവമുണ്ടായത്. ഒപ്പം സഞ്ചരിച്ചിരുന്ന ഹെർമിസ് സിഇഒ ജീൻ-ലൂയിസ് ഡ്യൂമാസിനോട് യുവതിയായ അമ്മയുടെ ആവശ്യത്തിനുതകുന്ന ബാഗ് കണ്ടെത്താൻ കഴിയുന്നില്ലെന്ന് അവർ പരാതിപറഞ്ഞു. തന്റെ സ്യൂട്ട്കേസിൻ്റെ പകുതി വലുപ്പമുള്ള ഒരു ബാഗ് വേണമെന്നും അവർ അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെയൊരു ബാഗ് കമ്പനി നിർമിച്ചുനൽകുകയായിരുന്നു.
ആ ബാഗ് ഉപയോഗിച്ചിരുന്ന രീതി കാരണം, 'ബിർക്കിനിഫൈ' ചെയ്യുക എന്ന പുതിയ പ്രയോഗം വരെയുണ്ടായിരുന്നു. ഇന്ന് ബാഗുകളിൽ ലബുബു പാവകൾ തൂക്കിയിടുന്നതുപോലെയുള്ള ശീലങ്ങൾക്ക് പ്രചോദനമായത്, ബിർക്കിൻ തൻ്റെ ബാഗിൽ പലതരം ചെറിയ കൗതുകവസ്തുക്കൾ തൂക്കിയിട്ടിരുന്ന രീതിയാണെന്ന് പറയുന്നവരുണ്ട്. പതിറ്റാണ്ടിലേറെ അർബുദത്തോടു പൊരുതി 2023 ജൂലൈ 16-നാണ് അവർ മരിക്കുന്നത്. അതിനും രണ്ട് വർഷം കഴിഞ്ഞാണ് ഇതെല്ലാം സംഭവിക്കുന്നതെന്നതും ശ്രദ്ധേയം. തന്നേക്കാൾ പ്രശസ്തി ആ ബാഗിനുണ്ടെന്ന് ജെയ്ൻ ബിർക്കിന് അറിയാമായിരുന്നു. അവരുടെ ജീവിതകാലത്ത്, ബാഗിൻ്റെ അതേ പേരിലുള്ള ബിർക്കിൻ തന്നെയാണോ നിങ്ങളെന്ന് ആളുകൾ അവരോട് ചോദിച്ചിട്ടുമുണ്ട്.
ലണ്ടനിൽ ജനിച്ച ബിർക്കിൻ, 70-ലേറെ സിനിമകളിൽ അഭിനയിച്ചു, പേരെടുത്ത സംഗീതജ്ഞയുമായിരുന്നു. സെർജ് ഗെയിൻസ്ബർഗിനൊപ്പം പാടിയ ഒരുപാട്ട് ലോകമെമ്പാടും ഹിറ്റായിരുന്നു. അതിലെ അശ്ലീലതയുടെ പേരിൽ വത്തിക്കാൻ ആ ഗാനം നിരോധിച്ചു, എന്നാൽ പോപ്പായിരുന്നു തങ്ങളുടെ ഏറ്റവും നല്ല പ്രചാരകൻ എന്നായിരുന്നു മിസ് ബിർക്കിൻ്റെ മറുപടി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 22 Jul 2025, 06:00 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented