സംവിധായകനും നടനും നിർമാതാവുമായ കരൺ ജോഹർ ആദ്യമായിട്ടാണ് മെറ്റ് ഗാലയിലെത്തിയത് (Met Gala 2026). അരങ്ങേറ്റം കരൺ ഗംഭീരമാക്കുകയും ചെയ്തു. മനീഷ് മൽഹോത്രയുടെ ഡിസൈനർ വസ്ത്രം ധരിച്ചാണ് അദ്ദേഹം റെഡ് കാർപ്പറ്റിലെത്തിയത്. 'Fashion is art' എന്ന തീമിന് അനുസരിച്ചുള്ള കരണിന്റെ ഈ വസ്ത്രം വളരെ പെട്ടെന്ന് തന്നെ ചർച്ചയാവുകയും ചെയ്തു.

To advertise here,

പവർ-ഷോൾഡേഡ് വിന്റേജ് ജാക്കറ്റും ആറ് അടി നീളമുള്ള ഡ്രമാറ്റിക് കേപ്പുമായിരുന്നു അദ്ദേഹം ധരിച്ചത്. കേപ്പിലെ ഹാൻഡ് പെയിന്റ് ആയിരുന്നു ഹൈലൈറ്റ്. രാജാ രവിവർമയുടെ മനോഹരമായ ചിത്രങ്ങളാണ് കേപ്പിൽ ഹാൻഡ്‌പെയിന്റ് ചെയ്തത്. സർദോസി ബോർഡറുകൾ ആ കോസ്റ്റിയൂമിനെ കൂടുതൽ മനോഹരമാക്കി.

80 കലാകാരൻമാർ 5600 മണിക്കൂറെടുത്താണ് ഈ കേപ്പ് തയ്യാറാക്കിയതെന്ന് വോഗ് റിപ്പോർട്ട് ചെയ്യുന്നു. അക്രിലിക്-ഓയിൽ പെയിന്റിങ്ങാണ് ഇതിനായി ഉപയോഗിച്ചത്. അതിനുശേഷം വാർണിഷ് കൂടി കൊടുത്തു. മ്യൂസിയങ്ങളിലെ ചിത്രം പോലെയുള്ള തോന്നൽ ഉണ്ടാക്കാൻ വേണ്ടിയായിരുന്നുവത്.

കേപ്പിനും ജാക്കറ്റിനുമൊപ്പം ബ്ലാക്ക് സ്ലീക് പാന്റ്‌സും സൺഗ്ലാസുമാണ് കരൺ അണിഞ്ഞത്. ലുക്ക് പൂർണമാക്കാൻ മൾട്ടി-ജെംസ്റ്റോൺ നെക്ലേസും റിങ്ങും ധരിച്ചു. അത് കരണിന്റെ തന്നെ ജ്വല്ലറി ലേബലായ ത്യാനിയിൽനിന്നുള്ളതായിരുന്നു.

ഇതിഹാസ ഇന്ത്യൻ ചിത്രകാരനായ രാജാ രവിവർമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തന്റെ വസ്ത്രം നിർമ്മിച്ചതെന്ന് കരൺ വെളിപ്പെടുത്തി. അത് തന്റെ വ്യക്തിപരമായ സെലക്ഷനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ''രാജാ രവിവർമ്മ കൃത്യമായ തിരഞ്ഞെടുപ്പാണെന്ന് എനിക്ക് തോന്നി. കാരണം

ഞാൻ സിനിമയിൽ എപ്പോഴും ചെയ്യാൻ ശ്രമിക്കുന്ന കാര്യങ്ങളാണ്, അദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ ചെയ്തത്. അദ്ദേഹം വികാരങ്ങൾക്ക് നിറംപകർന്നു,'' കരൺ പറയുന്നു.

കരണിന്റെ സിനിമകൾ പോലെ മനോഹരമായ വസ്ത്രം എന്നാണ് ആരാധകർ ഇതിന് കമന്റ് ചെയ്തത്. മെറ്റ് ഗാലയിൽ മറ്റ് വസ്ത്രങ്ങൾക്കിടയിൽനിന്ന് കരണിന്റെ ലുക്ക് വേറിട്ടുനിന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi