കാനിൽ ഇത്തവണ ഏറെ ചർച്ചയായത് ഇന്ത്യയിൽനിന്നുള്ള താരങ്ങളാണ്. ഏറ്റവുമൊടുവിലെത്തിയ ഐശ്വര്യ റായുടെ ലുക്കിനെ ഫാഷൻലോകം ഒന്നടങ്കം പ്രശംസിക്കുകയാണ്. ഐവറി നിറത്തിലുള്ള സാരിയും ചോക്കറുകളും അണിഞ്ഞാണ് ആഷ് എത്തിയത്. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയാണ് ആഷിന്റെ സ്‌റ്റൈലിങ്ങിനുപിന്നിൽ. കദ്വ ബനാറസി ഹാൻഡ്‌ലൂം സാരിയാണ് അവർ തിരഞ്ഞെടുത്തത്. ഒപ്പം നീളമുള്ള ടിഷ്യൂ ട്രെയിനും. 500 കാരറ്റിന്റെ മൊസാംബിക് റൂബിയും അൺകട്ട് ഡയമണ്ടും അടങ്ങുന്ന ആഭരണങ്ങളും മനീഷ് മൽഹോത്ര കളക്ഷനിൽനിന്നുള്ളതാണ്. നെറുകയിലണിഞ്ഞ സിന്ദൂരം, ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ലോകത്തിനുള്ള സന്ദേശമാണെന്നാണ് ഫാഷനിസ്റ്റകളുടെ കണ്ടെത്തൽ. 22-ാം തവണയാണ് ആഷ് കാനിലെത്തുന്നത്. 2002-ൽ 'ദേവ്ദാസി'ന്റെ പ്രീമിയറിന്റെ ഭാഗമായിട്ടാണ് ആദ്യമായി കാനിലെത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം ആലേഖനം ചെയ്ത പെണ്ടന്റുകളുള്ള മാല ധരിച്ചെത്തി മോഡൽ രുചി ഗുജ്ജറും ശ്രദ്ധനേടിയിരുന്നു. എംബ്രോയ്ഡറിയും മിറർ വർക്കുമുള്ള ലെഹങ്കയാണ് രുചി അണിഞ്ഞത്. അതിനൊപ്പം മനോഹരമായ ബാന്ദനി ദുപ്പട്ടയും.
'ലാപതാ ലേഡീസി'ലെ താരം നിതാൻഷി ഗോയൽ വ്യത്യസ്തമായ ലുക്കിലാണ് കാനിലെത്തിയത്. തലയിൽ ധരിച്ച പേൾ ആക്‌സസറിയിൽ ചെറിയ ഫോട്ടോ ഫ്രെയിമുകൾ പിടിപ്പിച്ച്, ഇന്ത്യൻ സിനിമയിലെ ഇതിഹാസതാരങ്ങൾക്ക് ആദരവ് അർപ്പിക്കാനാണ് നിതാൻഷി ശ്രമിച്ചത്. മധുബാല, രേഖ, ശ്രീദേവി, വൈജയന്തിമാല, ഹേമമാലിനി, വഹീദ റഹ്മാൻ, നൂതൻ എന്നിവരുടെ ഫോട്ടോ ഫ്രെയിമുകളാണ് നിതാൻഷിയുടെ മുടിയിലുണ്ടായിരുന്നത്. അതിനൊപ്പം പ്രീ-ഡ്രേപ്ഡ് 3D സാരിയാണ് അണിഞ്ഞത്. രണ്ടാം ദിവസം 3D ബട്ടർഫ്‌ളൈ ഡ്രസാണ് നിതാൻഷി തിരഞ്ഞെടുത്തത്. ബീഡ്‌സും പേളും സീക്വൻസുകളുമുള്ള വസ്ത്രത്തിൽ അവർ തിളങ്ങി. റെഡ് കാർപ്പറ്റിൽ വരുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻതാരം കൂടിയാണ് നിതാൻഷി.
റഫിൾസുള്ള ഐവറി ഷർട്ടും, ജക്വാർഡ് കോളറുള്ള ബാന്ദ്ഗാല ലോങ് ജാക്കറ്റും ധരിച്ചാണ് കരൺ ജോഹർ എത്തിയത്. 18 കാരറ്റ് ഗോൾഡിലും 14 കാരറ്റ് എമറാൾഡിലുമുള്ള ബ്രൂച്ചുകളും ബട്ടണുകളും കോളർ പിന്നുകളുമായിരുന്നു ജാക്കറ്റിന്റെ പ്രത്യേകത. അതിനൊപ്പം കരൺ അണിഞ്ഞത് 52 വജ്രങ്ങൾ പതിപ്പിച്ച ഒമേഗ സ്പീഡ് മാസ്റ്റർ വാച്ചാണ്. റോ മാംഗോ സാരി ധരിച്ചെത്തിയ അദിതി റാവു ഹൈദരിയുടെ ലുക്കും ഏറെ പ്രശംസ നേടി. സാരിക്കൊപ്പം ഹെറിറ്റേജ് സ്റ്റൈൽ ചോക്കറും ഇയർ റിങ്ങുമാണ് അദിതി ധരിച്ചത്, നെറുകയിൽ സിന്ദൂരവും.
ബ്ലഷ് പിങ്കിലുള്ള ത്രീ പീസ് എത്‌നിക് വസ്ത്രം ധരിച്ചാണ് ജാൻവി കപൂർ ആദ്യമായി കാനിലെത്തിയത്. ഹെയർ ബണ്ണിനുമുകളിലൂടെ ദുപ്പട്ട ഡ്രേപ് ചെയ്തിട്ടു. തരുൺ തഹ്ലിയാനിയാണ് ഡിസൈൻ ചെയ്തത്. ഡയമണ്ടും പേളുകളുമുള്ള മൾട്ടി ലെയേർഡ് മാലയാണ് ധരിച്ചത്. ഡയമണ്ട് ബ്രൂച്ചും ഫ്‌ളോറൽ ഡയമണ്ട് ഇയർ റിങ്ങും ജാൻവിയുടെ ലുക്കിന് കൂടുതൽ മനോഹാരിത പകർന്നു. 'ജാൻവിയുടെ ഈ ലുക്ക് കാണുമ്പോൾ ശ്രീദേവിയെ ഓർമ വരുന്നു' എന്ന് ഇതുകണ്ടപ്പോൾ നെറ്റിസൺസ് കുറിച്ചു.
ഫിഷ് ടെയ്ൽ സ്‌റ്റൈലിലുള്ള മൾട്ടികളർ ഗൗൺ ധരിച്ചാണ് ഉർവശി റൗട്ടേല റെഡ് കാർപ്പറ്റിലെത്തിയത്. കൈയിലൊരു തത്തയുടെ ആകൃതിയിലുള്ള ക്ലച്ചും. ഹൈ മേക്കപ്പാണ് ഇതിനൊപ്പം അവർ തിരഞ്ഞെടുത്തത്. തലയിൽ ഹെവി ടിയാരയും ഹെവി ഇയർപീസും. ജൂഡിത് ലീബർ ബ്രാൻഡിന്റെ ഈ ക്രിസ്റ്റൽ പാരറ്റിന് നാലര ലക്ഷം രൂപയാണ് വില. എന്നാൽ, ഉർവശിയുടെ ലുക്ക് ഏറെ വിമർശനങ്ങൾക്കും ഇടയാക്കി.
Content Highlights: by paying tribute to operation sindoor and veteran actors, indian stars shines at cannes
Published: 22 May 2025, 01:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented