ഡാര്‍ക്കും ന്യൂഡും ഷേഡുകളിലുള്ള ലിപ്സ്റ്റിക്കുകള്‍ കൊണ്ട് ഭംഗിയാക്കിയാല്‍ മാത്രം പോരാ, ചുണ്ടുകള്‍ക്ക് അല്പം പരിചരണവും വേണം. മാറി മാറി വരുന്ന കാലാവസ്ഥയിലും ചുണ്ടുകളെ മൃദുവാക്കി സൂക്ഷിക്കാന്‍ ഇന്നുതന്നെ തുടങ്ങാം ലിപ് കെയര്‍. 

എക്‌സ്‌ഫോളിയേഷന്‍: വരണ്ടുണങ്ങിയ മൃതകോശങ്ങളെ മാറ്റുന്നതിനായി സോഫ്റ്റ് ടൂത്ത് ബ്രഷോ വൃത്തിയുള്ള കോട്ടണോ നനച്ച് ചുണ്ടില്‍ മൃദുവായി ബ്രഷ് ചെയ്യാം. ആഴ്ചയിലൊരിക്കലെങ്കിലും ഇങ്ങനെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുമ്പോള്‍ ചുണ്ടുകള്‍ മൃദുവാകും. 

ഹൈഡ്രേഷന്‍: ശരീരത്തില്‍ കൊഴുപ്പ് ഉല്‍പാദിപ്പിക്കുന്ന സെബേഷ്യസ് ഗ്രന്ഥികള്‍ ചുണ്ടുകളിലില്ല. അതുകൊണ്ടുതന്നെ ചുണ്ടുകള്‍ വളരെ പെട്ടന്ന് വരണ്ടുണങ്ങുകയും വിള്ളലുണ്ടാവുകയും ചെയ്യുന്നു. ധാരാളം വെള്ളം കുടിച്ച് ചുണ്ടുകളെ ഹൈഡ്രേറ്റഡ് ആക്കാം. നാവുകൊണ്ട് ചുണ്ടുകള്‍ നനയ്ക്കുന്നത് ചുണ്ട് വരണ്ടുപോകാന്‍ ഇടയാക്കും. 

മോയിസ്ചറൈസ്: എസ്.പി.എഫ്‌ അടങ്ങിയ ലിപ്ബാമുകള്‍ ഉപയോഗിക്കാം. ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തതിനുശേഷം വീണ്ടും ലിപ്ബാം പുരട്ടി ചുണ്ടുകളെ സംരക്ഷിക്കാം.

ഉല്പന്നങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍: ലിപ് ബാം, മാസ്‌ക്, സ്‌ക്രബ് തുടങ്ങി ധാരാളം ഉല്പന്നങ്ങള്‍ വിപണിയിലുണ്ട്. സ്‌കിന്‍ കാന്‍സര്‍ ഫൗണ്ടേഷന്റെ റെക്കമെന്‍ഡേഷന്‍ സീലുള്ളവ വേണം ചുണ്ടുകളുടെ ആരോഗ്യം സംരക്ഷിക്കാനായി തിരഞ്ഞെടുക്കാന്‍.