ഒരുപാട് ആരാധകരുള്ള താരമാണ് മാധുരി ദീക്ഷിത്. എന്നാല്‍, ഒരുകാലത്ത് ഫ്‌ളോപ്പ് സ്റ്റാര്‍ എന്ന് മുദ്ര കുത്തപ്പെട്ട താരമാണ് മാധുരി. ആദ്യസിനിമയായ 'അബോധ്' മുതല്‍ ഒട്ടേറെ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ മൂക്കുകുത്തി വീണു. എട്ടു സിനിമകളാണ് തുടര്‍ച്ചയായി തിരിച്ചടി നേരിട്ടത്. സഹനടിയായുള്ള വേഷമാണ് പിന്നീട് അവരെ തേടിയെത്തിയതെല്ലാം. മാധുരി അഭിനയിച്ച പരസ്യങ്ങളും വമ്പന്‍പരാജയമായി. അതോടെ പരാജയപ്പെട്ട നടിയാണെന്ന് പറഞ്ഞ് മാധ്യമങ്ങളും ബോളിവുഡും അവരെ മാറ്റിനിര്‍ത്തി. 

പക്ഷേ അതൊന്നും അവരെ തളര്‍ത്തിയില്ല. നാലുവര്‍ഷങ്ങള്‍ക്കുശേഷം പുറത്തിറങ്ങിയ 'തേസാബ്' ആണ് മാധുരിക്ക് ഭാഗ്യമായി മാറിയത്. ആ സിനിമ ബ്ലോക് ബസ്റ്ററായി, അതോടെ മാധുരിയുടെ തലവരയും മാറി. പുറകെ ഇന്ദ്രകുമാറിന്റെ 'ദില്‍', 'ബേട്ട' എന്നീ സിനിമകളിലൂടെ അവര്‍ തന്റെ സ്ഥാനമുറപ്പിച്ചു. ബോളിവുഡിന് അവരോടുള്ള സമീപനവും ഈ സിനിമകള്‍ക്കുശേഷം മാറി.   

പിന്നീട് മാധുരിയുടെ കാലമായിരുന്നു ബോളിവുഡ് സിനിമയില്‍. ദില്‍, സാജന്‍, ബേട്ടാ, ഹം ആപ്‌കെ ഹെ കോന്‍, ദില്‍ തോ പാഗല്‍ ഹെ...അങ്ങനെ എത്ര ഹിറ്റ് സിനിമകളിലാണ് അവര്‍ അഭിനയിച്ചത്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായി അവര്‍ മാറുകയും ചെയ്തു. ഒരുകാലത്ത് ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയ താരമാണ് മാധുരി. 'സാജനി'ല്‍ സഞ്ജയ് ദത്തിനേക്കാളും 'ഹം ആപ്‌കെ ഹെ കോനി'ല്‍ സല്‍മാന്‍ ഖാനേക്കാളും പ്രതിഫലം മാധുരിക്ക് ലഭിച്ചു. 

അവരുടെ മോശം കാലത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഇന്ദ്രകുമാര്‍. പരാജയത്തിന്റെ പ്രതീകമായിട്ടാണത്രേ അന്നൊക്കെ മാധുരിയെ വിലയിരുത്തിയിരുന്നത്. ''ആരും അവരെ നായികയാക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. 'ദില്‍' എന്ന സിനിമയില്‍ മാധുരിയെ നായികയാക്കാന്‍ തീരുമാനിച്ചപ്പോള്‍ പലരും എന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ അതൊന്നും ഞാന്‍ അനുസരിച്ചില്ല. അതിനുശേഷം 'ബേട്ട'യിലും മാധുരിയെ തന്നെ നായികയാക്കി. ആളുകളെല്ലാം എനിക്ക് ഭ്രാന്താണെന്ന് കളിയാക്കി''.