കുഞ്ഞന്‍ സ്റ്റഡ്ഡുകള്‍ മുതല്‍ വമ്പന്‍ ജിമിക്കിക്കമ്മലുകള്‍വരെ... മുഖം സുന്ദരമാക്കുന്നതില്‍ കമ്മലുകളുടെ പങ്ക് ചെറുതല്ല. വസ്ത്രത്തിനും മുഖത്തിനും ചേര്‍ന്നുപോകുന്നവിധം കമ്മലുകള്‍ ധരിച്ച് ലുക്ക് പൂര്‍ണമാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ് ഇന്ന് ഏറെയും. വസ്ത്രത്തിന്റെ നിറം, പാറ്റേണ്‍, ടൈപ്പ്, നെക്ക് ലൈന്‍ എന്നുതുടങ്ങി കമ്മലുകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഘടകങ്ങള്‍ ഒരുപാടുണ്ട്. കാലത്തിനൊത്ത് ഫാഷന്‍ രീതികളില്‍ വന്ന മാറ്റം ഇയര്‍റിങ്‌സുകളിലും ഈ പുത്തന്‍ ഫാഷന്‍ ട്രെന്‍ഡുകള്‍ കാണാം. ഫസ്റ്റ് സ്റ്റഡ്, സെക്കന്‍ഡ് സ്റ്റഡ് എന്നുതുടങ്ങി ചെവിയുടെ പല ഭാഗങ്ങളിലും കമ്മലുകള്‍ അണിയുന്നതിന് ആളുകള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്.
പിയേഴ്‌സിങ്ങുകള്‍ പലവിധം
ഭംഗിയായിരിക്കാന്‍ ഒരുവിധം വേദനകളെല്ലാം സഹിക്കാന്‍ തയ്യാറാകുന്നവരാണ് അധികമാളുകളും. പലതരം പിയേഴ്‌സിങ് രീതികള്‍ക്ക് ഇത്രമേല്‍ സ്വീകാര്യത ലഭിച്ചതും അതുകൊണ്ടുതന്നെ. സ്റ്റേറ്റ്‌മെന്റ് ലുക്ക് തരുന്ന പിയേഴ്‌സിങ് രീതികള്‍ പലതരമുണ്ട്. ഇയര്‍ ലോബ് (Lobe), കോന്‍ച് (Conch), മിഡ് ഹെലിക്‌സ് (Mid Helix), ഹെലിക്‌സ് (Helix), ഫോര്‍വാര്‍ഡ് ഹെലിക്‌സ് (Forward Helix), ഡെയ്ത് (Daith), ട്രഗസ് (Tragus), സ്റ്റാക്ക്ഡ് ലോബ് (Stacked Lobe) എന്നിങ്ങനെ ചെവിയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ പിയേഴ്‌സ് ചെയ്യാം. വ്യത്യസ്ത പാറ്റേണുകളിലുള്ള സ്റ്റൈലിഷ് സ്റ്റേറ്റ്‌മെന്റ് ജുവല്ലറികളാണ് ഓരോ പിയേഴ്‌സിങ്ങിനും തിരഞ്ഞെടുക്കുന്നത്.
ബുഗഡി ട്രെന്‍ഡ്
സാമൂഹ്യമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആണ് ഹെലിക്‌സ് പിയേഴ്‌സിങ്ങും ബുഗഡി കമ്മലും. ചെവിയുടെ മുകള്‍ഭാഗത്തായി, തരുണാസ്ഥിയിലൂടെ അണിയുന്ന ഹെലിക്‌സ് ഇയര്‍റിങ്ങാണ് ബുഗഡി. ഈ പിയേഴ്‌സിങ് ട്രെന്‍ഡുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. സിനിമാ-സീരിയല്‍ താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും ഇത്തരത്തില്‍ വ്യത്യസ്ത ഇയര്‍ പിയേഴ്‌സിങ് ട്രെന്‍ഡ് ഫോളോ ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം സിനിമാതാരം അനുശ്രീ, ഹെലിക്‌സ് പിയേഴ്‌സിങ് ചെയ്ത് ബുഗഡി ആഭരണം അണിയുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. സീരിയല്‍ താരം അമൃതാ നായരും മുന്‍പ് ഹെലിക്‌സ് പിയേഴ്‌സിങ് ചെയ്തിരുന്നു.
ഇപ്പോൾ ട്രെൻഡാവുന്ന ബുഗഡിയും ഹെലിക്‌സ് പിയേഴ്‌സിങ്ങും പണ്ടുകാലത്തെയുണ്ട്. ഇന്ത്യയിലെ പല സമുദായങ്ങളില്‍പെട്ട സ്ത്രീകളും ബുഗാഡി ആഭരണങ്ങള്‍ ധരിച്ചിരുന്നു. കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളാണ് ഈ ബുഗഡി ആഭരണങ്ങളുടെ തുടക്കസ്ഥാനമായി കരുതപ്പെടുന്നത്. തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രത്യേക പ്രദേശങ്ങളിലെ സ്ത്രീകളും ഈ ആഭരണങ്ങള്‍ ഉപയോഗിച്ചതായി പറയപ്പെടുന്നു. രവിവര്‍മ്മ ചിത്രങ്ങളിലെ സ്ത്രീകള്‍ ഈ ബുഗഡി ആഭരണങ്ങള്‍ ധരിച്ചതായി കാണാം. ബുഗുഡി എന്ന് കന്നട ഭാഷയില്‍ വിളിക്കപ്പെടുന്ന ഈ ആഭരണം മറാത്തിയില്‍ ബുഗഡിയും തമിഴില്‍ കോപ്പ് എന്നുമാണ് അറിയപ്പെടുന്നത്. ചെവിയുടെ മുകള്‍ഭാഗത്തായി തരുണാസ്ഥിയിലൂടെ കാതുകുത്തിയാണ് (ഹെലിക്‌സ് പിയേഴ്‌സിങ്) ബുഗഡി അണിയുന്നത്. ആകൃതി, രൂപം, ഡിസൈന്‍ എന്നിവയ്ക്ക് അനുസരിച്ച് ബുഗഡികള്‍ പലവിധമുണ്ട്. സ്വര്‍ണം, വെള്ളി, പേള്‍, റൂബി, എമറാള്‍ഡ് തുടങ്ങിയവയിലുള്ള ബുഗഡികളുണ്ട്.
ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
- പിയേഴ്‌സിങ്ങിനായി സമീപിക്കേണ്ടത് പ്രൊഫഷണൽ പിയേഴ്‌സിങ് ആര്‍ട്ടിസ്റ്റുമാരെയായിരിക്കണം.
- പിയേഴ്‌സ് ചെയ്യാന്‍ ഉപയോഗിക്കുന്ന നീഡില്‍ അണുവിമുക്തമായിരിക്കണം.
- പിയേഴ്‌സിങ്ങുകള്‍ ഉണങ്ങാന്‍ പൊതുവെ കൂടുതല്‍ സമയമെടുക്കും. എന്നാല്‍ ചെവിയിലെ തരുണാസ്ഥിയിലൂടെ പിയേഴ്‌സിങ് ചെയ്യുന്ന കോന്‍ച്, ഹെലിക്‌സ്, ഡെയ്ത്, ട്രഗസ്, സ്റ്റാക്ക്ഡ് ലോബ് പോലുള്ള വ്യത്യസ്ത പൊസിഷനുകളില്‍ താരതമ്യേന വേദന കൂടുതലും ഉണങ്ങാന്‍ കൂടുതല്‍ സമയവും ആവശ്യമാണ്.
- സാധാരണ കമ്മലിടുന്ന ഇയര്‍ ലോബില്‍ പിയേഴ്‌സ് ചെയ്യുന്നത് ഉണങ്ങാന്‍ ആറ് മുതല്‍ എട്ട് ആഴ്ച വരെ സമയമെടുക്കുമ്പോള്‍ തരുണാസ്ഥിയിലൂടെയുള്ള പിയേഴ്‌സിങ്ങുകള്‍ ഉണങ്ങാന്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ സമയം വേണ്ടിവന്നേക്കാം. അതിനാല്‍ കാതു കുത്തിയതിനുശേഷം പരിചരണം (aftercare) അത്യാവശ്യമാണ്.
- ഇന്‍ഫെക്ഷന്‍ ഉണ്ടാകാതിരിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. പുതുതായി പിയേഴ്‌സ് ചെയ്ത ഭാഗം വൃത്തിയാക്കുന്നതിനല്ലാതെ, ഇടയ്ക്കിടെ തൊട്ടുനോക്കുന്നത് ഒഴിവാക്കാം.
- ചെവിയും ഇയര്‍റിങ്‌സുകള്‍ തൊടുന്നതിന് മുന്‍പ് കൈകള്‍ നന്നായി വൃത്തിയാക്കണം.
- മൈല്‍ഡ് ആയ സോപ്പ് ഉപയോഗിച്ച് പിയേഴ്‌സ് ചെയ്ത ഭാഗം വൃത്തിയാക്കാം. ശേഷം കോട്ടണ്‍ തുണി ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കാം.
Content Highlights: guidelines for doing ear piercing and ear piercing trends
Published: 14 Jun 2025, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented