ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, സോനം കപൂർ, കത്രീന കൈഫ്, നടാഷ പൂനവാല, ശ്രീദേവി, നിത അംബാനി തുടങ്ങിയ സെലിബ്രിറ്റികളുടെ ഇഷ്ട സാരി ഡ്രേപ്പർ. 325 രീതിയിൽ സാരി ഉടുക്കാനും ഉടുപ്പിക്കാനും അറിയുന്ന ഡോളി ജെയ്ൻ. ബോളിവുഡ് താരവിവാഹങ്ങളിലും ഫാഷൻ ഇവന്റുകളിലുമെല്ലാം നിറസാന്നിധ്യമായ ഡോളി ജെയ്ന്റെ യാത്ര ഏതൊരാളെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു.
തുടക്കത്തിൽ സാരികളോട് തീരെ ഇഷ്ടമില്ലാതിരുന്ന ഡോളി സാരി ഡ്രേപ്പിസ്റ്റായ കഥ വളരെ രസകരമാണ്. ഏഴാം ക്ലാസ്സുവരെ മാത്രം വിദ്യാഭ്യാസം ലഭിച്ച ഡോളി ജെയ്ൻ, തന്റെ 21-ാം വയസ്സിൽ വിവാഹിതയാകുമ്പോൾ സ്വന്തമായി സാരിയുടുക്കാൻ പോലും അറിയില്ലായിരുന്നു. ഭർതൃമാതാവിന്റെ സാരി ധരിക്കണമെന്ന നിർബന്ധത്തിനു വഴങ്ങി മാത്രം സാരി ഉടുക്കാൻ പഠിച്ച ആളായിരുന്നു ഡോളി. പിൽക്കാലത്ത് ലോകത്തിലെ ഏറ്റവും വേഗതയേറിയ സാരി ഡ്രേപ്പർ എന്ന നിലയിൽ ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് വരെ അവരെ തേടിയെത്തി. അതിനെക്കുറിച്ചൊരിക്കൽ ഡോളിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു:
"എൻ്റെ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു സാരി ഉടുത്തത് എൻ്റെ ഭർത്താവും അദ്ദേഹത്തിൻ്റെ കുടുംബവും ആദ്യമായി കാണാൻ വന്നപ്പോഴാണ്. അതിനുശേഷം, സാരി ഉടുക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. മുൻപ് ഞാൻ ഇഷ്ടമില്ലാതെ സാരി ഉടുത്തിരുന്നു, പിന്നീട് ഞാനതിനെ എൻ്റെ വ്യക്തിത്വത്തിൻ്റെ ഒരു ഭാഗമാക്കി മാറ്റി’’
വിവാഹശേഷം എല്ലാ ദിവസവും സാരി ധരിക്കേണ്ടിവന്നപ്പോൾ, എന്തുകൊണ്ട് വ്യത്യസ്തമായി സ്റ്റൈൽ ചെയ്തുകൂടെന്ന ചിന്തയാണ് ബോളിവുഡിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സാരി ഡ്രേപ്പിങ് ആർട്ടിസ്റ്റുകളിൽ ഒരാളാക്കി അവരെ മാറ്റിയത്.
സ്വയം പലതരം ഡ്രേപ്പുകൾ പഠിച്ചും പരീക്ഷിച്ചും, ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയതോടെ സുഹൃത്തുക്കളിൽ പലരും സാരി ഉടുപ്പിക്കാൻ ഡോളിയെ ക്ഷണിച്ചു തുടങ്ങി. നടി ശ്രീദേവിയുടെ വാക്കുകളാണ് തനിക്ക് മുന്നോട്ടുപോകാൻ പ്രചോദനമായതെന്നൊരിക്കൽ ഡോളി പറയുകയുണ്ടായി. ശ്രീദേവിയുടെ കടുത്ത ആരാധികയായിരുന്നു ഡോളി.
"എൻ്റെ അമ്മാവൻ ഒരു സിനിമാ നിർമ്മാതാവാണ്, അദ്ദേഹത്തിൻ്റെ ഒരു പരിപാടിയിൽ വെച്ചാണ് ഞാൻ ശ്രീദേവിയെ ആദ്യമായി കാണുന്നത്. അവരുടെ സാരിയുടെ ഞൊറികൾ അലങ്കോലമായതുകണ്ട് ഞാനത് ശരിയാക്കിക്കെടുത്തു, സാരി ശരിയാക്കുന്ന എൻ്റെ വിരലുകളിലേക്കായിരുന്നു ശ്രീദേവിയുടെ ശ്രദ്ധ. പിന്നീട് അവർ എൻ്റെ കൈയ്യിൽ പിടിച്ചിട്ട് പറഞ്ഞു, എൻ്റെ വിരലുകൾക്ക് എന്തോ മാന്ത്രികതയുണ്ടെന്ന്. 'നിങ്ങൾക്കെന്തുകൊണ്ട് ഇതൊരു തൊഴിലായി തിരഞ്ഞെടുത്തു കൂടാ?' ആ ചോദ്യം എൻ്റെ ജീവിതം തന്നെ മാറ്റിമറിച്ചു.
രണ്ട് ലക്ഷം രൂപ മുതൽ മൂന്ന് ലക്ഷം രൂപവരെയാണ് സാരി ഡ്രേപ്പിങ്ങിനായി ഡോളി പ്രതിഫലം വാങ്ങുന്നത്. മാത്രമല്ല18 സെക്കന്റ് കൊണ്ട് വേഗത്തിൽ സാരി ഉടുപ്പിച്ച് ഇതിനോടകം തന്നെ അവർ റെക്കോഡും കരസ്ഥമാക്കിയിട്ടുണ്ട്.
ഒരു വിവാഹചടങ്ങിൽ വെച്ച് ഡോളിയുടെ സാരി ഡ്രേപ്പിങ് മികവുകണ്ട് ഫാഷൻ ഡിസെനർ സന്ദീപ് ഖോസ്ലയാണ് ഡോളിയെ ബോളിവുഡ് സെലിബ്രിറ്റികൾക്ക് ശുപാർശ ചെയ്യുന്നത്. ദീപിക പദുക്കോണിന്റെ 2022-ലെ കാന്‍ ഫിലിം ഫെസ്റ്റിവെല്ലിലെ ശ്രദ്ധേയമായ ലുക്കും, രാധിക മെര്‍ച്ചന്റിന്റെയും അനന്ദ് അംബാനിയുടെയും എന്‍ഗേജ്‌മെന്റ് ലുക്കും, കത്രീന കെെഫിന്റെയും ആലിയ ഭട്ടിന്റെയും അനുഷ്‌ക ശര്‍മ്മയുടെയും വെഡ്ഡിങ്ങ് ലുക്കും അംബാനികുടുംബത്തിന്റെ ആഘോഷവേളകളിലെ ലുക്കുമെല്ലാം ഡോളിയുടെ കരവിരുതാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Meet Dolly Jain, the celebrity saree draping artist who styles Bollywood stars
Published: 09 Oct 2025, 02:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented