സിനിമാ താരവും സംരംഭകയുമായ ദീപിക പദുകോണിന്റെ സ്കിൻകെയർ ബ്രാൻഡാണ് 82°E. കഴിഞ്ഞ രണ്ടുവർഷത്തോളമായി ബിസിനസിൽ നിന്ന് വമ്പൻ നഷ്ടങ്ങൾ സംഭവിച്ചതോടെ, വലിയൊരു മാറ്റത്തിന് തയ്യാറാവുകയാണ് സ്ഥാപനമിപ്പോൾ. ഉൽപ്പന്നങ്ങളുടെ വില കുറച്ചും, മാർക്കറ്റിങ് ചെലവുകൾ ചുരുക്കിയും നഷ്ടം നികത്താനുള്ള ശ്രമത്തിലാണ് ബ്രാൻഡ്. ‌

കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൽ കമ്പനി സമർപ്പിച്ച ഏറ്റവും പുതിയ രേഖകൾ പ്രകാരം, 2024-25 സാമ്പത്തിക വർഷത്തിൽ 12.26 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. മുൻ വർഷത്തെ 23 കോടി രൂപയിലധികം നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊരു മെച്ചപ്പെടലാണെങ്കിലും, നഷ്ടം തുടരുകയാണ്. വരുമാനവും കുത്തനെ ഇടിഞ്ഞു. 2023-24-ൽ ഏകദേശം 21.2 കോടി രൂപയായിരുന്ന വരുമാനം 2024-25-ൽ ഏകദേശം 14.7 കോടിയായി ഇടിഞ്ഞു. 30 ശതമാനത്തിലധികമാണ് ഇടിവ് രേഖപ്പെടുത്തിയത്.

ചെലവുകൾ കുറയ്ക്കാനും വിൽപ്പന വർധിപ്പിക്കാനുമുള്ള ശ്രമത്തിലാണെന്ന് കമ്പനി തന്നെ സ്ഥിരീകരിക്കുന്നുണ്ട്. ബ്രാൻഡിന്റെ തിരിച്ചു വരവിനുള്ള തന്ത്രത്തിന്റെ ഏറ്റവും വ്യക്തമായ സൂചനകളിലൊന്നാണ് റീട്ടെയിൽ വിലയിൽ കാര്യമായ കുറവ് വരുത്തിയത്. മിനി വേരിയന്റുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

വിലക്കുറവ് ഇങ്ങനെ
ലോഞ്ച് ചെയ്ത സമയത്ത്, 82°E ഉൽപ്പന്നങ്ങൾക്ക് 1,200 രൂപയ്ക്കും 2,900 രൂപയ്ക്കും ഇടയിലായിരുന്നു വില. 12 ഉത്പന്നങ്ങളുമുണ്ടായിരുന്നു. ഇന്ന്, 450-നും 2,900-നും ഇടയിലേക്ക് വില കുറച്ചു. ഉത്പന്നങ്ങളുടെ എണ്ണം 14 ആക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും വില കൂടിയ ഉൽപ്പന്നം ബകുചിയോൾ സ്ലിപ്പ് എന്ന ഫേസ് ഓയിലാണ്. ഇതിന്റെ 30 മില്ലിയുടെ ഫുൾ സൈസിന് 2,900 രൂപയും 15 മില്ലിയുടെ മിനി വേർഷന് 1,500 രൂപയുമാണ് വില. മറ്റ് ഉൽപ്പന്നങ്ങളിലും സമാനമായ വില ക്രമീകരണമുണ്ട്. സാൻഡൽനട്ട് ബ്ലൂം എന്ന മോയ്സ്ചറൈസറിന്റെ 15 മില്ലി വേർഷന് 670 രൂപയും 50 മില്ലിക്ക് 2,700 രൂപയുമാണ് വില.

ഇന്ത്യൻ വിപണിയിൽ വിലയെക്കുറിച്ച് കൂടുതൽ ബോധവാന്മാരായ ഉപഭോക്താക്കളാണുള്ളത്. വലിപ്പമുള്ളവ വാങ്ങുന്നതിന് മുമ്പ് ചെറുതൊന്ന് പരീക്ഷിക്കാൻ പ്രേരിപ്പിക്കുന്നതിനായാണ് മിനി വേരിയന്റുകളിറക്കിയത്. ഉയർന്ന വിലയുള്ള ഒരു പുതിയ ബ്രാൻഡ് വിപണിയിൽ സ്വീകാര്യത നേടാൻ പാടുപെടുമ്പോൾ സാധാരണയായി പ്രയോഗിക്കുന്ന തന്ത്രമാണിത്.

തുടക്കത്തിലൊരു മിഡ്-പ്രീമിയം ബ്രാൻഡായാണ് ഇത് അവതരിപ്പിച്ചത്. പക്ഷേ, പല ഇന്ത്യൻ ഉപഭോക്താക്കൾക്കും, പ്രത്യേകിച്ച് പാരമ്പര്യമായി വിശ്വാസമില്ലാത്ത ഒരു പുതിയ ബ്രാൻഡിൽ നിന്ന് വലിയ വിലകൊടുത്ത് സാധനങ്ങൾ വാങ്ങാൻ താത്പര്യമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ സ്കിൻകെയർ വിപണിയിൽ കടുത്ത മത്സരമാണെന്നതും മറ്റൊരു വസ്തുതയാണ്.

ദീപിക പദുകോണിന്റെ താരപരിവേഷവും സോഷ്യൽ മീഡിയയിലെ സ്വാധീനവും ഉണ്ടായിരുന്നിട്ടും, ബ്രാൻഡിനെ വിശ്വസിക്കാൻ ആളുകൾ തയ്യാറായില്ല. താരപരിവേഷം ഒരു തവണ ഉൽപ്പന്നം പരീക്ഷിക്കാൻ പ്രേരിപ്പിച്ചേക്കാം, എന്നാൽ ഉൽപ്പന്നത്തിന് മൂല്യമില്ലെങ്കിൽ അത് ആവർത്തിച്ചുള്ള വാങ്ങലുകളിലേക്ക് നയിക്കില്ലെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. ഇന്ത്യയെപ്പോലുള്ള, മൂല്യത്തിന് പ്രാധാന്യം നൽകുന്ന വിപണികളിൽ, പ്രീമിയം വിലയ്ക്ക് പ്രകടമായ ഗുണമേന്മയോ പുതുമയോ ആവശ്യമാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi