
പുതിയ കാലത്തിന്റെ ഫാഷന്‍ സ്റ്റേറ്റ്മെന്റാണ് ബോഡി പിയേഴ്സിങ്. കാതിലും മൂക്കിലും മാത്രമല്ല, ശരീരത്തിന്റെ പലഭാഗങ്ങളിലും പിയേഴ്സ് ചെയ്ത് ആഭരണങ്ങള്‍ അണിയുന്ന രീതിക്ക് സ്വീകാര്യത ഏറെയാണ്. സ്ത്രീകള്‍ മാത്രമല്ല, എല്ലാ ജെന്‍ഡറിലുള്ളവരും ബോഡി പിയേഴ്സിങ് ചെയ്ത് ശരീരം ആകര്‍ഷകമാക്കാറുണ്ട്. എവിടെ പിയേഴ്‌സ് ചെയ്യണം എന്ന ആശങ്കയുള്ളവര്‍ക്ക് ഇതാ ഒരു ബോഡി പിയേഴ്സിങ് ഗൈഡ്.
ശ്രദ്ധിക്കേണ്ടതെന്തെല്ലാം
- പിയേഴ്സ് ചെയ്യുന്ന ശരീരഭാഗത്തിനനുസരിച്ച് അതിന്റെ വേദനയും വ്യത്യാസപ്പെടുന്നു. കാര്‍ട്ടിലേജ് പിയേഴ്സിങ്ങും പല ബോഡി പിയേഴ്സിങ്ങുകളും ഉണങ്ങാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്.
- അണുബാധയ്ക്കുള്ള സാധ്യത കൂടുതലായതിനാല്‍ കൃത്യമായ പരിചരണം വേണം.
- പിയേഴ്സ് ചെയ്ത ഭാഗം ഇടയ്ക്കിടയ്ക്ക് തൊടുന്നത് ഒഴിവാക്കുക. കൈകള്‍ നന്നായി വൃത്തിയാക്കിയ ശേഷം തൊടുക, ആഭരണം അനാവശ്യമായി തിരിക്കുകയോ കറക്കുകയോ ചെയ്യരുത്.
- മൈല്‍ഡ് ആയ സോപ്പ് ഉപയോഗിച്ച് പിയേഴ്സ് ചെയ്ത ഭാഗം വൃത്തിയാക്കാം. ശേഷം കോട്ടണ്‍ തുണി ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കാം.
- ഉറങ്ങുമ്പോള്‍ ട്രാവല്‍ പില്ലോ ഉപയോഗിക്കുന്നത് ചെവിയിലെ പിയേഴ്സിങ് എവിടെയെങ്കിലും തട്ടി മുറിവുണ്ടാകുന്നതില്‍നിന്നും സംരക്ഷിക്കും.
- അണുബാധയുടെ ലക്ഷണങ്ങളെ അവഗണിക്കരുത്. പിയേഴ്സ് ചെയ്ത ഭാഗത്ത് ചുവപ്പ്, ചൂട്, വീക്കം, പഴുപ്പ് എന്നിവ ഉണ്ടാവുകയാണെങ്കില്‍ ആരോഗ്യ വിദഗ്ധനെ സമീപിക്കാം.

എങ്ങനെ തിരഞ്ഞെടുക്കാം
- എല്ലാ പിയേഴ്സിങ്ങുകളും എല്ലാവര്‍ക്കും അനുയോജ്യമാകണമെന്നില്ല.
- ചര്‍മത്തിന്റെ തരം, സെന്‍സിറ്റിവിറ്റി, മുഖത്തിന്റെ ഷേയ്പ്പ്, ചെവിയുടെ ഘടന എന്നിവയെല്ലാം തിരിച്ചറിഞ്ഞ് പിയേഴ്സ് ചെയ്യാന്‍ പ്രൊഫഷണല്‍ പിയേഴ്സറെ സമീപിക്കാം.
- ജീവിതശൈലിയും ജോലിയുടെ രീതിയും പരിഗണിക്കണം. ചില ജോലിസ്ഥലങ്ങളില്‍ ഡ്രസ് കോഡുകളുണ്ട്. അത്തരക്കാര്‍ക്ക് ശ്രദ്ധയില്‍പ്പെടാത്ത പിയേഴ്സിങ്ങുകളോ എളുപ്പത്തില്‍ മറയ്ക്കാന്‍ കഴിയുന്നവയോ ആകും നല്ലത്.
Twinkle Helix
പിയേഴ്സിങ്ങില്‍ ട്രെന്‍ഡിങ്ങാണ് ചെവിയില്‍, കാര്‍ട്ടിലേജിന്റെ (തരുണാസ്ഥി) മുകള്‍ഭാഗത്ത് ചെയ്യുന്ന ഹെലിക്സ് പിയേഴ്സിങ്. കട്ടിയുള്ള ഭാഗമായതിനാല്‍ മുറിവ് ഉണങ്ങാന്‍ ആറ് മുതല്‍ ഒമ്പത് മാസം വരെ സമയമെടുത്തേക്കാം. ഫ്ളാറ്റ്-ബാക്ക് ലാബ്രെറ്റുകള്‍, സ്റ്റഡുകള്‍, ഹൂപ്സ്, ക്ലിക്കര്‍ പോലുള്ള ആഭരണങ്ങള്‍ ഹെലിക്സ് പിയേഴ്സിങ്ങില്‍ ധരിക്കാം. ചെറിയ ഹൂപ്സില്‍ തുടങ്ങി വലിയ ഹൂപ്സില്‍ എത്തുന്ന ക്യുറേറ്റഡ് പിയേഴ്സിങ്ങും ട്രെന്‍ഡാണ്.
Dazzle Daith
ചെവിയിലെ കാര്‍ട്ടിലേജില്‍, കര്‍ണ്ണനാളത്തിന് (ear canal) മുകളിലെ മടക്കിലൂടെയാണ് ഡെയ്ത്ത് പിയേഴ്സിങ് ചെയ്യുന്നത്. ഇത് ഉണങ്ങാന്‍ ആറ് മുതല്‍ ഒമ്പത് മാസംവരെ സമയമെടുക്കും. ബീഡ് റിങ്ങുകള്‍, ഹൂപ്സ് ഹാര്‍ട്ട് ഷേയ്പ്പിലുള്ള ക്ലിക്കര്‍ പോലുള്ള ആഭരണങ്ങള്‍ ധരിച്ച് ഡെയ്ത്ത് പിയേഴ്സിങ് മനോഹരമാക്കാം.
Lunar Conch
ചെവിയിലെ കാര്‍ട്ടിലേജിന്റെ നടുഭാഗത്ത് ചെയ്യുന്നതാണ് കോഞ്ച് പിയേഴ്സിങ് (Conch Piercing). ഉണങ്ങാന്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ സമയമെടുത്തേക്കാം. ഇവിടെ ധരിക്കാന്‍ വലിയ ക്യാപ്റ്റീവ് ബീഡ് റിങ്ങുകളോ ഹൂപ്സ്, സ്റ്റോണ്‍ പിടിപ്പിച്ച ലാബ്രെറ്റ് സ്റ്റഡുകളോ തിരഞ്ഞെടുക്കാം. ഇന്നര്‍ കോഞ്ച് പിയേഴ്സിങ്ങില്‍ ചെറിയ സ്റ്റഡുകളും സ്റ്റൈലിഷാണ്.
Shimmery Tragus
കര്‍ണനാളത്തിന് മുന്നില്‍, ഉയര്‍ന്നുനില്‍ക്കുന്ന ചെറിയ ഭാഗത്ത് ചെയ്യുന്ന ട്രാഗസ് പിയേഴ്സിങ് സിംപിളും ട്രെന്‍ഡിയുമാണ്. മൂന്ന് മുതല്‍ ആറ് മാസമാണ് മുറിവ് ഉണങ്ങാനുള്ള സമയം. ഫ്ളാറ്റ്-ബാക്ക് സ്റ്റഡുകളും മൈക്രോ ബാര്‍ബെല്ലുകളും ധരിച്ചാല്‍ ഭംഗിയായിരിക്കും.
Charming Spetum
മൂക്കിനിടയിലൂടെ ചെയ്യുന്ന സെപ്റ്റം പിയേഴ്സിങ് ട്രെന്‍ഡിങ് ആണ്. ഏകദേശം രണ്ടോ മൂന്നോ മാസങ്ങള്‍കൊണ്ട് ഈ മുറിവ് ഉണങ്ങും. വൃത്താകൃതിയിലുള്ള ബാര്‍ബെല്ലുകള്‍, ചെറിയ മോട്ടീഫ്സുള്ള ക്ലിക്കറുകള്‍, ഹിഞ്ച്ഡ് ഹൂപ്സ് എന്നിവയാണ് ഇതിലെ ട്രെന്‍ഡുകള്‍.
Sparkline Bridges
രണ്ട് കണ്ണുകള്‍ക്കും ഇടയില്‍ മൂക്കിന്റെ പാലത്തിലുള്ള ബ്രിഡ്ജ് പിയേഴ്സിങ്ങിന് സ്ട്രെയിറ്റ് ബാര്‍ബെല്ലുകള്‍ ധരിക്കുന്ന രീതിയുമുണ്ട്.

Crystal Eyebrows
പുരികത്തിന് കുറുകെയും നെടുകെയും പിയേഴ്സ് ചെയ്യുന്ന രീതിയുണ്ട്. ഐബ്രോ പിയേഴ്സിങ്ങില്‍ സ്റ്റഡുകള്‍, ഹൂപ്പുകള്‍, ബാര്‍ബെല്ലുകള്‍, ഫ്ളോട്ടിങ് ജെംസ്റ്റോണ്‍സ് പോലുള്ള ആഭരണങ്ങള്‍ ധരിക്കാം.
Shimmer Kiss
മേല്‍ച്ചുണ്ടിലും കീഴ്ച്ചുണ്ടിലും പിയേഴ്സ് ചെയ്യുന്നതും ഫാഷനാണ്. മര്‍ലിന്‍ മണ്‍റോയുടെ ഫാഷന്‍ രീതികളെ പിന്തുടര്‍ന്നുകൊണ്ട് മേല്‍ചുണ്ടിന്റെ ഏതെങ്കിലും ഒരു വശത്ത് പിയേഴ്സ് ചെയ്ത് ലാബ്രെറ്റ് സ്റ്റഡ് അണിയുന്ന രീതിയാണ് മണ്‍റോ പിയേഴ്സിങ്.
കവിളിലും നുണക്കുഴിയിലും പിയേഴ്സ് ചെയ്ത് ലാബ്രെറ്റ് സ്റ്റഡുകള്‍ ധരിക്കുന്ന ചീക്ക് പിയേഴ്സിങ്ങിനും ആരാധകരുണ്ട്.
Glitter Navel
ക്രോപ്പ് ടോപ്പ്, മിഡ്റിഫ് ടോപ്പ് പോലുള്ള വസ്ത്രങ്ങള്‍ക്ക് ബെല്ലിബട്ടണ്‍ പിയേഴ്സിങ് കൂടുതല്‍ അഴകേകും. ഇവ ഉണങ്ങാന്‍ 6 മുതല്‍ 9 മാസംവരെ എടുക്കും. എന്നാല്‍ ഇളകാന്‍ സാധ്യതയുള്ളതിനാല്‍ പരിചരണം അത്യാവശ്യമാണ്. ഹാങ്ങിങ് ബെല്ലി റിങ്ങുകള്‍, കര്‍വ്ഡ് ബാര്‍ബെല്ലുകള്‍, ഡാങ്കിള്‍ ബെല്ലി റിങ്, ഫ്ളാറ്റ്-ടോപ്പ് സ്‌റ്റൈല്‍ എന്നിവയാണ് ട്രെന്‍ഡിങ് ആയ ആഭരണങ്ങള്‍.
Pierced Glow
കവിളില്‍, നുണക്കുഴിയില്‍, കണ്ണിന് താഴെ, കണ്ണിനും ചെവിക്കും ഇടയിലുള്ള ഭാഗത്ത്, കഴുത്തില്‍, നെഞ്ചില്‍, കോളര്‍ബോണില്‍, അരക്കെട്ടില്‍, പുറത്ത് നട്ടെല്ലിന് മുകളില്‍... തുടങ്ങി ശരീരത്തിലെ പലഭാഗങ്ങളിലും ഡെര്‍മല്‍ പിയേഴ്സിങ് ചെയ്യുന്നവരുണ്ട്. തൊലിയിലാണ് ഇത് ചെയ്യുക.
Adorn Nails
കാതിലും മൂക്കിലും മാത്രമല്ല, നഖവും പിയേഴ്സിങ് ചെയ്ത് ആഭരണം ധരിക്കുന്നതിനും സ്വീകാര്യത ഏറെയാണ്. നെയില്‍ ആര്‍ട്ട് ട്രെന്‍ഡുകളിലെ പുത്തന്‍ രീതിയാണ് ഇവ. കൃത്രിമ നഖത്തിലൂടെയോ വളര്‍ന്ന സ്വാഭാവിക നഖത്തിലൂടെയോ പിയേഴ്സ് ചെയ്യാം. ശേഷം രത്നക്കല്ലുകള്‍, മുത്തുകള്‍ എന്നിവ ധരിക്കാം. എംബഡഡ് നെയില്‍ ചാംസ്, പിയേഴ്സ്ഡ് നെയില്‍ ചെയ്ന്‍സ് പോലെ ഹാങ്ങിങ് ആഭരണങ്ങള്‍ ധരിക്കുന്നതും മറ്റൊരു ട്രെന്‍ഡാണ്.
വിരലുകളിലൂടെ ചെയ്യുന്ന ഫിങ്കര്‍ പിയേഴ്സിങ്ങുകളില്‍ ധാരാളം പുതുമകളുണ്ട്. തൊലിയിലൂടെയുള്ള ഡെര്‍മല്‍ ഫിങ്കര്‍ പിയേഴ്സിങ്, രണ്ട് വിരലുകള്‍ക്കിടയിലൂടെയുള്ള ഹാന്‍ഡ് വെബ് പിയേഴ്സിങ്,
മോതിരവും വിരലുംതമ്മില്‍ ബന്ധിപ്പിക്കുന്ന റിങ്ഡ് ഫിംഗര്‍ പിയേഴ്സിങ് എന്നിങ്ങനെ വിരലുകള്‍ ആകര്‍ഷകമാക്കാന്‍ വഴികളേറെയുണ്ട്. ഇവ ഫാഷന്‍ ലോകത്തെ ബോള്‍ഡ് സ്റ്റേറ്റ്മെന്റ് ആണെങ്കിലും വിരലുകള്‍ എപ്പോഴും ചലിക്കുന്നതിനാല്‍ സങ്കീര്‍ണതകള്‍ ഏറെയാണ്. ശ്രദ്ധാപൂര്‍വമുള്ള പരിചരണം ആവശ്യമാണ്. എല്ലാവര്‍ക്കും അനുയോജ്യമാകണമെന്നുമില്ല.
Hidden Gem
സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ നിപ്പിള്‍ പോലുള്ള സ്വകാര്യഭാഗങ്ങളില്‍ പിയേഴ്സ് ചെയ്ത് ആഭരണങ്ങള്‍ അണിയാന്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. ഹൂപ്സ്, സ്റ്റഡുകള്‍, റിങ്ങുകള്‍ എന്നിവ നിപ്പിള്‍ പിയേഴ്സിങ്ങിന് ഭംഗികൂട്ടുന്ന ആഭരണങ്ങളാണ്.
കൂടാതെ ഇന്റിമേറ്റ് ബോഡി പിയേഴ്സിങ് രീതികള്‍ക്കും സ്വീകാര്യതയുണ്ട്. ക്യാപ്റ്റീവ് ബീഡ് റിങ്ങുകള്‍, കര്‍വ്ഡ് ബാര്‍ബെല്‍സ്, സര്‍ക്കുലാര്‍ ബാര്‍ബെല്‍സ് തുടങ്ങിയവയാണ് പ്രചാരത്തിലുള്ള ആഭരണങ്ങള്‍.
Fake Piercing
പിയേഴ്സിങ്ങിന്റെ വേദനയെക്കുറിച്ചും ശേഷമുള്ള പരിചരണത്തെക്കുറിച്ചും ആശങ്കപ്പെടുന്നവര്‍ക്ക് സ്വീകരിക്കാവുന്ന രീതിയാണ് ഫേക്ക് പിയേഴ്സിങ്. ശരീരം നോവിക്കാതെ തന്നെ ട്രെന്‍ഡി ലുക്ക് കിട്ടും. പരിചരണവും ഉണങ്ങാനുള്ള സമയവും വേണ്ട. കൂടാതെ ഇഷ്ടാനുസൃതം ധരിക്കാനും എളുപ്പത്തില്‍ നീക്കം ചെയ്യാനും സാധിക്കും. യഥാര്‍ഥ പിയേഴ്സിങ് ചെയ്യുന്നതിനുമുമ്പ്, അവ എങ്ങനെയുണ്ടെന്ന് പരീക്ഷിക്കാനും ഫേക്ക് പിയേഴ്സിങ് ധരിച്ചുനോക്കാം. ചെവി, മൂക്ക്, ചുണ്ട്, പുരികം എന്നിവിടങ്ങളിലേക്കെല്ലാം ഫേക്ക് പിയേഴ്സിങ് ആഭരണങ്ങളുണ്ട്.
ഇയര്‍ ലോബില്‍ ധരിക്കുന്ന ക്ലിപ്പ് ഓണ്‍, കാര്‍ട്ടിലേജിലും ഹെലിക്സിലും ധരിക്കുന്ന ഇയര്‍ കഫുകള്‍, മാഗ്‌നറ്റിക് സ്റ്റഡുകള്‍, ഒട്ടിക്കുന്ന സ്റ്റോണുകള്‍ എന്നിവകൊണ്ട് ചെവി മനോഹരമാക്കാം.
സെപ്റ്റം പിയേഴ്സിങ്ങിന് പകരം ഫേക്ക് നോസ് റിങ്ങുകള്‍, സ്റ്റഡുകള്‍, മാഗ്നറ്റിക്, ക്ലിപ്പ്-ഓണ്‍ നോസ് റിങ്ങുകള്‍, ബ്രിഡ്ജ് റിങ്ങുകള്‍ എന്നിവ ഉപയോഗിക്കാം.
ചുണ്ടുകള്‍ ആകര്‍ഷകമാക്കാന്‍ മാഗ്നറ്റിക് ലാബ്രെറ്റുകളും ലിപ് റിങ്ങുകളുമുണ്ട്. മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും ഒട്ടിച്ചുവെക്കാവുന്ന ഫേക്ക് ഡെര്‍മല്‍ രത്നക്കല്ലുകളുണ്ട്.
സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ടൈറ്റാനിയം പോലെ ഗുണമേന്മയുള്ള, അലര്‍ജിയുണ്ടാക്കാത്ത ആഭരണങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore the world of body piercings! Learn about safe piercing practices, popular styles like helix & septum, and essential aftercare tips to prevent infection. Get your ultimate guide.
Published: 22 Nov 2025, 02:18 pm IST
ABOUT THE AUTHOR
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented