ബൾഗേറിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ആൻഡ്രിയ ഇവാനോവ ഒരുകാലത്ത് നഴ്സിങ് അസിസ്റ്റൻ്റായിരുന്നു. ലളിതമായി പുഞ്ചിരിച്ച്, സ്വഭാവിക സൗന്ദര്യം കൊണ്ടുനടന്നവൾ. പക്ഷേ, ശരീരവും രൂപവും സ്വയം മടുപ്പിക്കുന്നുവെന്ന് തോന്നിത്തുടങ്ങിയതോടെ അവരൊരു സാഹസത്തിനു മുതിർന്നു. മൊത്തത്തിലൊരു മേക്കോവർ. ഫില്ലറുകളും കുത്തിവെപ്പുകളുമെടുത്ത് സ്വാഭാവികമായ മുഖത്തെയും ശരീരത്തെയും അവർ മാറ്റിയെടുത്തു. പ്രധാനമായും അവർ ശ്രദ്ധിച്ചത് ചുണ്ടുകളിലാണ്. ആറു സർജറികളാണ് ചുണ്ടുകളുടെ വലിപ്പംകൂട്ടാൻ ചെയ്തത്, അതും ഒറ്റദിവസം. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകൾ തന്റേതാണെന്നാണ് ആൻഡ്രിയ അവകാശപ്പെടുന്നത്.

To advertise here,

കൃത്രിമമിനുക്കലുകൾക്ക് മുമ്പും പിമ്പുമുള്ള ചിത്രം അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ആൻഡ്രിയ വീണ്ടും ചർച്ചയായി. പ്ലാറ്റിനം ബ്ലോണ്ട് മുടി, ബ്ലീച്ച് ചെയ്ത പുരികങ്ങൾ, അമിതമായി തടിച്ച ചുണ്ടുകൾ എന്നിങ്ങനെ പാവയെപ്പോലെ തോന്നിപ്പിക്കുന്ന രൂപമാണ് അവർക്കിപ്പോൾ.

ഇതുവരെ 27,000 ഡോളറിലധികം (ഏകദേശം 22.5 ലക്ഷം രൂപ) ശരീരത്തിൽ ചെലവിട്ടുകഴിഞ്ഞതായി 28-കാരിയായ ആൻഡ്രിയ പറയുന്നു. ലിപ് ഫില്ലറുകൾക്കുപുറമെ, താടി, താടിയെല്ല്, കവിളെല്ലുകൾ എന്നിവിടങ്ങളിലെ ഹയാലുറോണിക് ആസിഡ് കുത്തിവയ്പ്പുകളും 600 സിസി ബ്രെസ്റ്റ് ഇംപ്ലാൻ്റുകളും ഇതിൽ ഉൾപ്പെടുന്നു.

വികൃതമെന്ന് പൊതുവെ വിലയിരുത്തലുണ്ടെങ്കിലും ആൻഡ്രിയ ഇതെല്ലാം ആസ്വദിക്കുന്നുണ്ട്. മാറ്റങ്ങൾ അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമായെന്നാണ് അവർ പറയുന്നത്.

അതേസമയം, ഇത്രയധികം മാറ്റങ്ങൾ ശരീരത്തിൽ വരുത്തിയതിന്റെ പേരിൽ മെഡിക്കൽ വിദഗ്ധരിൽ നിന്നും തനിക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ആൻഡ്രിയ പറയുന്നു. പല ഡോക്ടർമാരും കൂടുതൽ കുത്തിവെപ്പുകൾ നൽകാൻ വിസമ്മതിക്കുകയാണ്. പക്ഷേ, തൻ്റെ സൗന്ദര്യ ലക്ഷ്യത്തിൽ നിന്ന് ആൻഡ്രിയ പുറകോട്ടില്ല.

ഇതിനെല്ലാം പുറമെ, സുഹൃത്തുക്കൾക്ക് തുടക്കത്തിൽ തന്നെ അംഗീകരിക്കാൻ മടിയുണ്ടായിരുന്നെന്നും ആൻഡ്രിയ സൂചിപ്പിച്ചു. ആൻഡ്രിയയെ കാണുമ്പോൾ സുഹൃത്തുക്കൾക്ക് ഇപ്പോൾ അത്ഭുതമില്ലത്രേ. ''അവർക്കെന്റെ കൂടെ പുറത്തുപോകാൻ മടിയില്ല, അവരെന്നെ കണ്ട് ശീലിച്ചു, ആർക്കും അത്ഭുതമില്ല, പക്ഷേ, കുടുംബത്തിൽ ആർക്കും ഈ രൂപത്തിൽ സംതൃപ്തിയില്ല. കാണുമ്പോൾ ഭയം തോന്നുന്നുവെന്ന് അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയുമൊക്കെ പറയുന്നു. ഞാൻ അതൊന്നും ശ്രദ്ധിക്കുന്നില്ല. ഞാൻ പ്രായപൂർത്തിയായ ഒരാളാണ്, ശരീരം കൊണ്ട് എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്- ആൻഡ്രിയ പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi