പാരീസ് ഫാഷന്‍ വീക്കില്‍, സൗന്ദര്യവര്‍ദ്ധക ബ്രാന്‍ഡായ ലോറിയലിനെ പ്രതിനിധീകരിച്ച് റാമ്പില്‍ ചുവടുവെച്ച് നടി ഐശ്വര്യ റായ് ബച്ചന്‍. പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ കലാവൈദഗ്ദ്യത്തില്‍ നിര്‍മിച്ച ഇന്ത്യന്‍ ഷെര്‍വാണിയിലാണ് താരം ചടങ്ങിലെത്തിയത്. ശക്തമായ ആന്‍ഡ്രോജീനസ് (സ്ത്രീ-പുരുഷ ഭാവങ്ങള്‍ ഒത്തുചേര്‍ന്ന) സ്റ്റേറ്റ്‌മെന്റാണ് കോസ്റ്റ്യൂമിലൂടെ ലക്ഷ്യമിട്ടത്.

To advertise here,

പാരീസിലെ ഹോട്ടല്‍ ഡി വില്ലെയില്‍ നടന്ന പാരീസ് ഫാഷന്‍ വീക്കിന്റെ വിമന്‍സ് റെഡി-ടു-വെയര്‍ സ്പ്രിങ്-സമ്മര്‍ 2026 കളക്ഷന്റെ ഭാഗമായായിരുന്നു പരിപാടി. പാരീസിലെ സദസ്സിനെ നമസ്‌തേ പറഞ്ഞുകൊണ്ട് അവര്‍ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് അവര്‍ കൈവീശുകയും സദസ്സിനുനേരെ ഫ്‌ലയിങ് കിസ്സുകള്‍ നല്‍കുകയും ചെയ്തു.

മനീഷ് മല്‍ഹോത്ര തന്റെ സൃഷ്ടിയെക്കുറിച്ച് വിശദമായ വിവരണം നല്‍കി. അദ്ദേഹത്തിന്റെ പോസ്റ്റില്‍ നിന്നുള്ള ഒരു ഭാഗം ഇങ്ങനെ, 'ഈ രൂപം, പാരമ്പര്യ പുരുഷ വസ്ത്രത്തില്‍ വേരൂന്നിയ ഇന്ത്യന്‍ ഷെര്‍വാണിയെ ഒരു ആന്‍ഡ്രോജീനസ് ഫാഷന്‍ കാഴ്ചപ്പാടിലൂടെ പുനര്‍ഭാവന ചെയ്യുന്നു.

പ്രത്യേകം തയ്യാറാക്കിയ ഈ ഷെര്‍വാണി, ഘടനയും മാര്‍ദ്ദവവും ഒത്തുചേരുന്ന ഒരു ക്യാന്‍വാസായി മാറുന്നു. കരുത്ത് പ്രകടിപ്പിക്കുകയും എന്നാല്‍ ആധുനികമായ ആകര്‍ഷണീയത നിലനിര്‍ത്തുകയും ചെയ്യുന്ന തയ്യല്‍ ശൈലി. 10 ഇഞ്ച് വലിപ്പമുള്ള ഡയമണ്ട് എംബ്രോയിഡറി ചെയ്ത കഫുകള്‍, കൈകളെ ആധുനിക രാജകീയതയുടെ പ്രതീകമാക്കി മാറ്റുന്നു.

ഇത് ശക്തിയെയും ലോലതയെയും ഒരുപോലെ ഉയര്‍ത്തിക്കാട്ടുന്നു. പിന്‍ഭാഗത്ത്, അടുക്കുകളായുള്ള ഡയമണ്ട് സ്‌കാല്ലോപ്പുകള്‍ ഒരു ആഡംബര നെക്ലേസ് പോലെ താഴേക്ക് ഒഴുകുന്നു. രത്‌നങ്ങള്‍ പതിച്ച ഈ രൂപകല്‍പ്പന പൈതൃക അലങ്കാരങ്ങളെ സ്ത്രീ-പുരുഷ ഭേദമില്ലാത്ത ശക്തിയുടെ പ്രതീകമായി പുനര്‍നിര്‍വചിക്കുന്നു.

ഡയമണ്ട് പതിച്ച മൃഗങ്ങളുടെ രൂപമുള്ള ബ്രൂച്ചുകള്‍ കേവലം ഒരു അലങ്കാരമല്ല. അവയുടെ തിളക്കം വസ്ത്രത്തിന്റെ രൂപത്തിന് പ്രകാശം നല്‍കുന്നു. അതേസമയം മനോഹരമായ എംബ്രോയിഡറിയും വസ്ത്രത്തിന് പ്രത്യേക ഭാവം നല്‍കുന്നു.'

2025-ല്‍, ഈ കാഴ്ചപ്പാട് കാലാതീതവും പുരോഗമനപരവുമാണ്. സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുകയും, ലിംഗഭേദത്തെ അതിജീവിക്കുകയും, ഇന്ത്യന്‍ കരകൗശലത്തെ അന്താരാഷ്ട്ര വേദിയില്‍ എത്തിക്കുകയും ചെയ്യുന്ന ഒരു ഫാഷന്‍ പ്രസ്താവന.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi