
ഒരാളെപ്പോലെ ഏഴുപേര്‍ ഉണ്ടെന്നാണ് വിശ്വാസം. മനുഷ്യന് പുനര്‍ജ്ജന്മം ഉണ്ടെന്നും വിശ്വസിക്കപ്പെടുന്നു. അങ്ങനെയൊരു പുനര്‍ജന്മത്തിന്റെ നിറം പിടിപ്പിച്ച കഥയാണിത്. ഇന്റര്‍നെറ്റില്‍ കെടാതെ കത്തുന്ന ഒരു ഗൂഢാലോചനാസിദ്ധാന്തത്തിന്റെ കഥ.
പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വില്യം ഷേക്‌സ്പിയര്‍ എന്ന അത്ഭുതപ്രതിഭയ്ക്ക് ഇരുപതാം നൂറ്റാണ്ടില്‍ ഒരു അപരനുണ്ടത്രേ. അമ്പരപ്പിക്കുന്ന സമാനതയാണ് അപരനും ഷേക്‌സ്പിയറും തമ്മിലുള്ളത്. ഷേക്‌സ്പിയറുടേതെന്ന് നമ്മള്‍ കരുതുന്ന മുഖത്തിന്റെ വാസ്തവം ഇന്നും സംശയകരമാണ്. ജോണ്‍ ടെയ്ലര്‍, കാരല്‍ മാന്‍ഡര്‍, റോബര്‍ട്ട് പീക്ക് ദി എല്‍ഡര്‍, ഫെഡറിക്കോ സക്കാരി... തുടങ്ങിയ നിരവധി ചിത്രകാരന്മാര്‍ അദ്ദേഹത്തെ വരച്ചുവെന്ന് പറയപ്പെടുന്നു. പല ചിത്രങ്ങളും പതിനാറാം നൂറ്റാണ്ടിലേതാണെന്ന് തെളിഞ്ഞിട്ടുമുണ്ട്. എന്നാലും അവയെല്ലാം ഷേക്‌സ്പിയര്‍ തന്നെയാണോ എന്ന് സംശയാതീതമായി തെളിയിക്കാനായിട്ടില്ല.
ഷേക്‌സ്പിയറുടേതായി പില്‍ക്കാലത്തു പ്രചരിക്കപ്പെട്ട എല്ലാ ചിത്രങ്ങള്‍ക്കും കാരണമായത് ഒരു ചിത്രവും ഒരു ശില്പവുമാണ്. 1622-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഷേക്‌സ്പിയറുടെ നാടകസമാഹാരത്തിന് മുഖചിത്രമായി മാര്‍ട്ടിന്‍ ഡ്രുഷൗട്ട് വരച്ച ചിത്രം. ഷേക്‌സ്പിയറുടെ സമകാലീനനായിരുന്ന ബെന്‍ ജോണ്‍സണ്‍ ആ ചിത്രത്തിന് ഷേക്‌സ്പിയറുമായി സമാനതയുണ്ട് എന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു.

മറ്റൊന്ന് ഷേക്‌സ്പിയറുടെ ജന്മനാടായ സ്ട്രാറ്റ്‌ഫോഡിലെ ഹോളി ട്രിനിറ്റി ചര്‍ച്ചിന് മുന്നില്‍ സ്ഥാപിച്ച അര്‍ദ്ധകായപ്രതിമയാണ്. ജെറാര്‍ഡ് ജോണ്‍സണ്‍ എന്നായിരുന്നു ശില്പിയുടെ പേര്. ഇവ രണ്ടും അദ്ദേഹത്തിന്റെ മരണശേഷം പൂര്‍ത്തിയാക്കപ്പെട്ടവയാണ്. എങ്കിലും കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ ഈ രൂപങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചതായി കാണുന്നില്ല.

എന്തായാലും, എല്ലാവരും കണ്ടുപരിചയിച്ച ഷേക്‌സ്പിയര്‍ ചിത്രത്തിന് ജീവന്‍ വെച്ചതുപോലെ ഒരാളുണ്ട്. അമേരിക്കന്‍ നടനും നിര്‍മാതാവുമായ ആദം ഷുല്‍മാന്‍. ഇന്റെര്‍സ്റ്റെല്ലര്‍, വണ്‍ ഡേ, പ്രിന്‍സസ് ഡയറീസ്, ദി ഡെവിള്‍ വെയേഴ്‌സ് പ്രാഡ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ആന്‍ ഹാത്‌വേയുടെ ജീവിതപങ്കാളി. അദ്ദേഹമാണ് ഷേക്‌സ്പിയറുടെ അപരനായി, പുനര്‍ജന്മമായി ഗൂഢാലോചനാസിദ്ധാന്തങ്ങളില്‍ നിറയുന്നത്. കേവലം രൂപസാദൃശ്യം മാത്രമല്ല, ഈ പുനര്‍ജന്മകഥയ്ക്ക് ആധാരം. ഇരുവരുടെയും ജീവിതത്തിനുമുണ്ട് വലിയൊരു സമാനത.
തന്നെക്കാള്‍ എട്ടു വയസ്സിന് മൂത്ത ഒരു പെണ്‍കുട്ടിയെയാണ് ഷേക്‌സ്പിയര്‍ വിവാഹം കഴിച്ചത്. അന്ന് ഷേക്‌സ്പിയറിന് വെറും 18 വയസ്സ്. വിവാഹത്തിന് മുന്‍പേ വധു ഗര്‍ഭിണിയായിരുന്നു എന്നാണ് കഥകള്‍. യാഥാസ്ഥിതിക സമൂഹത്തില്‍ അതൊരു ഘോരപാപമായതിനാല്‍ തിരക്കുപിടിച്ച് വിവാഹിതനാകുകയായിരുന്നു ഷേക്‌സ്പിയര്‍. മരണം വരെ തുടര്‍ന്നുപോയി, ഈ വിവാഹബന്ധം. ഷേക്‌സ്പിയറുടെ ഭാര്യയുടെ പേരും ആന്‍ ഹാത്‌വേ!
പല അഭിമുഖങ്ങളിലും കൗതുകകരമായ ഈ ചരിത്രസമാനതകള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഒരു യമണ്ടന്‍ തമാശയായിട്ടാണ് ആദവും ആനും ഇത്തരം ചോദ്യങ്ങളെ കാണാറുള്ളത്. എങ്കിലും, ചോദ്യങ്ങള്‍ തുടരുന്നു, ഊഹാപാേഹങ്ങളും.
Content Highlights: the uncanny resemblance between shakespeare and adam shulman
Published: 23 Apr 2024, 02:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented