അക്ഷരങ്ങളുടെ അനശ്വരതയെ സ്പര്‍ശിച്ച, അവയില്‍ ആത്മീയതയുടെ പ്രകാശം നിറച്ച എഴുത്തുകാരി- സരസ്വതി എസ്.വാര്യര്‍. മലയാളിയുടെ ആത്മീയ ഭൂമികയ്ക്ക് രത്‌നസമാനമായ ഒട്ടേറെ പുസ്തകങ്ങള്‍ സമ്മാനിച്ച ആ എഴുത്തുകാരി വിടവാങ്ങിയിരിക്കുന്നു. ലളിതാ സഹസ്രനാമ വ്യാഖ്യാനവും രമണ മഹര്‍ഷിയുടെ സംഭാഷങ്ങളുടെ വിവര്‍ത്തനമായ വചനാമൃതവും പെരിയപുരാണത്തിന്റെ പുനരാഖ്യാനവും തിരുവാചകത്തിന്റെ വ്യാഖ്യാനവും സൗന്ദര്യലഹരിയുടെയും സ്വാമി ചന്ദ്രശേഖരേന്ദ്ര സരസ്വതിയുടെ അരുള്‍മൊഴികളുടെയും വിവര്‍ത്തനങ്ങളും ഉള്‍പ്പെട്ടെ ഒട്ടേറെ കൃതികള്‍ മലയാളത്തിന് സമ്മാനിച്ച പ്രതിഭയാണ് അവര്‍.

To advertise here,

ആടയാഭരണങ്ങളുടെ ഭാരമില്ലാത്ത തെളിമലയാളത്തില്‍ ആത്മീയതയുടെ വിശുദ്ധ വെളിച്ചത്തെ അവര്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. ആത്മീയതയുടെ നിറവില്‍ ജീവിതത്തെ സദാ പ്രഭാപൂരിതമാക്കിയ സരസ്വതി എസ്.വാര്യരുടെ അവസാന ലേഖനം നവരാത്രിയോടനുബന്ധിച്ച് മാതൃഭൂമി പുറത്തിറക്കിയ മൂകാംബിക സപ്ലിമെന്റില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഓലച്ചുവടിയില്‍ പഠിച്ച വാഗീശീസ്തവ ശ്ലോകങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന അക്ഷരവെളിച്ചം നിറയുന്ന ആ ലേഖനത്തിന്റെ ഒരു ഭാഗം ഇതാ...


ഓരോ അക്ഷരത്തിലും ഓരോ മന്ത്രമുണ്ട്. ഓരോ മന്ത്രത്തിലും ഒരു പ്രത്യേകശക്തിയുണ്ട്. വായതുറന്നാല്‍ 'അ' എന്നും വായ അടച്ചാല്‍ 'മ' എന്നും ആവുന്നു. അക്ഷരബ്രഹ്മം മുഴുവനും ഈ അമ്മ എന്ന രണ്ടക്ഷരത്തില്‍ ഒടുങ്ങുന്നു. ആ അമ്മയാണ് നമ്മുടെ ശക്തി. നമ്മുടെ പ്രകാശം. ഇങ്ങനെയാണ് നാം ആദ്യം അക്ഷരങ്ങള്‍ പഠിക്കുന്നത്. ആ അമ്മയെ വണങ്ങി ചെറിയൊരു അനുഭവം എഴുതാം.
നവരാത്രിയിലെ അവസാന മൂന്നുദിവസം നാം അക്ഷരാംബികയെ സര്‍വാത്മനാ വണങ്ങുന്നു.
വാഗര്‍ത്ഥാവിവ സംപൃക്തൗ വാഗര്‍ത്ഥപ്രതിപത്തയേ
ജഗത പിതരൗ വന്ദേ
പാര്‍വതീപരമേശ്വരൗ

എന്നാണ് കാളിദാസ മഹാകവിയും തുടങ്ങുന്നത്.
ആദിശങ്കര ഭഗവത്പാദര്‍ പല മഹാത്മാക്കളുമായി വാദിച്ച് അനേകം തത്ത്വസാരങ്ങളെ വെളിപ്പെടുത്തി. അമരസിംഹന്‍ മഹാകവിയാണ്. ജ്ഞാനിയുമാണ്. ശ്രീശങ്കരഭഗവത്പാദരുടെ തത്ത്വശുദ്ധീകരണം അദ്ദേഹത്തെയും തോല്പിച്ചു. അനേകം ഗ്രന്ഥങ്ങള്‍ എഴുതിയ അമരസിംഹന് കഠിനമായ നിരാശയായി. താന്‍ എഴുതിയതെല്ലാം വ്യര്‍ഥമായി എന്നൊരു തോന്നല്‍. മുറ്റത്ത് അടുപ്പുകൂട്ടി ഓരോന്നായി അതിലിട്ട് ഭസ്മമാക്കാന്‍തുടങ്ങി. വിവരമറിഞ്ഞ് പെട്ടെന്ന് ശങ്കരഭഗവത്പാദര്‍ അവിടെ എത്തി എറിയാനുയര്‍ത്തിയ രണ്ട് ഓലകള്‍ പിടിച്ചുവാങ്ങിക്കൊണ്ട് ''ഇത് രത്‌നമാണ്. അമ്മയാണ്. അങ്ങു തന്നെ ജയിച്ചിരിക്കുന്നു...'' എന്നുപറഞ്ഞ് കവിയെ കെട്ടിപ്പിടിച്ചു. 'നവരാത്രി പൂജയ്ക്ക് ഇനി ഈ രണ്ട് ഓലകളാവും ദേവിക്ക് കിരീടം' എന്ന് അനുഗ്രഹിച്ചു. അന്നുമുതല്‍ നാം പുസ്തകപൂജയ്ക്ക് ഏറ്റവുംമീതെ മാലയിട്ട് അലങ്കരിച്ച് പൂജിക്കുന്നത് വാഗീശീസ്തവം എന്ന 14 ശ്ലോകങ്ങളാണ്. ഇന്നും പഴമക്കാര്‍ അതു പാലിക്കുന്നു.
വാഗീശീസ്തവത്തെക്കുറിച്ച് കേട്ടുവരുന്ന ഒരു കഥയാണിത്. വാഗീശീസ്തവം ശങ്കരന്റെ കൃതിയായിട്ടാണ് പൊതുവേ പരിഗണിക്കപ്പെടുന്നത്.