
ഉന്മാദങ്ങളെപ്പറ്റിയോര്‍ത്താല്‍ ഒറ്റപ്പേരാണ് പൂര്‍വീകസ്വത്ത്. വി. ശിവദാസമേനോന്‍ ബി.എ., അമ്മാവനാണ്. അമ്മയുടെ തൊട്ടിളയ ആങ്ങള. എന്റെ ശിമ്മാമ. മനുഷ്യരെ കണ്ടും അറിഞ്ഞും അദൃശ്യരൂപങ്ങളോട് സംവദിച്ചും 65 വര്‍ഷം ജീവിച്ച എന്റെ ശിമ്മാമയുടെ ഉന്മാദകഥയില്‍ ആഹ്ലാദങ്ങള്‍ ഒളിപാര്‍ത്തിരുന്നു. ഉന്മാദം അക്ഷരമായി അദ്ദേഹത്തിന്റെ ഉടലില്‍ വെന്തുരുകി, തലയില്‍ നിന്നും ക്രാക്കത്തോവക്കുട്ടികള്‍ പോലെയവ കടലാസ്സില്‍ ചിതറി. കവിത പിറന്നു. ഓര്‍ക്കുമ്പോള്‍ കരള്‍ പിടയ്ക്കയും കവിത വിരലുകളിലൂടെയീറന്‍ ചോരുകയും കവിളുകള്‍ കവിതമണക്കുകയും ചെയ്യുന്ന കൊടും കാല്‍പ്പനികകാലം.
കവിതയുടെ സൃഷ്ടിയുടെ ആത്മപീഢാപരമായ ആഹ്ലാദം ചുറഞ്ഞു....
മരണാനന്തരം ചാര്‍ച്ചയുടെ ഉന്മാദഞരമ്പുകള്‍ മണ്ണില്‍ അലിഞ്ഞു. ഇനിയൊരു ജനിതക പകര്‍ച്ച എന്നെ തേടില്ലെന്ന് ഞാന്‍ ഉറപ്പായും വിശ്വസിച്ചു. എന്നാല്‍ അത്രയൊന്നും ആഹ്ലാദകരമല്ലാത്ത വിഷാദത്തിന്റെയും പരിഭ്രമത്തിന്റെയും പഴുക്കടയ്ക്കകള്‍ പൂത്തുകായ്ച്ചു മണം പരത്തിയ മറ്റൊരു ഉന്മാദ ജീവിതം എന്നെ ഇതേപോലെതന്നെ വീണ്ടും തേടി വന്നു. അമ്മാവനില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ഉന്മാദവിഷാദങ്ങള്‍ പഴുപ്പാര്‍ന്നു വരുന്നത് കുഞ്ഞുങ്ങളുടെ സ്ഥാനത്തുള്ള മനുഷ്യരിലേയ്ക്കാകുന്നുവെന്നത് ആലോചിക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു. അനുഭവിക്കുമ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ.
ആദ്യമേ പറഞ്ഞുവല്ലോ പേരില്‍ കാണുന്ന കാല്‍പ്പനികതയോ രക്തസ്‌നാതഭരിതമായ സൗന്ദര്യമോ ഒന്നും ഉന്മാദത്തിനില്ല. വിഷാദരൂപിയായി ഉന്മാദം മനുഷ്യരെ കുരുക്കിയും മുറുക്കിയും ശ്വാസം മുട്ടിച്ചും കേവല ബാധ്യതയായി അതിന്റെ ഇടങ്ങളിലേയ്ക്ക് സദാ സഞ്ചരിക്കുന്നുവെന്ന് മാത്രം. ആരെ കീഴ്‌പ്പെടുത്തും, ആരെ അടിയറവ് പറയിക്കുമെന്നൊന്നും നമുക്കറിയില്ല. നിശ്ശൂന്യമായ കണ്ണുകളോടെ ചീറിപ്പായുന്ന വാഹനങ്ങളുള്ള ഒരു റോഡിലേക്ക് നോക്കി അന്തം വിട്ടവര്‍ നില്‍ക്കും. അവനും അങ്ങനെനിന്നു. ഒരു കാല്‍ മുന്നോട്ട് വെച്ചിരുന്നുവെങ്കില്‍ നൂറു കി.മി വേഗതയില്‍ വന്ന ഒരു കാറിനു തട്ടിയിടാനേ ഉണ്ടായിരുന്നുള്ളൂ.
''എടാ കുട്ടീ നീ വാടാ'' പരിഭ്രമിച്ചുപോയ എന്റെ സഹോദരന്‍ അവനെ വിളിച്ചു. സത്യത്തില്‍ അവന് എന്റെ മകനാവാനുള്ള പ്രായം തന്നെയുള്ളൂ. ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ മരിച്ചുപോയ എന്റെ ആദ്യ കുഞ്ഞിന്റെ അതേ പ്രായം. കയ്യില്‍ എടുത്തോമനിച്ചും കൊഞ്ചിച്ചും ഇങ്ക് കൊടുത്തു താരാട്ടിയും മാമ്മൂട്ടിയും ആന കളിപ്പിച്ചു സൈക്കിളില്‍ ഇരുട്ടിയും അവനെ വളര്‍ത്തിയത് ഞാനും കൂടി ചേര്‍ന്നാണ്. സുന്ദരനായ കുട്ടി ആയതുകൊണ്ട് അവന്റെ ഓമനത്തം എപ്പോഴും ഇരട്ടിച്ചുതന്നെ നിന്നു. അവനെ കൊഞ്ചിക്കാത്ത ഒരാള്‍ പോലും അവന്റെ നാട്ടിലുണ്ട് എന്നെനിക്ക് തോന്നുന്നില്ല. വളരുംതോറും ഭംഗിയുള്ള ഒരു കുഞ്ഞായി, പിന്നെ മുതിര്‍ന്ന ബാലകനായി പൊടിമീശയില്‍ കൗമാരകുതൂഹലങ്ങളായി പൊടിച്ച് അവന്‍ പരിവര്‍ത്തനപ്പെട്ടു കൊണ്ടിരുന്നു.
ചെറിയ കുട്ടിയായിരുന്നപ്പോള്‍ അവന്‍ എനിക്ക് വലിയ വലിയ ലിസ്റ്റുകള്‍ കൊണ്ടുതരുമായിരുന്നു. അതിലവന് ആവശ്യമുള്ള കളിപ്പാട്ടങ്ങള്‍, മധുരപലഹാരങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവയുടെ പേരുകള്‍ മെഴുകുകളര്‍ കൊണ്ട് എഴുതിയിരുന്നു. എന്തിന്റെയും 2 കോപ്പി. ഒരു കോപ്പി എനിക്കും ഒരു കോപ്പി അവനും. അതിലെ വസ്തുക്കള്‍ വാങ്ങിച്ചുകൊടുക്കുന്ന മുറയ്ക്ക് അത് വെട്ടി വെട്ടിമാറ്റിക്കൊണ്ടിരിക്കും. ലിസ്റ്റ് മുഴുവന്‍ വെട്ടിത്തീരുന്നതുവരെ അവന്‍ കാത്തിരിക്കും. പൂജ്യം ആയാലുടനെ അടുത്ത ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടാകും. അവന്‍ ഇങ്ങനെ ലിസ്റ്റ് തരുന്നത് കൊണ്ടും അവന്‍ ബുദ്ധിമുട്ടിക്കുന്നവര്‍ അവന് സാധനങ്ങള്‍ വാങ്ങിച്ചുകൊടുക്കുന്നത് കൊണ്ടും അവന്റെ അമ്മയ്ക്ക് ഭയങ്കര ദേഷ്യം ആയിരുന്നു. ''നീയെന്താടാ ലിസ്റ്റ് ഇങ്ങനെ കൊടുക്കുന്നത്?'' എന്ന് എപ്പോഴും അവന്റെ അമ്മ പരിഭവപ്പെട്ടുകൊണ്ടിരുന്നു.
എന്റെ കുഞ്ഞ് ജനിക്കേണ്ട സമയത്താണ് ഏതാണ്ട് അവന്‍ ജനിച്ചത് എന്നുള്ളത് കൊണ്ടുതന്നെ എന്റെ കുഞ്ഞിനോടുള്ള അതേ വാത്സല്യം ഒട്ടും കുറയാതെ പൂര്‍ണ്ണമായ അളവില്‍ എനിക്ക് അവനോടുണ്ടായിരുന്നു. എനിക്കും എന്റെ ഭര്‍ത്താവിനും മാറിമാറി ഈ ലിസ്റ്റ് എഴുതിത്തരുവാന്‍ അതുകൊണ്ടുതന്നെ അവന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. കുട്ടികള്‍ നോക്കി നില്‍ക്കെ വളരും. കുഞ്ഞു തുമ്പപ്പൂ ചെടി പോലെ ഇരുന്നവന്‍ തുമ്പിക്കൈ ഉയരത്തില്‍ ആയോ എന്നു നമ്മള്‍ കൗതുകപ്പെടും. ഇത്രവേഗം ഇത്ര വലിയ കുട്ടിയായോ? ഓരോ ഒത്തുകൂടലിലും അവന്‍ വലിയ കുട്ടിയായി മാറിക്കൊണ്ടേയിരുന്നു.
ഇടയ്ക്കിടെ ഓരോ ആവശ്യങ്ങള്‍ക്കായി എന്റെ വീട്ടില്‍ വരുമായിരുന്നു. അവനെക്കുറിച്ച് അക്കുവിന് അത്ര നല്ല അഭിപ്രായമില്ല. അവള്‍ക്കെന്തും കാടിന്റെ നിയമമാണ്. കാടിന്റെതായ ഒരു നേര്‍ യുക്തിയും ചോദനയും അവളെയെപ്പോഴും നയിക്കും. അവള്‍ എന്ത് വിഷയത്തെയും, തന്നെ നേരിടാന്‍ വരുന്ന ഒരു വലിയ പുലിയെപ്പോലെയോ ആനയെ പോലെയോ കരടിയെ പോലെയോ നേരിട്ട് കളയും. ഇരയും വേട്ടക്കാരനും തമ്മിലുള്ള ഒരു സമവാക്യത്തില്‍ ഇപ്പോഴും തടഞ്ഞുനില്‍ക്കും. കാടിന്റെ ഗോത്രനിയമങ്ങള്‍ വച്ച് കാടിന്റെ അളവുകള്‍ വച്ച് അവള്‍ പലപ്പോഴും നാടിനെ അളന്നുകൊണ്ടേയിരുന്നു.
''ചേച്ചി വേറൊന്നും നോക്കേണ്ടതില്ല. അവള്‍ പറയുന്നതില്‍ എപ്പോഴും ഒരു സത്യമുണ്ട്. അത് മനുഷ്യനും പ്രകൃതിയും ആയിട്ടുള്ള താളവും ഈണവും തിരിച്ചറിയുന്നത് കൊണ്ട് സാധിക്കുന്നതാണ്. എനിക്കതില്‍ ഭയങ്കര വിശ്വാസണ്ട്. അക്കു ഒരാളെ കുറിച്ച് കുഴപ്പം പറഞ്ഞാല്‍ അയാള്‍ക്ക് കുഴപ്പമുണ്ട് എന്ന് തന്നെ ചേച്ചി വിശ്വസിച്ചേക്കു'' അമ്മു അക്കുവിന്റെ തോന്നലുകള്‍ക്ക് അംഗീകാരം സദാ നല്‍കി. പല കാര്യങ്ങളിലും അതുകൊണ്ടുതന്നെ അക്കു ശരിയല്ല എന്നു പറഞ്ഞ ഓരോ വ്യക്തികളും പിന്നീട് അവരുടെ തനിനിറവും ശരികേടുകളും ചതികളും വ്യക്തമായും സ്പഷ്ടമായും കാണിച്ചു. അപ്പോഴെല്ലാം അക്കുവും അമ്മുവും സംഘമാര്‍ന്നു ചിരിച്ചു. ''അക്കുപറഞ്ഞത് കേട്ടില്ലല്ലോ''.
എല്ലാം എനിക്ക് കാട്ടിലെ നിയമം വെച്ച് അളക്കുവാന്‍ സാധിക്കുകയില്ല. പ്രത്യേകിച്ച് മനുഷ്യരെക്കുറിച്ചും മനുഷ്യബന്ധത്തെക്കുറിച്ചുള്ള വിശ്വാസങ്ങളെക്കുറിച്ചുമുള്ള എന്റെ കാഴ്ചകളെ ഞാന്‍ കൂടുതല്‍ നന്മയിലൂന്നിയാണ് അളന്നിരുന്നത്. നെഗറ്റീവായ ആദിമ ചോദനകള്‍ ശരിയല്ല എന്നു ഞാന്‍ വിശ്വസിച്ചു.
''ക്രൂരനായ മനുഷ്യരെക്കുറിച്ചും പ്രശ്‌നങ്ങളുള്ള മനുഷ്യരെക്കുറിച്ചും ഒരു വലിയ ഉള്‍ക്കാഴ്ച അക്കുവിനുണ്ട്. അതുകൊണ്ടാണല്ലോ തേന്‍ എടുക്കാന്‍ പോകുമ്പോള്‍ അവര്‍ കരടിയുടെയും പുലിയുടെയും കയ്യില്‍ നിന്ന് രക്ഷപ്പെടുന്നത്''
''ഇത് കരടിയും പുലിയും ഒന്നുമല്ലല്ലോ, മനുഷ്യരല്ലേ?''
''എന്തു മനുഷ്യരായാലും ശരി. അതും മൃഗം തന്നെയാണ് പലപ്പോഴും''
''എന്താ അക്കു നിനക്ക് അവനെ ഇഷ്ടമല്ലാത്തത്?
''ചേച്ചി പോയി കഴിഞ്ഞാല്‍ ഇവിടെയുള്ള സകല മേശകളും അലമാരകളും തുറന്നുപരിശോധിക്കലാണ് അവന്റെ പണി. സകല ബാഗുകളും സകല പോസ്റ്റുകളും സകല കള്ളികളും സകല തട്ടിന്‍പുറങ്ങളും അവന്‍ പരിശോധിച്ചുകൊണ്ടേയിരിക്കും. എന്താണ് അവിടെയൊക്കെ നിന്ന് കിട്ടുന്നത് എന്ന് മാത്രം എനിക്കറിയില്ല.''
''അപ്പോള്‍ അതാണ് കാര്യം. പെറുക്കിവെക്കുന്നത് എല്ലാം വലിച്ചിടുന്ന ഒരാള്‍ എന്ന നിലയിലാണ് ഇത്ര ദേഷ്യം വരുന്നത്. അല്ലെ?''
''അല്ല. വലിച്ചിടുന്നത് മാത്രമല്ല. മറ്റൊരു വീട്ടില്‍ വന്ന് ഇത്രയ്ക്ക് പരിശോധിക്കാന്‍ എന്താണുള്ളത്?''
''കുഞ്ഞൂട്ടനോ ഗൗര്യൂട്ടിയോ പരിശോധിക്കുന്നത് പോലെ എന്ന് കരുതിയാല്‍ പോരെ?''
''കുഞ്ഞൂട്ടനും ഗൗര്യൂട്ടിയും പോലെയല്ല അവന്‍. അതിനേക്കാള്‍ ഒക്കെ വ്യത്യസ്തനായ ആളാണ്. നമ്മുടെ പാവം പിടിച്ച കുട്ടികളെ വെച്ച് അങ്ങനെ താരതമ്യം ചെയ്യരുത്.''
എങ്കിലും എന്തായിരിക്കും അക്കുവിന്റെ ദേഷ്യത്തിന്‍ മൂലകാരണം എന്നെനിക്ക് മനസ്സിലായതേയില്ല. എന്തോ ഒരുതരം ഉള്‍ക്കാഴ്ച സദാ അവനില്‍ നിന്നും അകറ്റിനിര്‍ത്തി. പിന്നീട് ഒരിക്കല്‍ അവന്‍ വീട്ടില്‍ വന്നപ്പോള്‍ ഉച്ചസമയമാണ്. വേറെയും കുറച്ച് കുട്ടികളും മറ്റും വന്നിട്ടുണ്ട്. എല്ലാവരും അവിടെയും ഇവിടെയും പാവിരിച്ചും മറ്റും കൊടുംമയക്കത്തിലാണ്. എന്റെ അടുത്ത് കുഞ്ഞൂട്ടനും ഗൗരിക്കുട്ടിയും കിടപ്പാണ്. എ.സിയുടെ തണുപ്പില്‍ ഞങ്ങള്‍ പുതച്ചുറങ്ങി. കുറെ നേരം കഴിഞ്ഞപ്പോള്‍ ഗൗരിക്കുട്ടിയുടെ പിടുത്തത്തിന് എന്തോ ഒരു വ്യത്യാസം പോലെ എനിക്ക് തോന്നി. ഞാന്‍ ഉറക്കത്തില്‍നിന്നും കണ്ണുവലിച്ച് തുറന്നു നോക്കി.
ഗൗരിയോ കുഞ്ഞൂട്ടനോ ആയിരുന്നില്ല, അത് അവനായിരുന്നു. ഞാന്‍ ഞെടിവിറച്ചു. സ്ലീപ് അപ്നിയ ഉള്ളതിനാല്‍ അതെന്റെ തോന്നലോ എന്ന് അന്ധാളിച്ചു. എന്തെങ്കിലും അസുഖകരമായ ഒരു സ്വപ്നത്തിന്റെ ബാക്കിയായിരിക്കുമോ അത് എന്ന് ഞാന്‍ ആശങ്കിച്ചു. ഒരു പുരുഷന്‍ സ്ത്രീയോട് ഇടപെടുന്നത് പോലെ അമ്മയെപ്പോലെയുള്ള ഒരാളോട് ഇടപെടാന്‍ കുട്ടികള്‍ക്ക് കഴിയുമോ എന്ന ചോദ്യം ഉള്‍ക്കലക്കി തലച്ചോറിനെ തേളു പോലെ ഇറുക്കിപ്പിടിമുറുക്കി. പിന്നെ എനിക്ക് കിടന്നിട്ട് ഉറക്കംവന്നില്ല, ഞാന്‍ എഴുന്നേറ്റു. അവനെന്നാല്‍ നല്ല ഉറക്കത്തിലാണ് താനും.
സ്ത്രീ എന്ന നിലയില്‍ എപ്പോഴും അന്യരായ മനുഷ്യര്‍ നമ്മുടെ അരികില്‍ വന്നുകഴിയുമ്പോള്‍ നമുക്ക് ഉള്ളില്‍ ഉണ്ടാക്കുന്നത് സദാ നെഗറ്റീവായ ചിന്തയാണ്. കുട്ടിക്കാലത്ത് ബന്ധുവില്‍നിന്നും നേരിട്ട ആക്രമണവും സ്ത്രീയെന്ന രീതിയില്‍ അവമതിക്കപ്പെട്ട ഓരോ നിമിഷവുമാണ് ഇത്തരത്തില്‍ നമ്മളെക്കൊണ്ട് ചിന്തിപ്പിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. ഇരയാണ് ഓരോ സ്ത്രീയെന്നും നമ്മളിലുറച്ച വിശ്വാസം, ഭയം, ആദി, ചോദന...
ഒരുപക്ഷെ പുരുഷകുലത്തെ പറ്റിയുള്ള ഭയംകൊണ്ടുള്ള എന്റെ തോന്നല്‍ ആയിരിക്കും എന്ന് ഞാന്‍ ആശ്വസിച്ചു. ഇതൊരു തോന്നല്‍ അല്ല, അവന്റെ പെരുമാറ്റത്തില്‍ കുഴപ്പമുണ്ടായിരുന്നു എന്നെന്നോട് ഉള്ളിലെ പെണ്ണ് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ കാറും എടുത്ത് പുറത്തേക്കിറങ്ങിപ്പോയി. അവനു മുഖം നല്‍കാന്‍ എനിക്കു കഴിഞ്ഞില്ല. എനിക്കൊരു ഉത്തരം വേണമായിരുന്നു. ആര്‍ക്കാണ് ഇത്തരമൊരു വിഷയത്തില്‍ എനിക്കൊരു ഉത്തരം തരാന്‍ കഴിയുക? പല മുഖങ്ങളും ഞാന്‍ ഓര്‍ത്തുനോക്കി പെട്ടെന്ന് അദ്ദേഹത്തെ ഓര്‍മ്മ വന്നു. എല്ലാ കാര്യങ്ങളിലും ഉപദേശം നല്‍കാന്‍ അദ്ദേഹത്തിനു കെല്‍പ്പുണ്ടെന്ന് എനിക്കറിയാമായിരുന്നു.
''അങ്ങനെ സംസാരിച്ചാല്‍ എങ്ങനെയാണ് എനിക്ക് മനസ്സിലാവുക?'' അദ്ദേഹം ശാന്തതയോടെ കാപ്പിക്കപ്പ് നീക്കിവെച്ചു.
''അവന്‍ പ്ലസ് ടു പഠിക്കുകയാണ്''
''ആണ്‍കുട്ടികളെ എട്ടാം ക്ലാസ് മുതല്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും. പേടിപ്പിക്കാന്‍ പറഞ്ഞതല്ല.''
''ഞാനെന്തു ചെയ്യും? ചോദിക്കാതിരുന്നാല്‍ ഒരുപക്ഷേ അവന്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ വീണ്ടും അവനത് ചെയ്യാനുള്ള ഒരു ലൈസന്‍സ് ആയി മാറില്ലേയത്?''
''ഉറപ്പായും അവനത് പോസിറ്റീവ് ആയിട്ട് എടുക്കും.''
''ഞാനെങ്ങനെയാ ഞാനെങ്ങനെയാ ഈ വിഷയത്തെ കൈകാര്യം ചെയ്യുക?'' എനിക്കു കരച്ചില്‍ വന്നു. എന്റെ മകന്‍ എന്റെ മകന്‍ എന്നു ഹൃദയം ഉഴന്നു. എനിക്ക് കണ്ണീര്‍ പെരുകി കുരുടത്തം വന്നു. അവനെന്നോട് മോശമായി പെരുമാറി എന്ന് വിശ്വസിക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല. എന്നാല്‍ അവന്‍ എന്നോട് പെരുമാറുന്നത് ശരിയാണെന്ന് വിശ്വസിക്കുവാനും കഴിഞ്ഞില്ല.
''അയ്യോ കരയണ്ട. ഒരു കാര്യം. ചെയ്യ് അവനിപ്പോള്‍ വീട്ടിലുണ്ടോ? നീ തിരിച്ചുചെന്ന് സമാധാനമായിട്ടു ചോദിക്ക്''
''എന്നാലും'' ഞാനൊന്നു ശങ്കിച്ചു.
''ഒരു പക്ഷേ അവന്‍ അങ്ങനെയല്ല പെരുമാറിയതെങ്കില്‍ അത് അവന്റെ ഉള്ളിലുണ്ടാക്കുന്ന മുറിവ് എത്ര വലുതായിരിക്കും?''
''ഒക്കെ ശരി. എന്നാല്‍ ഞാന്‍ മറ്റൊരു സൊല്യൂഷന്‍ പറയാം. നല്ല കണ്ണു പൊട്ടുന്ന ചീത്ത എഴുതി മെസ്സേജില്‍ അയച്ചുകൊടുക്ക്. എന്താന്നൊന്നും പറയേണ്ടതില്ല. പക്ഷെ മേലില്‍ ഇത് ആവര്‍ത്തിച്ചാല്‍ നിനക്കുള്ള ശിക്ഷ ഭീകരം ആയിരിക്കും എന്ന രീതിയില്‍ ഭയപ്പെടുത്തുന്ന ഒരു വാണിങ് മെസ്സേജ് അയക്കൂ.''
ഞാനതു പോലെ ചെയ്തു. ഞാന്‍ അയച്ച മെസ്സേജ് അവന്‍ കണ്ടു. ഒരു മറുപടിയും ഉണ്ടായില്ല. രണ്ടോ മൂന്നോ മണിക്കൂറിനുശേഷം ഞാന്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ അവനവിടെ ഉണ്ടായിരുന്നില്ല. വീണ്ടും ആറുമണിക്കൂറുകള്‍ക്ക് ശേഷം ''ചേച്ചി എന്താണ് പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല'' എന്നൊരു മെസ്സേജ് മാത്രം എനിക്ക് വന്നു. എന്റെ കോപം ഇരട്ടിച്ചു, ''എന്നെക്കൊണ്ട് നീ കൂടുതല്‍ പറയിപ്പിക്കേണ്ട. ഞാന്‍ പറഞ്ഞത് നിനക്കുമറിയാം എനിക്കുമറിയാം'' എന്ന് ഞാന്‍ മറുപടി എഴുതി.
ആ മെസ്സേജ് കണ്ട ഉടനെ അവന്‍ എനിക്ക് മറുപടി അയക്കുകയോ അല്ലെങ്കില്‍ എന്നോട് സംസാരിക്കുകയോ ചെയ്തിരുന്നെങ്കില്‍ എനിക്ക് അവനില്‍ യാതൊരു സംശയവും ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ മെസ്സേജ് കണ്ട്, 13 മണിക്കൂര്‍ കഴിഞ്ഞ് അതിനൊരു മറുപടി അയച്ചപ്പോള്‍ അത് എനിക്കത് കുഴപ്പമായി തോന്നി. മനസ്സിലാകെ വെപ്രാളമായി. മകനാണ് മകന്‍. എന്നിട്ടുമവന്‍...
പിന്നീട് അതിനെപ്പറ്റി കൂടുതലായി ആലോചിക്കാനെനിക്കു കഴിഞ്ഞില്ല. അതെന്റെ ഹൃദയത്തെ തകര്‍ത്തിരുന്നു. എന്തായാലും ഞാന്‍ ആ ചിന്തയേ വിട്ടു. അവന്‍ പിന്നീട് വീട്ടിലേക്ക് വന്നതേയില്ല. പ്ലസ് ടു കഴിഞ്ഞ് ഒരു വര്‍ഷം റിപ്പീറ്റും ചെയ്ത് കോയമ്പത്തൂരില്‍ ബയോക്കെമിസ്ട്രിക്ക് പഠിക്കാന്‍ വേണ്ടി ജോയിന്‍ ചെയ്തു. ദീര്‍ഘകാലത്തെ ഒരു നിശബ്ദതയായിരുന്നുവത്. സുദീര്‍ഘമായ 3 വര്‍ഷങ്ങള്‍. ഈ കാലം കൊണ്ട് അവന്‍ ചെയ്ത ചീത്ത വൃത്തി ഞാന്‍ പൂര്‍ണ്ണമായി മറന്നു. ഒരു പക്ഷെ എന്റെ മനസ്സ് ഓര്‍മ്മിക്കാനാഗ്രഹിക്കാതെ മനസ്സിനടിയിലടിയിലേക്കു തള്ളിക്കളഞ്ഞിരിക്കാം.
മാസങ്ങള്‍ കഴിഞ്ഞ് എന്റെ അനുജന്‍ എന്നെ വിളിച്ച് ഏറെ ദുഃഖത്തോടെ, ''അവനാകെ വിഷമത്തിലാണ്'' എന്ന് പറഞ്ഞു. എനിക്കാദ്യം മനസ്സിലായില്ല. കറുത്ത ആ ഓര്‍മ്മ അമ്പെ എന്നില്‍ നിന്നും അകന്നുതീര്‍ന്നിരുന്നു. ഒരു വിഡ്ഢിയെപ്പോലെ ഞാന്‍ നിന്നു.
''എന്തുപറ്റി?''
''ചേച്ചിയോട് പെരുമാറിയത്... അതില്... അവന് നല്ല വിഷമണ്ട്''
എന്റെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നിമാഞ്ഞു. മനസ്സിനടിയില്‍ നിന്നും കുതറിത്തെറിച്ചു ആ ഓര്‍മ്മ. അപമാനം, വേദന തുല്യം ചാര്‍ത്തി... അപ്പോള്‍ ഞാന്‍ കരുതിയത് ശരി തന്നെയായിരുന്നു. അമ്മയ്ക്കു തുല്യയായ എന്നെ അവന്‍ കണ്ട കണ്ണുകള്‍ മറ്റൊരു വിധത്തിലായിരുന്നുവെന്നത് എന്നെ വേദനിപ്പിച്ചു. അന്നുതന്നെ വൈകുന്നേരം എനിക്ക് അവന്റെ സുദീര്‍ഘമായ ഒരു വാട്‌സ്ആപ്പ് മെസ്സേജ് വന്നു. പ്ലസ് ടു ക്ലാസുകളില്‍ വച്ച് പെണ്‍കുട്ടികളോടും സ്ത്രീകളോടും തോന്നിയ കൗതുകവും അത് വളര്‍ത്തിയ സുഹൃത്തുക്കളും നിരന്തര പോണ്‍ സിനിമകള്‍ കണ്ടുണ്ടായിട്ടുള്ള ഭ്രമവും ഉത്ഭ്രാന്തതയുമെല്ലാം വിശദമായി അവന്‍ എഴുതിയിരുന്നു.
''എനിക്ക് മാപ്പ് തരണം ചേച്ചി എനിക്ക് അമ്മയെപ്പോലെ തന്നെയാണ്.''പ്ലസ് ടു കാലത്ത് പെട്ടുപോയ മോഹമായ വലയങ്ങളിലവന്‍ ചിലന്തിയെപ്പോലെ കിടക്കുകയായിരുന്നു. സ്വയം വലയില്‍ കുരുങ്ങിയും ഇനി വരുന്നവരെ കുരുക്കാന്‍ പരിശ്രമിച്ചും. പോണ്‍ സിനിമകളില്‍ അരണ്ടുപോയ നീലദിവസങ്ങള്‍.. പണം കൊടുത്തും സൗജന്യമായും പല സൈറ്റുകളിലെയും സേവനങ്ങള്‍ വാങ്ങിയതിന്റെ ഒക്കെയും ദുരന്തഫലം ആണ് അന്ന് നടന്ന സംഭവം. എന്തുകൊണ്ടോ എനിക്ക് നെഞ്ച് എരിയുന്നതുപോലെ തോന്നി.
കണ്ണുകള്‍ നിറഞ്ഞു. എന്റെ മകന്‍ കുഞ്ഞൂട്ടന്‍ എന്നോട് ഒരു കുറ്റം ചെയ്തതുപോലെ എനിക്ക് വേദന തോന്നി. അവന്റെ ക്ഷമയില്‍ എന്റെ തകര്‍ന്നു തരിപ്പണമായ മാതൃഹൃദയം അലിഞ്ഞു. ''നീ എനിക്ക് മകനെ പോലെ തന്നെയാണ്. ചെയ്തത് തെറ്റാണെന്നും ക്ഷമിക്കണമെന്നും പറയാനുള്ള ഒരു ഹൃദയം ഉണ്ടല്ലോ. അതാണ് ഏറ്റവും പ്രധാനം. മകനെ കുഞ്ഞൂട്ടനേക്കാളും കുറഞ്ഞ് ഞാന്‍ നിന്നെ കണ്ടിട്ടില്ല, മറ്റൊരാളായി കരുതിയിട്ടില്ല. മകനെ ഞാന്‍ നിന്നോട് ഹൃദയപൂര്‍വം ക്ഷമിച്ചിരിക്കുന്നു.'' വിങ്ങുന്ന ഹൃദയത്തോടെ അവനു ഞാന്‍ സന്ദേശമയച്ചു.
പിന്നെയും അവനും എനിക്കും ഇടയില്‍ നീണ്ട ഒരു നിശബ്ദത ഉണ്ടായി. പിന്നീട് അവന്‍ വിളിക്കുന്നത് ഒരു രണ്ട് വര്‍ഷം കഴിഞ്ഞാണ്. ടെലിഫോണിലൂടെ അവന്‍ കരയുന്നതുപോലെ തോന്നി.
''ചേച്ചി എനിക്കൊരു വലിയ സഹായം ആവശ്യമുണ്ട്.''
''എന്താണ് പ്രശ്‌നം ?''
അവന്റെ ചേച്ചിക്ക് എന്തൊക്കെയോ കുഴപ്പംപോലെ തോന്നുന്നുവത്രേ. അവന്‍ രാത്രിയില്‍ ഉറക്കമില്ലാതെ എഴുന്നേറ്റ് നടക്കുന്നു. അസ്വസ്ഥനായി എന്തൊക്കെയോ പുലമ്പുകയും വിളിച്ചുപറയുകയും ചെയ്യുന്നുണ്ട്. ചിലപ്പോള്‍ നഗരത്തിലേക്ക് ഇറങ്ങിപ്പോകുന്നു. മണിക്കൂറുകളോളം ബൈപ്പാസില്‍ ആരെയോ നോക്കിനില്‍ക്കുന്നു, എന്തൊക്കെയോ സംസാരിക്കുന്നു. ചിലപ്പോള്‍ ഞങ്ങളാരും കാണാത്ത ഏതോ ഒരു അദൃശ്യരൂപത്തോട് സംസാരിച്ചു നില്‍ക്കുന്നു. എന്റെ ഉള്ളിലൂടെ ഒരു വിറയല്‍ കടന്നുപോയി. ഉന്മാദിയായ ശിമ്മാമയുടെ ഓര്‍മ്മയില്‍ ഞാന്‍ പുകഞ്ഞു. മഞ്ഞോളം ഉന്മാദശീതത്താല്‍ കരിനീലിച്ച കൃഷ്ണമണികള്‍. അവയിലെ സാഗരവ്യാഘ്രത.
മഞ്ഞുകാലമായിരുന്നു, തിരുവച്ചിറയില്‍ നിറയെ പ്രേതങ്ങള്‍ ഛര്‍ദ്ദിച്ച കൊഴുന്ന പച്ചജലം തിളങ്ങി. വെള്ളത്താമരപ്പൂക്കള്‍ പൂവിട്ട് അവയില്‍ പൊന്തിപ്പൊടിച്ചു നിന്നു. ആല്‍മരങ്ങളില്‍ നിന്നും തണുത്ത കാറ്റ് അടിച്ചുവീശി. ചക്കര പൂഴിക്കരയില്‍ വെയിലേറ്റു തിളങ്ങിക്കിടന്നു. മുഷിഞ്ഞ ഒരു സഞ്ചി തൂക്കി മറുകരയില്‍ സാമൂതിരിയുടെ പഴയ കൊട്ടാരത്തിന്റെയും ആര്‍ട്‌സ് കോളേജിന്റെയും ഇരുട്ടുവീണ മുന്‍വഴിയിലേക്ക് ശിമ്മാമ നടന്നുപോകുന്നത് ഞാന്‍ ഓര്‍മ്മിച്ചു.
ശിമ്മാമനൊപ്പം മുന്നിലും പിന്നിലും ആരും ഉണ്ടായിരുന്നില്ല. ഉണ്ടായതായി ഞാനോ നിങ്ങളോ ഈ ലോകമോ കണ്ടില്ല. എന്നാല്‍ ശിമ്മാമ അവരോടെല്ലാം ഹൃദയപൂര്‍വം സംവദിച്ചുകൊണ്ടിരുന്നു. അവര്‍ക്കൊപ്പം റോഡ് മുറിച്ചുകടക്കാനും അവരുടെ കൈപിടിക്കുവാനും അവരോട് പിണങ്ങാനും ശിമ്മാമയ്ക്ക് കഴിഞ്ഞു.
''ചേച്ചി മുറിയില്‍ മറ്റാരൊക്കെയോ ഉണ്ട് എന്നപോലെയാണ് അവള്‍ സംസാരിക്കുന്നത്. രാത്രിയില്‍ പെട്ടെന്ന് ഉണര്‍ന്നുനോക്കുമ്പോള്‍ എന്നെത്തന്നെ സൂക്ഷിച്ചു തുറിച്ചുനോക്കിക്കൊണ്ട് നില്‍ക്കുന്നത് കാണാം''
''വീട്ടിനകത്ത് ആയുധങ്ങളൊന്നും നിങ്ങള്‍ വയ്‌ക്കേണ്ട. കുറച്ചുദിവസം കൂടി നീയൊന്ന് പരിശ്രമിച്ച് നോക്ക്. ഡോക്ടറെ ഉറപ്പായും കാണേണ്ടിവരും. ഞാനൊരു യാത്രയിലാണ് നാളെ എത്തും. നീ അവിടെ ഏതെങ്കിലും ഒരുഡോക്ടറെ കാണിക്കൂ...''
''ഏയ് അതൊക്കെ പ്രശ്‌നാവും''
''ഇല്ല, ഒരിക്കലുമില്ല. നമുക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്നതല്ല എങ്കില്‍ അതിന് ഡോക്ടര്‍മാരുടെ സഹായം ആവശ്യമായിരിക്കും. മെഡിസിന്റെ സഹായം ആവശ്യമായിരിക്കും''
''ചേച്ചി എനിക്കൊരു തീരുമാനമെടുക്കാന്‍ പറ്റുന്നില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടത്? എനിക്ക് ഒറ്റയ്ക്ക് ഇത് സാധിക്കുമെന്ന് തോന്നുന്നില്ല''
''നീ വീട്ടില്‍ വരൂ''
പറഞ്ഞതിനും കേട്ടതില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒരു നിലയില്‍ ആയിരുന്നു അവന്റെ ചേച്ചി. തക്കലയിലെ ഒരു എന്‍ജിനീയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് കഴിഞ്ഞ് പാസ്സായി വന്നിട്ട് വര്‍ഷം മൂന്ന് ആയിരിക്കുന്നു. ''ആര് പാസായി, ഞാന്‍ പാസായിട്ടില്ല. എനിക്ക് 200 പേപ്പറുകള്‍ ഉണ്ട്. അരിയര്‍ എഴുതി തീര്‍ക്കാതെ ഒരു രക്ഷയുമില്ല'' അവള്‍ വിഭ്രമത്തോടെ പറഞ്ഞു.
ഇവനെപ്പോലെ തന്നെ ഇവന്റെ ചേച്ചിയും അതിസുന്ദരിയായ ഒരു കുട്ടിയാണ്. എന്നാല്‍ ഇപ്പോള്‍ ചീഞ്ഞകണ്ണുകളില്‍ ജ്വരക്കറുപ്പും ജഡ കിട്ടിയത് പോലെയുള്ള മുടിയും ചെന്നിക്കുത്ത് ബാധിച്ചത് പോലെ ചുളിഞ്ഞ നെറ്റിയുമായി അവള്‍ നിന്നു. മുമ്പെല്ലാം കാണുമ്പോള്‍ അവളുടെ കണ്ണുകളില്‍ ഒരു പ്രപഞ്ചം ഉണ്ടായിരുന്നു. ജീവിതത്തിന്റെ ഒരു തീ ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ അതെല്ലാം പൂര്‍ണമായും അണഞ്ഞുപോയതായി കണ്ടു. ഉന്മാദത്തിന്റെ കരിന്തിരി, വന്യത അവയില്‍ തെളിഞ്ഞു. അവള്‍ മണിക്കൂറുകളോളം ബാല്‍ക്കണിയുടെ തൂണില്‍ പിടിച്ച് മച്ചിയായ മാവിനെ നോക്കി നിന്നു. ഒരിക്കലും പൂക്കുകയോ തളിര്‍ത്ത് മാമ്പൂക്കള്‍ പഠിക്കുകയോ ചെയ്യാത്ത വൃദ്ധനായ മച്ചിമാവ്. അല്ലെങ്കില്‍ റോഡരികില്‍ ചെന്ന് ക്രോസ് ചെയ്യുവാന്‍ മറന്ന ഒരുവനെപ്പോലെ നിശ്ചലരായി നിന്നു. മുന്നിലൂടെ 80 കിലോമീറ്റര്‍ വേഗതയില്‍ ബൈക്കുകളും കാറുകളും ട്രാന്‍സ്‌പോര്‍ട്ട് ബസുകളും കുതിച്ചുപാഞ്ഞു. എന്റെ കസിന്‍ അവളെ കണ്ട് പേടിച്ച് വണ്ടിയില്‍ കയറ്റിക്കൊണ്ടുവന്നു. ഓരോ പ്രവര്‍ത്തിയിലും ഉണ്ടായിരുന്നു ഈ നിശ്ചലത.
രാത്രിയില്‍ വാതില്‍ക്കല്‍ വന്നുനിന്ന് അദൃശ്യരായ രൂപങ്ങളോട് അവള്‍ എന്തൊക്കെയോ പിറുപിറുത്തു. അവളുടെ അമ്മയെ ഫോണ്‍ ചെയ്തപ്പോള്‍ അമ്മ കരഞ്ഞു. അമ്മയും അനിയനും അവള്‍ക്ക് ശത്രുക്കള്‍ ആണെന്ന് അവന്‍ നിസ്സഹായതയോടെ പറഞ്ഞു. മനോരോഗ വിദഗ്ധന്‍ മിഥുന്‍ ഡോക്ടറുടെ അടുത്തേക്ക് അവളെ കൊണ്ടുപോകാന്‍ തീരുമാനിച്ചു
''ഒരു കാര്യം നീ മനസ്സിലാക്കണം, ഇപ്പോള്‍ പരീക്ഷയെല്ലാം തോറ്റിരിക്കുന്നു. നിനക്ക് കോണ്‍സെന്‍ട്രേറ്റ് ചെയ്യാന്‍ പറ്റുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്''
അവളുടെ കയ്യില്‍ എപ്പോഴും ഉള്ള ന്യൂസ് പേപ്പറിലേക്ക് നിസ്സഹായതയോടെ അവള്‍ നോക്കി. അതില്‍ പൂരിപ്പിച്ച് പൂര്‍ത്തിയാക്കാത്ത സുഡോക്കോവിന്റെ കളങ്ങളുണ്ടായിരുന്നു. നിശൂന്യ കളങ്ങള്‍.
''ചേച്ചി കണ്ടോ എപ്പോഴും ഇത് പൂരിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. ഇത് പൂര്‍ത്തീകരിക്കുവാന്‍ എനിക്ക് പക്ഷേ കഴിയുന്നില്ല'' അവള്‍ തന്റെ ഗതികേട് തുറന്നു സമ്മതിച്ചു. ഇത് കൂടാതെ അമ്മയും സഹോദരനും തന്നെ ദ്രോഹിക്കുന്നു എന്ന തോന്നല്‍ അവളില്‍ ശക്തമായിരുന്നു അവരുടെ അമ്മ കരഞ്ഞു കൊണ്ടേയിരുന്നു. അവന്‍ തന്റെ ചേച്ചിയുടെ രോഗകാര്യങ്ങളിലും ചികിത്സയിലും കാണിക്കുന്ന പ്രത്യേക ശ്രദ്ധ എന്നെ സന്തോഷിപ്പിച്ചു.
''എങ്ങനെയെങ്കിലും ഏച്ചിയെ ശരിയാക്കി എടുക്കണം ചേച്ചി'' എന്നവന്‍ സങ്കടത്തോടെ പറഞ്ഞു. ഡോക്ടറുടെ അരികില്‍ അവന്‍ വരാന്‍ സമ്മതം നല്‍കിയത് കൊണ്ട് കാര്യങ്ങള്‍ എളുപ്പമായിരുന്നു
''സൈക്കോസിസ്സിന്റെ തന്നെ ഒരു വേര്‍ഷന്‍ ആണിത്. മുമ്പ് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?'' ആദ്യത്തെ മറുപടി പറയുന്നതിനു മുമ്പ്
മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കോളേജില്‍ വെച്ച് അവള്‍ക്ക് ഡിപ്രഷന്‍ വന്നതും മുറിക്കകത്ത് കയറി ഒളിച്ചിരുന്നത് കണ്ട് കൂട്ടുകാര്‍ ആരൊക്കെയോ ചേര്‍ന്ന് ഡോക്ടറുടെ അരികില്‍ കൊണ്ടുപോയതും അവള്‍ ഓര്‍ത്തുപറഞ്ഞു.
എനിക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അനവധി പൂച്ചിപ്രാണികളുടെ ശബ്ദം ഞാന്‍ കേട്ടു. ചീവീടുകളുടെ മൂര്‍ച്ചയേറിയ ഒച്ചയില്‍ എനിക്ക് ചെവിപുളിച്ചു. ഡോക്ടര്‍ അവളോട് മണിക്കൂറുകളോളം സംസാരിച്ചു.
''ഈ ജൂണില്‍ ഇവളെ കൊണ്ട് അരിയര്‍ പരീക്ഷയെഴുതിക്കാമെന്ന് നിങ്ങള്‍ കരുതണ്ട'', ഡോക്ടര്‍ എന്നോട് കട്ടായം പറഞ്ഞു.
''ഉപയോഗിക്കാന്‍ പാടില്ലാത്ത മരുന്നുകളുടെ ഉപയോഗമാണിവളെ കുഴപ്പത്തിലാക്കിയത്''
''കൈനീട്ട്'' അവളിരുകൈകളും നീട്ടി. സിറിഞ്ചുകളുടെ കുത്തുപാടുകള്‍. അപ്പോള്‍ തന്നെ അവന്‍ ഞെട്ടലോടെ തന്റെ കൈ തെറുത്തത് വിടര്‍ത്തിക്കളഞ്ഞു. അതു മൂടും മുന്നെ ഞാന്‍ കണ്ടു. അവന്റെ കൈത്തണ്ടയിലുമുണ്ടായിരുന്നു അനവധി കുത്തുപാടുകള്‍...രോഗിയായ ചേച്ചിയേക്കാള്‍ മീതെ...
ഞാന്‍ ഞെട്ടിവിറച്ചു. അവനെപ്രതി അണ്‍ ഐഡന്റിഫൈഡ് സൈക്കോസിസ് എന്ന് ഭാവിയില്‍ മനോരോഗ വിദഗ്ധന്‍ പറയുമെന്നും അതു കേള്‍ക്കേ അവന്റെ ചേച്ചിയും എന്റെ അനുജത്തിയും ഞാനും അശരണമായി കരയുമെന്നും അപ്പോഴെനിക്ക് ഒരൂഹവും ഉണ്ടായിരുന്നില്ല....
(തുടരും)
Content Highlights: indu menon's column, unmadangal
Published: 21 Dec 2023, 02:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented