
അർജുൻ അശോകനും രജീഷ വിജയനും
'ജൂൺ' എന്ന സിനിമ കണ്ടിട്ടുണ്ടോ? ഒരു കൗമാരക്കാരിയുടെ പ്ലസ് ടു മുതൽ വിവാഹം വരെയുള്ള ജീവിതവും പ്രണയങ്ങളുമൊക്കെയാണ് ഇതിന്റെ ഇതിവൃത്തം. അതിൽ വൺ സൈഡഡും ടു സൈഡഡും ആയിട്ടുള്ള പ്രണയങ്ങളുണ്ട്. ചിലതൊക്കെ ഭയങ്കര ക്രിഞ്ച് ആയി തോന്നിയെങ്കിലും അതിൽ എനിക്കിഷ്ടപ്പെട്ടൊരു കാമുകനുണ്ട്. അർജുൻ അശോകൻ ചെയ്ത ആനന്ദ്. ഒരു പക്ഷേ, സിനിമ കണ്ടവർക്കെല്ലാം ഇഷ്ടപ്പെട്ടതും ആനന്ദിനെത്തന്നെയായിരിക്കും. അവർ തമ്മിൽ ഒന്നിക്കണമെന്ന് ആഗ്രഹിച്ചും കാണും.
നാട്ടിലെ സാധാരണ സ്‌കൂളിൽ പഠിക്കുന്ന ആനന്ദും മുന്തിയ സ്‌കൂളിൽ പഠിക്കുന്ന ജൂണും (രജിഷ വിജയൻ). സ്‌കൂൾ വിട്ടുപോകുന്ന ജൂണിനെക്കാണാൻ ആനന്ദ് എന്നും ചങ്ങാതിക്കൊപ്പം എത്തും. അവൾ സഹപാഠികളോട് ചിരിക്കുന്നതും സംസാരിക്കുന്നതുമൊക്കെ തന്നോടാണെന്ന് സങ്കൽപിച്ച് നോക്കി നിൽക്കുന്ന ആനന്ദ്. യൂണിഫോമിട്ട്, സിപ്പപ്പ് കഴിച്ച്, ജൂണിനെ നോക്കിച്ചിരിക്കുന്ന അർജുൻ അശോകനെ കാണാൻ എന്തൊരു നിഷ്‌കളങ്കതയാണ്. പക്ഷേ, ജൂൺ അവനെ ഒരിക്കലും തിരിഞ്ഞുപോലും നോക്കുന്നില്ല.
അവനോടൊപ്പം അവന്റെ പ്രണയവും വളരുകയായിരുന്നു. കടയിൽനിന്ന് സാധനങ്ങൾ വാങ്ങിവരുന്ന ജൂണിനെ അവൾ പോലും അറിയാതെ സൈക്കിളിൽ പിൻതുടരുന്ന ചുള്ളനായ ആനന്ദ്. അവൾ പഠിച്ച കോളേജിൽത്തന്നെ ചേർന്ന് അവൾ കൂടെയുണ്ടെന്ന വിശ്വാസത്തിൽ ഓരോ ദിവസവും കഴിയുന്ന ആനന്ദ്. ഇടയ്ക്ക് വച്ച് ജൂണിന്റെ അച്ഛൻ അവനെ ചെറുതായൊന്നു പെരുമാറി വിടുന്നു. പിന്നീട് ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിൽപ്പെട്ട് പല പണികൾ ചെയ്യുന്നു ഒടുക്കം കഷ്ടപ്പെട്ട് പഠിച്ച ആനന്ദിന് പോലീസിൽ ജോലി കിട്ടുന്നു. പഠിപ്പും ജോലിയുമൊക്കെയായി ദൂരെയായ ജൂണിനെ എന്നെങ്കിലും വീണ്ടും കണ്ടുമുട്ടുമെന്ന് അവൻ പ്രതീക്ഷിക്കുന്നുണ്ട്.
പിന്നീട്, പ്രേമം പൊട്ടി മനസ്സ് മടുത്ത് വെള്ളമടിച്ച് പോലീസ് സ്റ്റേഷനിലെത്തുന്ന ജൂണിനെ, ആനന്ദ് വീട്ടിലേക്ക് കൊണ്ടുപോകുന്നു. അവിടെ അവന്റെ അമ്മയുണ്ട് (ഷൈനി സാറ). കാര്യങ്ങളെല്ലാമറിയാവുന്ന അമ്മ ജൂണിന് ആനന്ദ് കാണാതെ അവൻ അവൾക്കെഴുതിയ കത്തുകൾ കാണിച്ചുകൊടുക്കുന്നു. അക്കൂട്ടത്തിൽ ചോര കൊണ്ട് എഴുതിയ കത്തുമുണ്ടായിരുന്നു. ചോരയ്ക്കായി കൈ മുറിച്ചിട്ട് ചോര നിൽക്കാതെ അവൻ കരഞ്ഞ കാര്യം പറഞ്ഞ് അവർ ചിരിക്കുന്നു. ആ കത്തുകളൊന്നുപോലും അവൻ ജൂണിന് കൊടുത്തിരുന്നില്ല. അമ്മ ജൂണിന് കത്തുകൾ കാണിക്കുന്നത് കണ്ട് അവൻ ഓടിവന്ന് അത് വാങ്ങിവയ്ക്കുന്നു. അവൾക്ക് കുളിക്കാൻ തോർത്തും സോപ്പും കൊടുത്ത്, കുളിമുറിയിൽ ഒളിക്യാമറ വച്ചിട്ടുണ്ട് എന്ന് കളി പറയുന്നു. പരസ്പരം കൂട്ടുകാരെപ്പോലെ കഴിയുന്ന ആ അമ്മയ്ക്കും മകനുമൊപ്പം ആ വീട്ടിലെ ജീവിതം ജൂണിന് സ്വർഗമാകുമെന്ന് പ്രേക്ഷകർക്ക് തോന്നിപ്പോകും.
തുടർന്ന് അവളോടൊപ്പം സഞ്ചരിക്കാനുള്ള കൊതി കൊണ്ട് അവൻ അവൾക്കൊപ്പം ബസിൽ യാത്ര തിരിക്കുന്നു. അവനപ്പോഴും അവളെ ഇഷ്ടമാണെന്ന് മനസ്സിലാക്കിയ ജൂൺ ചോദിക്കുന്നുണ്ട്: 'ഒരിക്കലും നിന്നെ ഒന്നു മൈൻഡുപോലും ചെയ്യാത്ത, ഒന്നു ചിരിക്കുക പോലും ചെയ്യാത്ത എന്നെ നിനക്ക് എങ്ങനെയാണ് ഇത്ര ഇന്റൻസായി സ്‌നേഹിക്കാൻ കഴിയുന്നത്?' അതിന് ആനന്ദ് പറയുന്നത്, 'ആരുപറഞ്ഞു നീ എന്നെ നോക്കി ചിരിച്ചില്ലെന്ന്' എന്നാണ്. അതുകേട്ട് താനെപ്പോഴാണ് ആനന്ദിനോട് ചിരിച്ചതെന്ന്് ചിന്തിക്കുന്ന ജൂൺ. അവൾക്കറിയില്ലല്ലോ അവൾ ആരോട് ചിരിച്ചാലും അതവന്റെ ഹൃദയത്തിലാണ് മഞ്ഞുവീഴ്ത്തുന്നതെന്ന്. എത്ര മനോഹരമാണ് ആനന്ദിന്റെ പ്രണയം. തിരിച്ചുകിട്ടില്ലെന്ന് അറിഞ്ഞിട്ടും അയാൾ ജൂണിനെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു.
പിന്നീട് അവളെ സുരക്ഷിതമായി വീട്ടിലെത്തിച്ച് മടങ്ങുമ്പോഴേക്കും അവൻ അവളുടെ മനസ്സിൽ കയറിക്കൂടിക്കഴിഞ്ഞിരുന്നു. കുറച്ചുനാൾ പരസ്പരം പ്രണയിച്ചെങ്കിലും ജൂണിന്റെ ഭാഷയിൽ പറഞ്ഞാൽ അത് അത്രയ്ക്ക് വർക്ക് ഔട്ടായില്ല. എങ്കിലും അവർ തമ്മിൽ ശത്രുതയൊന്നുമില്ല. പുത്തൻ ഷർട്ടിട്ട്, കണ്ണിലും മുഖത്തും പ്രണയം തുളുമ്പുന്ന അർജുൻ അശോകനെ കാണാൻ എന്തു രസമാണ്.
സിനിമ അവസാനിക്കുമ്പോൾ ജൂണിന്റെ കല്യാണമാണ്. അക്കൂട്ടത്തിൽ അവൾ പ്രണയിച്ചവരും അവളെ പ്രണയിച്ചവരും ഉണ്ട്. അപ്പോഴും ചുണ്ടത്ത് അതേ സ്‌നേഹച്ചിരിയുമായി ആനന്ദ് അവിടെത്തന്നെയുണ്ട്. കൂടെ അവന്റെ പങ്കാളിയും. നിറഞ്ഞ മനസ്സോടെ അവൻ ജൂണിന് ആശംസ നേരുകയാണ്. പണ്ടത്തെ ആ കള്ളച്ചിരിയോടെ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: arjun ashokan as anand in malayalam movie june and his love for june
Published: 02 Jul 2025, 01:55 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented