
'മണിവത്തൂരിലെ ആയിരം ശിവരാത്രികൾ' എന്ന സിനിമയിൽനിന്ന്
മമ്മൂട്ടിക്ക് പ്രണയം അഭിനയിക്കാൻ അറിയില്ലെന്ന് പറയുന്നവരുണ്ട്. അക്കാര്യത്തിൽ ഒരു വാദപ്രതിവാദത്തിന് ഞാനില്ല. കാരണം ഓരോ മനുഷ്യരും വ്യത്യസ്തരല്ലേ. അപ്പോൾ പ്രണയവും വ്യത്യസ്തമായിരിക്കുമല്ലോ. എങ്കിലും മമ്മൂട്ടി അടിമുടി പ്രണയമായി വന്ന് കരയിപ്പിച്ചുപോയ ഒരു ചിത്രമുണ്ട്. ഫാസിൽ സംവിധാനം ചെയ്ത 'മണിവത്തൂരിലെ ആയിരം ശിവരാത്രികൾ'. അതിലെ ഡോക്ടർ വിനയനും (മമ്മൂട്ടി) നീനയും (സുഹാസിനി) എക്കാലവും ഓർമിക്കപ്പെടുന്ന ജോഡികളാണ്.
ഊട്ടിയിലെ ഹോസ്പിറ്റലിൽ പുതുതായി ചാർജെടുത്ത മലയാളി ഡോക്ടർ. ഹാൻസം, പാവം, നല്ലവൻ. അങ്ങനെയാണ് നീനയുടെ ചേട്ടൻ വിനയനെക്കുറിച്ച് പറയുന്നത്. ആ ഹോസ്പിറ്റലിലെ തന്നെ ഡോക്ടറാണ് നീനയുടെ ചേട്ടൻ ജോസ് (ദേവൻ). കറുത്ത സ്‌കാർഫ് ചുറ്റി നീനയെ പള്ളിയിൽ വച്ച് കണ്ടപ്പോൾത്തന്നെ വിനയന് ഇഷ്മാകുന്നു. അതറിയാതെ വിനയന് വേണ്ടി യോജിച്ച വധുവിനെ തേടുന്ന നീന.
ഡോക്ടർക്ക് എങ്ങനത്തെ പെണ്ണാണ് വേണ്ടതെന്ന് നീന ചോദിക്കുമ്പോൾ വിനയൻ പറയുന്നു: നീനയ്ക്ക് ഇഷ്ടമുള്ള ഏത് പെൺകുട്ടിയേയും എനിക്ക് വേണ്ടി തിരഞ്ഞെടുക്കാം. പക്ഷേ, നീന എനിക്കുവേണ്ടി തിരഞ്ഞെടുക്കുന്ന പെൺകുട്ടി നീന തന്നെ ആവണമെന്നാണ് എന്റെ ആഗ്രഹം. എത്ര റൊമാന്റിക്കായ പ്രൊപ്പോസൽ. അതിന് നോ പറഞ്ഞ് പോയ നീന പിന്നീട് ഡാഡിയേയും (സോമൻ) ചേട്ടനേയും പറഞ്ഞ് സമ്മതിപ്പിക്കുന്നു. അവരുടെ കല്യാണം നടക്കുന്നു. വിനയന്റെ നാടായ മണിവത്തൂരിലേക്ക് അവർ അമ്മയെ കാണാൻ പോകുന്നു. നാണിച്ചുനിൽക്കുന്ന അമ്മയേും നീനയേയും എത്ര മനോഹരമായാണ് വിനയൻ ചേർത്തുവയ്ക്കുന്നത്.
നീനയ്ക്ക് വിനയനൊപ്പം മണിവത്തൂരിൽ ആയിരം ശിവരാത്രികൾ കാണണമെന്ന് ആവശ്യപ്പെടുന്നു. മരിച്ചാൽ തന്നെ അവിടെ അടക്കണമെന്നും പറഞ്ഞ് സമ്മതിപ്പിക്കുന്നു. പിന്നീട് മാറോടടുക്കിപ്പിടിച്ച് വളർത്താൻ ഒരു പെൺകുഞ്ഞിനെ വിനയന് കൊടുത്തിട്ട്, ഒരപകടത്തിൽ നീന മരിക്കുന്നു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന വിനയന് കാൽ നഷ്ടപ്പെടുന്നു. ശേഷം കാലം വിനയൻ നീനയെ അടക്കിയ മണിവത്തൂരിൽ ചെലവഴിക്കുന്നു. ഒപ്പം വിനീത എന്ന് പേരിട്ട മകളും.
ഊട്ടിയിൽ നീനയുടെ പേരിൽ ഹോസ്പിറ്റൽ പണിയാനും, നീനയുടെ വീട്ടിൽ വിനീതയ്ക്കൊപ്പം താമസിക്കാനും ജോസും ഡാഡിയും ആവശ്യപ്പെട്ടപ്പോൾ വിനയൻ സമ്മതിക്കുന്നില്ല. അതവന്റെ സ്വാർത്ഥതയും തന്നിഷ്ടവുമായാണ് അവർ കാണുന്നത്. എന്നാൽ തന്നെ മണിവത്തൂരിൽ അടക്കണമെന്നതും വിനീതയെ മറ്റാർക്കും കൈമാറാതെ വളർത്തണമെന്നതും നീനയുടെ ആഗ്രഹമായിരുന്നു. അത് അക്ഷരംപ്രതി അനുസരിക്കുകയാണ് വിനയൻ ചെയ്തത്.
വെള്ളയും വെള്ളയും ധരിച്ച മമ്മൂട്ടി, ഊട്ടിയിലെ തണുപ്പിൽ കഴുത്തിൽ ഷാൾ ചുറ്റി സ്വർണച്ചിറകുള്ള പക്ഷിയെത്തേടി നടക്കുന്ന മമ്മൂട്ടി. സുഹാസിനിയെ പ്രേമപൂർവം നോക്കുമ്പോൾ ആ കണ്ണുകളിൽ വിരിയുന്ന പ്രണയം. തിരസ്‌കാരത്തിൽ കണ്ണിൽ കിനിയുന്ന നിരാശ. എന്തുരസമുള്ള ജോഡിയായിരുന്നു അവർ. സുഹാസിനി ഒരു ഇന്റർവ്യൂവിൽ പറഞ്ഞ് കേട്ടിട്ടുണ്ട്. നീന മരിച്ചുകിടക്കുന്ന രംഗത്ത് മമ്മൂട്ടിയുടെ കരച്ചിൽ കേട്ട്, ഡെഡ് ബോഡിയായിക്കിടന്ന താൻപോലും കരഞ്ഞുപോയി എന്ന്. അതായിരുന്നു മമ്മൂട്ടി.
കന്യാകുമാരി കടൽക്കരയിൽവച്ച് നീന തനിക്ക് സൂര്യന്റെ ഒരു കഷണം വേണമെന്ന് പറഞ്ഞപ്പോൾ ഒന്ന് നിൽക്കണേ, ഒരു കഷണം തന്നിട്ട് പോകൂ എന്ന് പറഞ്ഞ് വിനയൻ സൂര്യനുനേരെ ഓടുന്ന ഒരു രംഗമുണ്ട്. വിനയന് നീനയോടുള്ള സ്നേഹത്തിന്റെ ആഴം ആ കടലുപോലെ അനന്തമായിരുന്നു. അമ്മയായ സുകുമാരിക്കയച്ച കത്തിൽ വിനയൻ എഴുതുന്നത് എനിക്കിവിടെ ഒരു പക്ഷിയെ ഇഷ്ടമാണെന്നാണ്. നീനയുടെ മരണശേഷവും അവളെ മാത്രം ഓർത്തുജീവിക്കുന്ന വിനയൻ. അയാളായിരുന്നു പ്രണയത്തിന്റെ യഥാർത്ഥപക്ഷി. അയാൾ നീനയെയോർത്ത് പാടുകയാണ്:
എന്നും നിനക്കുള്ളതല്ലേ
എന്റെ നെഞ്ചിലെ പാട്ടിന്റെ പാൽക്കിണ്ണം.…
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: manivathoorile aayiram sivarathrikal movie is a timeless tale of love and loss
Published: 24 Jun 2025, 10:49 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented