
ഞാനും അമ്മയും സിനിമ കാണാൻ ടിവിക്കു മുൻപിൽ അടയിരിക്കുമ്പോഴൊക്കെ എന്തൊക്കെയോ വീട്ടുകാര്യങ്ങളിൽ മുഴുകിയിരിക്കുമായിരുന്നു അച്ഛൻ. ''അച്ഛാ, സിനിമ കാണാൻ വാ'' എന്ന് വിളിച്ചാലും വരില്ല. അച്ഛനിതിലൊന്നും താത്പര്യമില്ല എന്ന് ഞാനതിനർഥം കണ്ടു. ഒരുവേള മനസ്സിൽ പുച്ഛിക്കുകപോലും ചെയ്തു. എന്നാൽ രാത്രി ജോലികളെല്ലാം കഴിഞ്ഞ് കുറച്ചുനേരം നെഞ്ചത്ത് റേഡിയോയും വച്ച് പാട്ട് കേൾക്കുമായിരുന്നു അച്ഛൻ. അപ്പോൾ അച്ഛന്റെ ചൂടുപറ്റിയിരുന്ന് ഞാനും പാട്ടുകൾ കേൾക്കും. കാണാത്ത ചിത്രങ്ങളുടെ പേരുകളും പാട്ടുകാരുടെ പേരുകളും മനസ്സിലുരുവിടും. യേശുദാസും ജാനകിയമ്മയുമൊക്കെ എന്റെയും മനസ്സ് നിറയ്ക്കും.
അങ്ങനെയൊരുദിവസമാണ് 'മാടപ്രാവേ വാ...'എന്നൊരു പാട്ട് അക്കൂട്ടത്തിൽ കേട്ടത്. ചിത്രം 'മദനോത്സവം' എന്ന് പറഞ്ഞതുകേട്ടു. ഒ.എൻ.വി. എഴുതിയ ആ പാട്ടിലെ അനുപല്ലവി ഇങ്ങനെയാണ്, 'മാരിയിൽ വേനലിൽ കൂടെ വരാമോ? മാറിലിളം ചൂടേറ്റു രാവുറങ്ങാമോ ഈ മുളങ്കൂട്ടിൽ മരിക്കുംവരെ കൂട്ടിരിക്കാമോ?' പ്രണയാതുരനായ ഏതോ ഒരു അജ്ഞാതകാമുകനെ ഞാനപ്പോൾ മനസ്സിൽ കണ്ടു. അപ്പോഴാണ് അച്ഛൻ പറയുന്നത്: അത് കമലഹാസൻ അഭിനയിച്ച ചിത്രമാണെന്ന്. മാത്രമല്ല കമലഹാസനെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്തു. പണ്ട്, കിട്ടിയ പൈസ കൂട്ടിവച്ച് റിലീസിന്റെ അന്ന് നസീറിന്റെയും സത്യന്റെയും സിനിമകൾ കണ്ട കഥകളും അച്ഛൻ പങ്കിട്ടു. അതുകേട്ട് ഞാൻ കണ്ണുമിഴിച്ചിരുന്നു. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കുന്നിതിനിടയിൽ സിനിമാക്കൊതി അച്ഛൻ കൊട്ടയിലിട്ടതായിരുന്നെന്ന് ഞാൻ വേദനയോടെ മനസ്സിലാക്കി. അച്ഛൻ അന്ന് ഞാൻ കരുതിയതുപോലെ ഒരു സ്റ്റീഫൻ നെടുമ്പള്ളി അല്ല അബ്രാം ഖുറേഷി തന്നെയാണെന്ന് ഇന്നെനിക്കറിയാം.
പിന്നീട് വീണ്ടും ഒരുപാടുനാൾ കഴിഞ്ഞാണ് ആ സിനിമ ഞാൻ കാണുന്നത്. രാജു എന്ന പണക്കാരനായ, കാറോട്ടക്കാരനായ, നന്നായി പഠിക്കുന്ന സർവ്വോപരി കാമുകിയെ ജീവന് തുല്യം സ്നേഹിക്കുന്ന കമലഹാസനെന്ന നായകനെ അന്നെനിക്ക് ഒരുപാടിഷ്ടമായി. പിന്നീടങ്ങോട്ട് കമലഹാസന്റെ കുറേ സിനിമകൾ കണ്ടെങ്കിലും മനസ്സിൽ വരുന്ന ആദ്യമുഖം മദനോത്സവത്തിലേതാണ്.
എൽസ വളരെ സുന്ദരിയാണെന്ന് പറഞ്ഞ്, ഒരു റോസാപ്പൂവുംകൊടുത്ത് നാണിച്ചോടി മറയുന്ന കമലഹാസൻ, ഒരു റോസാപുഷ്പം പോലെ തുടുത്ത സറീന വഹാബ്. എത്ര സുന്ദരജോടികൾ എന്ന് അന്നെന്റെ ഇളം മനസ്സ് പറഞ്ഞു. ടെലഫോൺ ബൂത്തിൽനിന്ന് തുടരെത്തുടരെ താൻ സ്നേഹിക്കുന്നവളെ ഫോൺ ചെയ്യുന്ന കമലഹാസൻ. ആ തുടുത്ത കവിളിലെ പ്രേമം. കണ്ണുകളിലെ കുസൃതി. ആഹാ, കമലഹാസൻ ആളൊരു കില്ലാടി തന്നെ!
ആ സിനിമയിൽ ഒരു ബെൽബോട്ടം പാൻസും അയഞ്ഞ ഷർട്ടുമാണ് വേഷം. വിലപിടിപ്പുള്ള ബൈക്കിൽ സഞ്ചാരം. പണക്കാരനായ അച്ഛന്റെ മകനെന്ന അഹങ്കാരം തെല്ലുപോലും അടുത്തുകൂടി പോയിട്ടില്ലാത്ത നല്ലവനായ നായകൻ. അതായിരുന്നു എനിക്കന്ന് കമലഹാസൻ. മകളെ കല്യാണം കഴിച്ചുതരാമോയെന്ന് സെറീനയുടെ അച്ഛനോട് (ശങ്കരാടി) ചോദിക്കുന്ന രംഗത്ത് അത്രയേറെ നിഷ്‌കളങ്കനായ ഒരു ചെറുപ്പക്കാരനെ മാത്രമേ കാണാനാകൂ. കലിപ്പനും കാന്താരിയുമൊന്നും അക്കഥയിലില്ല. എതിർപ്പുകൾ മറികടന്ന് പ്രേമിച്ചവളെത്തന്നെ വിവാഹം കഴിക്കുന്ന രാജു. പിന്നീടങ്ങോട്ട് അവരുടെ സ്നേഹത്തിന്റെ ആരെയും മോഹിപ്പിക്കുന്ന ദിനങ്ങൾ. ഒടുവിൽ താൻ ജീവനുതുല്യം സ്നേഹിക്കുന്ന എൽസയ്ക്ക് ക്യാൻസറാണെന്നറിയുന്ന രാജു. മരിക്കും വരെ അവൾക്ക് കൂട്ടിരിക്കുന്ന രാജു.
ഒരു പക്ഷേ, ഈ സിനിമ നിങ്ങൾ മറന്നുപോയാലും ഇതിലെ 'സന്ധ്യേ..കണ്ണീരിതെന്തേ' എന്ന പാട്ട് മറന്നിട്ടുണ്ടാവില്ല. പേര് സന്ധ്യ എന്നായതുകൊണ്ട് ഒരുപാട് കാലം ആൺകുട്ടികൾ എന്നെ ആ പാട്ടുപാടി കളിയാക്കുമായിരുന്നു. അപ്പോഴൊക്കെ എന്റെ കണ്ണിൽ നനവ് പടരും. ഞാനൊരു തൊട്ടാവാടിയായിരുന്നു അന്ന്. എന്നാൽ എനിക്കിപ്പോൾ സംശയം തോന്നുന്നു, അസുഖം ബാധിച്ച്, സന്ധ്യയ്ക്കു വാടിപ്പോയ പൂവ് പോലെയുള്ള സെറീനയുടെയും ചൊടിയും ചുണയും ആഹ്ലാദവും നഷ്ടപ്പെട്ട കമലഹാസന്റെയും മുഖമോർമ്മവന്നിട്ടായിരിക്കുമോ ഞാനന്ന് കരഞ്ഞിരുന്നത്. എന്തായാലും എന്റെ മനസ്സിലെ ഉലകനായകന് ഒരു മാടപ്രാവിന്റെ ഹൃദയമാണ്. വസന്തകാലത്തെ കൈനീട്ടി വിളിക്കുന്ന കൊച്ചുകാമുകന്റെ മുഖവും. ഒപ്പം ഒന്നുകൂടി എനിക്കു കാണാം, ഇതുവായിക്കുമ്പോൾ, കമലഹാസനെ ഓർത്തിട്ടാണോ എന്നെയോർത്തിട്ടാണോയെന്നറിയില്ല അടക്കിച്ചിരിക്കുന്ന അച്ഛന്റെ മുഖവും.
Content Highlights: column on evergreen heroes in malayalam cinema
Published: 02 Apr 2025, 04:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented