വയനാട്ടില്‍ വിളഞ്ഞ സുഗന്ധദ്രവ്യങ്ങള്‍ അടുക്കിനിരത്തിയ കപ്പല്‍ത്തട്ടുകള്‍ തലശ്ശേരിയില്‍നിന്ന് അറബിക്കടല്‍വഴി പടിഞ്ഞാറേക്ക് കുതിച്ച കാലമുണ്ടായിരുന്നു. ഗ്രീക്ക്-റോമന്‍ സാമ്രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്ന തുറമുഖം പിന്നീട് ചൈനയില്‍നിന്നും അറേബ്യയില്‍നിന്നും വന്ന കപ്പലുകളെയും ജൂതക്കച്ചവടച്ചരക്കുകളെയും സ്വാഗതംചെയ്തു. പറങ്കികളും ഡച്ചുകാരും ഫ്രഞ്ചുകാരും കണ്ണുവെച്ച നാടിനെ ഒടുവില്‍ വരുതിയിലാക്കിയത് ബ്രിട്ടീഷുകാര്‍. അങ്ങനെ, തലശ്ശേരി ടെല്ലിച്ചേരിയായി. 1883-ലെ ക്രിസ്മസ് കാലത്ത് ടെല്ലിച്ചേരിയിലാണ് ഇന്ത്യയിലെ ആദ്യ കേക്കിന്റെ തിരുപ്പിറവി. നൂറ്റിനാല്പതു വര്‍ഷത്തിനിപ്പുറം കേക്ക് നിര്‍മിച്ച മമ്പള്ളി ബാപ്പുവിന്റെയും അതിന് കാരണക്കാരനായ ബ്രൗണ്‍ സായ്പ്പിന്റെയും നാലാംതലമുറ തലശ്ശേരിയില്‍ ഒത്തുചേര്‍ന്നു.

To advertise here,

മധുരക്കഥ

കുളിരുള്ള ഒരു ധനുമാസനാളില്‍ മമ്പള്ളി ബാപ്പുവിന്റെ റോയല്‍ ബിസ്‌കറ്റ് ഫാക്ടറിക്ക് മുന്നില്‍ പൊടിപറത്തിക്കൊണ്ട് ഒരു കുതിരവണ്ടി വന്നുനിന്നു. വണ്ടിയില്‍നിന്ന് ബ്രൗണ്‍ സായ്പ് പുറത്തേക്കിറങ്ങി. അന്ന് ലോകത്തെ ഏറ്റവും വലിയ കറുവാപ്പട്ടത്തോട്ടത്തിന്റെ നടത്തിപ്പുകാരനാണ് സായ്പ്. പത്രാസുകാരനായ പരദേശിപ്രമാണി. ബാപ്പു സായ്പിനെ അകത്തേക്ക് ക്ഷണിച്ചു.

സായ്പ് തന്ന പൊതി കൗതുകത്തോടെ തുറന്ന ബാപ്പുവിന് സംഗതി ഒരു പലഹാരമാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലായി. വീട്ടുരുചിയുടെ മധുരക്കൂട്ടില്‍ ഗൃഹാതുരത്വത്തിന്റെ ഇമ്പം കിനിയുന്ന ഇതുപോലൊരു കേക്ക് സൃഷ്ടിക്കാനാകുമോ എന്നായി സായ്പ്. ഉണക്കമുന്തിരി, കൊക്കോ, ഈന്തപ്പഴം എന്നിങ്ങനെ ചില ചേരുവകള്‍ സായ്പ് ബാപ്പുവിന് നല്‍കി. കേക്കുനിര്‍മാണത്തിന്റെ ഏകദേശ വിധിയും പറഞ്ഞുകേള്‍പ്പിച്ചു. കേക്കിന്റെ കൂട്ടൊരുക്കാന്‍ മയ്യഴിയില്‍നിന്ന് ഫ്രഞ്ച് ബ്രാണ്ടി കൊണ്ടുവരാനും നിര്‍ദേശിച്ചു.

placeholder
മമ്പള്ളി കുടുംബത്തോടൊപ്പം പോള്‍ ബ്രൗണും കുടുംബവും

വന്നെത്തിയ മധുരാവസരം ബാപ്പു വിട്ടില്ല. സായ്പിനോട് പത്തുദിവസത്തെ സമയമാവശ്യപ്പെട്ടു. നാട്ടുവിപണിയിലെ സുഗന്ധദ്രവ്യങ്ങളും പഴങ്ങളും ധാന്യങ്ങളും ബോര്‍മയിലെത്തിച്ച് പരീക്ഷണമാരംഭിച്ചു. പല ചേരുവകള്‍ വ്യത്യസ്ത അളവുകളില്‍ കൂട്ടിയിണക്കി രുചിച്ചുനോക്കി. കറുവാപ്പട്ടയും ജാതിക്കയും ഏലവും ഗ്രാമ്പൂവും പൊടിച്ചുപാകി രുചിത്തറ കെട്ടി. കദളിപ്പഴവും പറങ്കിമാങ്ങയും ആപ്പിളും ചേര്‍ത്ത, ഫ്രഞ്ചുകള്ളിനെക്കാള്‍ വീറും രുചിയുമുള്ള നാടന്‍വാറ്റ് ചാലിച്ച്, പ്ലം കേക്കിന്റെ പറുദീസയൊരുക്കി. ഇന്ത്യന്‍ മണ്ണില്‍ ജനിച്ച ആദ്യ കേക്ക്.

ബാപ്പുവിന്റെ പത്തുനാള്‍ നീണ്ട വ്രതസമര്‍പ്പണത്തിന് ഫലം കണ്ടു. കേക്ക് രുചിച്ച സായ്പ് സ്വദേശത്തിന്റെ ചുവയറിഞ്ഞു. അക്കൊല്ലത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കുള്ള കേക്കുകള്‍ ബാപ്പുവിന്റെ കടയില്‍നിന്നുതന്നെ വേണമെന്ന് ആവശ്യപ്പെട്ടിട്ടാണ് സായ്പ് മടങ്ങിയത്. 

മമ്പള്ളി മഹിമ 

1880-ലാണ് മമ്പള്ളി ബാപ്പു തലശ്ശേരിയില്‍ റോയല്‍ ബിസ്‌കറ്റ് ഫാക്ടറി തുറക്കുന്നത്. ബര്‍മയില്‍നിന്ന് പഠിച്ചെടുത്ത ബേക്കിങ് കല തന്റെ ഭാവനയും പ്രതിഭയും ചേര്‍ത്ത് ബാപ്പു മൊരിച്ചെടുത്തു. മിനുത്ത, പതുപതുത്ത, നറുനെയ്മണമുള്ള ബിസ്‌കറ്റുകള്‍ വിറകടുപ്പില്‍ ചുട്ടെടുത്തു. പല വലുപ്പത്തിലും ചേരുവയിലും നാല്പതോളം തരം ബിസ്‌കറ്റുകള്‍, റസ്‌കുകള്‍ എന്നിവ റോയല്‍ ബിസ്‌കറ്റ് ഫാക്ടറിയിലെ കണ്ണാടിത്തട്ടുകള്‍ നിറച്ചു. കൊതിപിടിച്ച അറബിക്കടല്‍ തിര നീട്ടി കര തൊട്ടു. ശര്‍ക്കരമധുരവും എണ്ണക്കടിയും പരിചയിച്ച മലയാളിക്ക് കറുമുറാ കടിക്കുന്ന പുതിയ പലഹാരങ്ങള്‍ ആദ്യം കൗതുകമായിരുന്നു. ബാപ്പുവിന്റെ കൈപ്പുണ്യം അതൊരു ശീലമാക്കി. കടല്‍ മുറിച്ചെത്തിയ പറങ്കികളുടെയും വെള്ളക്കാരന്റെയും വായിലൂടെയും കപ്പലോടാന്‍ തുടങ്ങി.

ബാപ്പുവിന്റെ പിന്‍തലമുറക്കാരനായ ഗോപാലന്‍ ഫാക്ടറിയെ കൂടുതല്‍ ജനകീയമാക്കി. ലോകമഹായുദ്ധത്തില്‍ പങ്കെടുക്കാന്‍ അന്യദേശത്തേക്ക് പോയ സൈനികര്‍ വിരഹദുഃഖത്തോടൊപ്പം ഇവിടത്തെ ബിസ്‌കറ്റുകളും പൊതിഞ്ഞു കൊണ്ടുപോയി. ഈജിപ്തിലും ആഫ്രിക്കയിലും മമ്പള്ളിക്കുടുംബത്തിന്റെ കൈപ്പുണ്യം കടന്നുചെന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് ഇവിടത്തെ രുചിയുടെ രസംപിടിച്ച മേജര്‍ കരിയപ്പ കൂര്‍ഗിലെത്തുമ്പോള്‍ തനിക്ക് ബിസ്‌കറ്റുകള്‍ അയച്ചുതരണമെന്ന് ആവശ്യപ്പെട്ടു.

തലശ്ശേരിയിലെ മമ്പള്ളി ബെസ്റ്റ് ബേക്കറി, കണ്ണൂരിലെ ബ്രൗണീസ് ബേക്കറി, കോഴിക്കോട്ടെ കൊച്ചിന്‍ ബേക്കറി, തിരുവനന്തപുരത്തെ ശാന്താ ബേക്കറി, തിരുവല്ലയിലെ മമ്പള്ളി ബെസ്റ്റ് ബേക്കറി, കോട്ടയത്തെ മമ്പള്ളി ബെസ്റ്റ് ബേക്കറി, ലാ ബെസ്റ്റ് ബേക്കറി... പല ബ്രാന്‍ഡുകളായി കേരളത്തില്‍ അങ്ങോളമിങ്ങോളവും അയല്‍ സംസ്ഥാനങ്ങളിലും മമ്പള്ളിക്കുടുംബം ഇന്നും പാരമ്പര്യരുചി വിളമ്പുന്നു.

പോള്‍ ബ്രൗണിന്റെ പിന്‍നടത്തം

ബ്രൗണ്‍കുടുംബത്തിലെ നാലാംതലമുറക്കാരനായ പോള്‍ ബ്രൗണിനെ കേരളത്തിലെത്തിക്കുന്നത് അഴകുള്ള ആകസ്മികതയാണ്. ഇംഗ്ലണ്ടിലെ സഫോക്കില്‍ ഡെന്റിസ്റ്റായി ജോലിചെയ്യുന്ന പോള്‍, തന്റെ കുടുംബത്തിന് കേരളവുമായുണ്ടായിരുന്ന അടുപ്പവും മമ്പള്ളി കുടുംബവുമായുണ്ടായിരുന്ന ആത്മബന്ധവും മനസ്സിലാക്കുന്നത് അച്ഛനില്‍നിന്നാണ്.

സ്‌കോട്ലന്‍ഡുകാരനായ മര്‍ഡോക് ബ്രൗണ്‍ എന്ന വ്യാപാരിയാണ് ബ്രൗണ്‍ കുടുംബചരിത്രത്തെ കേരളവുമായി ഏച്ചുകെട്ടുന്നത്. ഓസ്ട്രിയയ്ക്കും ഡച്ചുകാര്‍ക്കും വേണ്ടി കേരളത്തില്‍ കച്ചവടത്തിനെത്തിയ മാര്‍ഡൊക് അതിവേഗം മലയാളം പഠിച്ചെടുത്തു. മലയാളത്തിലെ പ്രാദേശിക വാമൊഴികള്‍പോലും മര്‍ഡൊക്കിന് വഴങ്ങി. ഏലം, ജാതി, കുരുമുളക്, കാപ്പി... 500 ഏക്കറില്‍ പൊന്നുവിളഞ്ഞ അഞ്ചരക്കണ്ടി പ്ലാന്റേഷന്‍ 99 വര്‍ഷത്തേക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മര്‍ഡൊക്കിന് പാട്ടത്തിന് നല്‍കി. 1865-ല്‍ അഞ്ചരക്കണ്ടിയില്‍ കേരളത്തിലെ ആദ്യ സബ് രജിസ്ട്രാര്‍ ഓഫീസ് തുടങ്ങുന്നതുതന്നെ ബ്രൗണ്‍കുടുംബത്തിന്റെ സ്വത്തുക്കള്‍ തിട്ടപ്പെടുത്താനാണ്. ഈ കുടുംബത്തിലെ ഒരംഗമാണ് ബാപ്പുവിനെ വന്നുകണ്ട് കേക്ക് നിര്‍മിക്കാന്‍ പ്രേരണയാകുന്നത്.

placeholder
ബ്രൗണീസ് ബേക്കറി ലോകത്തെ ഏറ്റവും വലിയ കേക്ക് നിര്‍മിച്ച് ഗിന്നസ് റെക്കോഡിട്ട വാര്‍ത്ത ഇന്റര്‍നെറ്റിലൂടെ പോളിലേക്കെത്തി. പഴങ്കഥയില്‍ പറഞ്ഞുകേട്ട മമ്പള്ളി ബാപ്പുവിന്റെ പേര് കണ്ണിലുടക്കിയതും പഴയ രുചിയും അടുപ്പവും പുനഃസൃഷ്ടിക്കണം എന്ന് പോള്‍ തീരുമാനിച്ചു. കടല്‍ കടന്നുവന്ന പോളിന്റെ സ്‌നേഹം മമ്പള്ളി കുടുംബം പതിന്മടങ്ങായി മടക്കി. ചരിത്രം പങ്കിട്ട രണ്ട് കുടുംബത്തിന്റെ, സംസ്‌കാരത്തിന്റെ കൂടിച്ചേരല്‍. പോള്‍ സകുടുംബം തലശ്ശേരിയിലെത്തി. സ്‌നേഹമധുരം പങ്കുവെച്ചു.

ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്ക് പിറന്നിട്ട് 140 വര്‍ഷം തികയുന്ന വേളയില്‍ ഭാര്യ ഷേള്‍ മക്കളായ എലനോര്‍, സാം, ഭാര്യാസഹോദരി അമാന്‍ഡ എന്നിവര്‍ക്കൊപ്പമാണ് പോളിന്റെ വരവ്. 
അഞ്ചരക്കണ്ടി പ്ലാന്റേഷന്‍, സബ് രജിസ്ട്രാര്‍ ഓഫീസ്, കാര്‍ഷിക സഹകരണ ബാങ്ക്... മുന്‍ഗാമികളുടെ കാല്‍പ്പാടുകള്‍ തിരഞ്ഞ് പോളും കുടുംബവും. അവരെ പഴയകാലത്തിലേക്ക് കൈപിടിച്ചുനടത്താന്‍ മമ്പള്ളി കുടുംബം. കേക്കിനെ അതിശയമാക്കുന്ന വീഞ്ഞുപോലെ കാലമേറിയപ്പോള്‍ വീര്യമേറിയ സൗഹൃദം.

വേരുറപ്പ്   

മമ്പള്ളി കുടുംബവീട് സന്ദര്‍ശിക്കുന്നതിനുമുന്‍പ് ബ്രൗണ്‍കുടുംബത്തെ അടക്കംചെയ്ത സെന്റ് ജോണ്‍ ആംഗ്ലിക്കന്‍ പള്ളിസെമിത്തേരിയില്‍ പോളും കുടുംബവുമെത്തി. തലശ്ശേരി കോട്ടയുടെ നിഴലില്‍ കടലമ്മയുടെ ചൂട് പറ്റി ചരിത്രം ഉറങ്ങിക്കിടക്കുന്നു. കാലവും കാലാവസ്ഥയും അടര്‍ത്തിയെടുത്ത അക്ഷരങ്ങള്‍ക്ക് മുകളില്‍ പോളിന്റെ വിരലുകള്‍ പരതിനടന്നു. കാട് പിടിച്ചെടുത്ത കല്‍ക്കെട്ടുകളില്‍ കേട്ടുപരിചയിച്ച പേരുകള്‍ അയാള്‍ തിരഞ്ഞു. എഡ്വേഡ് ബ്രണ്ണന്‍ ഉറങ്ങുന്ന മണ്ണാണിത്. അകലെ തോമസ് ഹാര്‍വേ ബാബേര്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്നു. ബ്രൗണ്‍കുടുംബത്തിന്റെ ശത്രു. റവന്യൂ ഉദ്യോഗസ്ഥനായും പിന്നീട് സബ് കളക്ടറായും ജില്ലാ ജഡ്ജിയായും ചരിത്രത്തില്‍ ഇടമുള്ളയാള്‍. വീരപഴശ്ശിയെ പിടികൂടിയതിന്റെ പഴിയും പകിട്ടും പേറിയവന്‍.

ബ്രൗണ്‍ എന്ന കുടുംബനാമം ആലേഖനംചെയ്ത ഏതാനും കല്ലറകള്‍ പള്ളിയിലെ കെയര്‍ടേക്കര്‍ സുനില്‍, പോളിന് കാട്ടിക്കൊടുത്തു. കല്ലറകളില്‍ ചിലതിന്മേല്‍ എഴുത്തൊന്നുമില്ല. അടയാളങ്ങള്‍ അവശേഷിപ്പിക്കാതെ മണ്ണോട് ചേര്‍ന്ന മനുഷ്യര്‍ അതിനുള്ളില്‍ ഉറങ്ങിക്കിടന്നു. പോള്‍ മകളെ തോള്‍ച്ചിറകില്‍ ഒതുക്കി. സാമിന്റെ ക്യാമറ നിര്‍ത്താതെ ശബ്ദിച്ചു. പിന്‍ഗാമികളുടെ ഹൃദയപ്രണാമം ഏറ്റുവാങ്ങിയ പ്രകൃതി മൗനപ്രാര്‍ഥനയില്‍ അണിചേര്‍ന്നു.

ഇലച്ചാര്‍ത്തുകളിലേക്ക് മടങ്ങുന്ന പറവച്ചിലപ്പ്. നിഴല്‍തണുപ്പിലൂടെ എല്ലാവരും തിരിച്ചുനടന്നു. പോള്‍ തനിച്ചായി. പായല്‍ പുതച്ച കരിങ്കല്‍മച്ചിന് താഴെ മണ്ണായിത്തീര്‍ന്ന അസ്ഥികളില്‍ ചിരന്തനമായ ജീവാംശം പ്രകമ്പനംകൊണ്ടു. ജനിമൃതികളുടെ അഭംഗചക്രം അണുനേരത്തേക്ക് നിലച്ചു. കോട്ടയുടെ വിളക്കുമാടത്തിന്റെ തലപ്പത്ത് അസ്തമയം ശങ്കിച്ചുനിന്നു. ഭൂമിയില്‍ വേരുകള്‍ തീര്‍ത്ത ചാലുകള്‍ക്കിടയിലൂടെ, ശ്വാസമടക്കി ചെവിയോര്‍ത്ത ഇളംകാറ്റും തിരയും കേള്‍ക്കാതെ പൂര്‍വസൂരികള്‍ അയാള്‍ക്ക് നിത്യതയുടെ രഹസ്യം കൈമാറി. ആത്മാക്കളുടെ മന്ത്രണത്തിന് മുന്നില്‍, യുഗങ്ങളുടെ പരമാര്‍ഥത്തിന് മുന്നില്‍ പോള്‍ നിശ്ശബ്ദനായി. വരം നേടിയ തപസ്വിയെപ്പോലെ മുഗ്ധന്‍.