അമേരിക്കന്‍ റെസ്ലിങ് ഇതിഹാസം ഹള്‍ക്ക് ഹോഗന്റെ വീരകഥകള്‍ പതിറ്റാണ്ടുകളോളം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതാണ്. ടെറി ജീന്‍ ബൊളിയ എന്നാണ് യഥാര്‍ഥപേര്. ഡബ്ല്യുഡബ്ല്യുഇയുടെ മുഖമായിരുന്ന ഹള്‍ക്ക് കരിയറിലെ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയപ്പോഴും വിവാദങ്ങള്‍ എന്നും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 70-ാം വയസ്സില്‍ മൂന്നാംവിവാഹം ചെയ്തത് വലിയ വാര്‍ത്തയുമായിരുന്നു.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആദ്യഭാര്യ ലിന്‍ഡ ഹോഗന്‍ വേദനയോടെ ചില വെളിപ്പെടുത്തലുകളുമായെത്തിയിരിക്കുകയാണ്. 26 വര്‍ഷം നീണ്ട ലിന്‍ഡയുമായുള്ള ആദ്യ വിവാഹബന്ധത്തില്‍ രണ്ട് മക്കളാണ് ഹോഗന്. ഒരു മകനും മകളും. 2007-ലെ ഇരുവരുടെയും വിവാഹമോചനം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വിവാഹമോചനത്തിനുശേഷം, ഹള്‍ക്ക് ഹൊഗന്‍ കുടുംബത്തെ കുഴപ്പത്തിലാക്കിയെന്ന് ലിന്‍ഡ ആരോപിച്ചു.

ഹള്‍ക്ക് ലൈംഗികതയ്ക്ക് അടിമയായിരുന്നുവെന്നും നുണയനായിരുന്നുവെന്നും ലിന്‍ഡ പറയുന്നു. 'കുടുംബത്തെ തകര്‍ത്തത് ഹള്‍ക്കാണ്, 36-കാരിയായ മകള്‍ ബ്രൂക് ഹോഗന്‍ രണ്ട് രക്ഷിതാക്കളില്‍ നിന്നും അകന്നാണ് ഇപ്പോള്‍ കഴിയുന്നത്. അവള്‍ക്ക് ഇരട്ടക്കുട്ടികളുണ്ട്; അവള്‍ വിവാഹിതയായി, അത് ഞങ്ങളോട് പറഞ്ഞില്ല. ടെറിയുമായി അവള്‍ വലിയ വഴക്കുണ്ടാക്കിയിരുന്നു. അതെങ്ങനെ എന്നെ ബാധിച്ചുവെന്ന് എനിക്കറിയില്ല. പക്ഷേ അവള്‍ എന്നെയും അകറ്റി. ഏഴ് വര്‍ഷമായി ഞാന്‍ അവളോട് സംസാരിച്ചിട്ടില്ല'-സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ ലിന്‍ഡ വൈകാരികമായി പറഞ്ഞു. തന്റെ ജീവിതത്തിലെ ഒരേയൊരു സന്തോഷത്തിന്റെ ഉറവിടം മകന്‍ നിക്ക് ഹോഗനാണെന്നും അവര്‍ പറഞ്ഞു. 

2009-ല്‍ ഹള്‍ക്കിനെ ഉപേക്ഷിച്ചതിന്റെ കാരണങ്ങളെക്കുറിച്ചും ലിന്‍ഡ തുറന്നു പറഞ്ഞു. 'എന്റെ വികൃതമായ മുഖവും കരയുന്ന മുഖവുമായി ഞാന്‍ ഒരിക്കലും ഇതുപോലൊരു പോസ്റ്റ് ഇതുവരെ ഇട്ടിട്ടില്ല, പക്ഷേ ടെറിയുമായുള്ള എന്റെ ദാമ്പത്യത്തില്‍ എന്താണ് ഞാന്‍ അനുഭവിച്ചതെന്ന് സത്യസന്ധമായി പറയേണ്ടതുണ്ട്. 20 വര്‍ഷമായി, ഞാന്‍ ഇപ്പോഴും ഇത്ര ദുഃഖിതയാണ്. തിരിച്ചുവന്ന് ഒരു കുടുംബമുണ്ടാക്കാന്‍ ഞാന്‍ അദ്ദേഹത്തിന് ഒരുപാട് അവസരങ്ങള്‍ നല്‍കിയിരുന്നു'-അവര്‍ പറഞ്ഞു.

2009-ല്‍ ലിന്‍ഡയുമായി വേര്‍പിരിഞ്ഞതിനുശേഷം, ഹള്‍ക്ക് 2010-ല്‍ അമേരിക്കന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജെന്നിഫര്‍ മക്ഡാനിയലിനെ വിവാഹം കഴിച്ചു, എന്നാല്‍ 2021-ല്‍ വിവാഹമോചിതനായി. 2023 സെപ്റ്റംബറില്‍, അദ്ദേഹം യോഗ ഇന്‍സ്ട്രക്ടറായ സ്‌കൈ ഡെയ്ലിയെ വിവാഹം കഴിച്ചു.